Categories
Uncategorized

അവസാന ടെസ്റ്റ് കളിക്കുന്ന എൽഗറെ പുറത്താക്കിയ ശേഷം കോഹ്‌ലി ചെയ്തത് കണ്ടോ; ഇതൊക്കെയാണ് ക്രിക്കറ്റിൻ്റെ സൗന്ദര്യം.. വീഡിയോ കാണാം

കേപ്ടൗണിലെ ന്യൂലാണ്ട്സിൽ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൻ്റെ ആവേശകരമായ ആദ്യ ദിനത്തിന് പരിസമാപ്തി. സെഞ്ചുറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഒരു ഇന്നിംഗ്സിനും 32 റൺസിനും ഇന്ത്യയെ കീഴടക്കിയതിൻ്റെ ആത്മവിശ്വാസത്തിൽ എത്തിയ ആതിഥേയരായ ദക്ഷിണാഫ്രിക്ക, ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

9 ഓവറിൽ വെറും 15 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജിൻ്റെ മിന്നൽ പ്രകടനത്തിൽ അവർ തരിപ്പണമായി. 2 വിക്കറ്റ് വീതം വീഴ്ത്തിയ ബുംറയും മുകേഷ് കുമാറും കൂടിയായപ്പോൾ അവരുടെ ഇന്നിങ്സ് വെറും 55 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും 153/4 എന്ന നിലയിൽ നിന്നും 153ന് ഓൾഔട്ട് ആവുകയാണ് ഉണ്ടായത്. ഗിൽ(36), രോഹിത്(39), കോഹ്‌ലി(46) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. 6 താരങ്ങൾ പൂജ്യത്തിന് പുറത്തായി.

ഒന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 62/3 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 36 റൺസ് പിറകിൽ. പരുക്കേറ്റ നായകൻ ടെമ്പ ബവുമയ്ക്ക് പകരം തൻ്റെ അവസാന ടെസ്റ്റ് കളിക്കുന്ന ഡീൻ എല്ഗറാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. തൻ്റെ അവസാന ടെസ്റ്റ് ഇന്നിങ്സിൽ, 28 പന്തിൽ 12 റൺസോടെയാണ് അദ്ദേഹം പുറത്തായത്. മുകേഷ് കുമാറിൻ്റെ പന്തിൽ സ്ലിപ്പിൽ കോഹ്‌ലിക്ക് ക്യാച്ച്.

തുടർന്ന് വിക്കറ്റ് നേട്ടം ആഘോഷിക്കാതെ എല്ഗറിന് ആദരം അർപ്പിക്കാൻ എല്ലാവരോടും ആവശ്യപ്പെടുന്ന കോഹ്‌ലിയുടെ പ്രവർത്തി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. കോഹ്‌ലി അതിനുശേഷം ഓടിയെത്തി അഭിനന്ദിക്കുന്നു, മറ്റ് ഇന്ത്യൻ താരങ്ങളും. ഗാലറി ഒന്നടങ്കം എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ യാത്രയാക്കി.

വീഡിയോ..

Categories
Uncategorized

4,4,4 രാജാവിന് എന്ത് സ്റ്റാർക്ക് ! സ്റ്റാറാവാൻ നോക്കിയ സ്റ്റാർക്കിനെ പഞ്ഞിക്കിട്ട് കോഹ്ലി ; വീഡിയോ കാണാം

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ നീലക്കടലിനെ സാക്ഷിയാക്കി, ഈ വർഷത്തെ ഏകദിനലോകകപ്പിൻ്റെ കലാശപ്പോരാട്ടത്തിന് തുടക്കമായിരിക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ഓസീസ് നായകൻ പാറ്റ് കമിൻസ്, ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇരുടീമുകളും സെമിഫൈനൽ കളിച്ച അതേ ടീമിനെ തന്നെയാണ് ഫൈനലിനും അണിനിരത്തിയിരിക്കുന്നത്.

മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ പതിവുപോലെ ഇത്തവണയും മികച്ച തുടക്കമാണ് നൽകിയത്. എങ്കിലും 31 പന്തിൽ 47 റൺസ് നേടി അദ്ദേഹം പുറത്തായി. ടീം ഇന്ത്യ 10 ഓവറിൽ 81 റൺസ് നേടിയെങ്കിലും 3 മുൻനിര വിക്കറ്റ് നഷ്ടമാക്കി. ഗിൽ, ശ്രേയസ് എന്നിവർ 4 വീതം റൺസ് മാത്രം നേടിയാണ് പുറത്തായിരിക്കുന്നത്.

അഞ്ചാം ഓവറിൽ ഗില്ലിനെ മടക്കിയ മിച്ചൽ സ്റ്റാർക്ക് തുടർന്ന് ഏഴാം ഓവർ എറിയാൻ എത്തിയപ്പോൾ കോഹ്‌ലിയുടെ ബാറ്റിൻ്റെ ചൂടറിഞ്ഞു. ആദ്യ മൂന്ന് പന്തുകളിൽ ഹാട്രിക് ഫോർ നേടി കോഹ്‌ലി നയം വ്യക്തമാക്കി. ആദ്യ പന്തിൽ മിഡ് ഓണിന് മുകളിലൂടെ ബൗണ്ടറി. രണ്ടാം പന്തിൽ മനോഹരമായ ഒരു ഷോട്ടിലൂടെ പോയിൻ്റ് ബൗണ്ടറി കടന്നു. തുടർന്ന് മൂന്നാം പന്തിൽ തൻ്റെ ഏറ്റവും പേരുകേട്ട കവർ ഡ്രൈവിലൂടെ മറ്റൊരു ബൗണ്ടറി.

വീഡിയോ..

Categories
Uncategorized

വില്യംസനെയും ലതാമിനെയും ഷമി ഒറ്റ ഓവറിൽ മടക്കി; കളിയുടെ ഗതി മാറ്റിയ വിക്കറ്റുകൾ.. വീഡിയോ കാണാം

ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പിൻ്റെ ഒന്നാം സെമിയിൽ, ന്യൂസിലണ്ടിനെ 70 റൺസിന് കീഴടക്കി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടക്കുന്ന ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളെ, ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും. ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. ന്യൂസിലൻഡ് ഇന്നിങ്സ് 48.5 ഓവറിൽ 327 റൺസിൽ അവസാനിച്ചു.

അമ്പതാം ഏകദിന സെഞ്ചുറി നേടി ചരിത്രം കുറിച്ച വിരാട് കോഹ്‌ലി(117), 70 പന്തിൽ നിന്നും അതിവേഗ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ(105), പുറത്താകാതെ 80 റൺസ് നേടിയ ഗിൽ, മികച്ച ഇന്നിങ്സ്സുകൾ കളിച്ച നായകൻ രോഹിത് ശർമ(29 പന്തിൽ 47), വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ(20 പന്തിൽ 39) എന്നിവരുടെ മികച്ച പ്രകടനം ഇന്ത്യക്ക് കരുത്തായി. ന്യൂസിലൻഡ് നിരയിൽ ടിം സൗത്തി 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 ഓവറിൽ വഴങ്ങിയത് 100 റൺസ്!

7 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 134 റൺസെടുത്ത ഓൾറൗണ്ടർ ദാരിൽ മിച്ചലിൻ്റെ ഒറ്റയാൾ പോരാട്ടവും നായകൻ കെയ്ൻ വില്യംസൻ്റെ(69) ചെറുത്തുനിൽപ്പും അവരെ വിജയത്തിൽ എത്തിക്കാൻ മാത്രം ഉണ്ടായില്ല. ആദ്യ സ്പെല്ലിൽ ഷമി ഇരു ഓപ്പണർമാരെയും മടക്കിയെങ്കിലും, തുടർന്ന് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കെയ്നും മിച്ചലും 181 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി ഇന്ത്യക്ക് തലവേദന സൃഷ്ടിച്ചിരുന്നു 

ഈ കൂട്ടുകെട്ട് മത്സരം ഇന്ത്യയുടെ കയ്യിൽ നിന്നും തട്ടിയെടുക്കുന്നു എന്ന തോന്നൽ ഉണർത്തിയപ്പോൾ, തൻ്റെ രണ്ടാം സ്പെല്ലിനായി ഷമി വീണ്ടുമെത്തുന്നു. അതിനുമുൻപ് ബൂംറയുടെ ഓവറിൽ കെയ്ൻ നൽകിയ അനായാസ ക്യാച്ച് ഷമി നിലത്തിട്ടിരുന്നു. എങ്കിലും മുപ്പത്തിമൂന്നാം ഓവറിൻ്റെ രണ്ടാം പന്തിൽ ഷമി തന്നെ കെയ്നിനെ പുറത്താക്കി. ഉയർത്തിയടിക്കാൻ ശ്രമിച്ചപ്പോൾ ഡീപ് മിഡ് വിക്കറ്റിൽ സൂര്യകുമാർ യാദവിനു ക്യാച്ച്. തുടർന്ന് ഓവറിലെ നാലാം പന്തിൽ ടോം ലതാമിനെ പൂജ്യത്തിന് വിക്കറ്റിന് മുന്നിൽ കുരുക്കിയും പുറത്താക്കി, ഷമി മത്സരം ഇന്ത്യയുടെ കോർട്ടിലേക്ക് എത്തിച്ചു.

വീഡിയോ..

Categories
Uncategorized

ബെക്കാമുമായി പന്തുതട്ടി വിരാട് കോഹ്‌ലി; മത്സരത്തിന് മുൻപുള്ള സുന്ദരനിമിഷങ്ങൾ.. വീഡിയോ കാണാം

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ, നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് നേടിയത്. വിരാട് കോഹ്‌ലി(117), ശ്രേയസ് അയ്യർ(105) എന്നിവരുടെ തകർപ്പൻ സെഞ്ചുറികൾ ഇന്ത്യക്ക് കരുത്തായി. ശുഭ്മൻ ഗിൽ 80 റൺസോടെയും രാഹുൽ 20 പന്തിൽ 39 റൺസോടെയും പുറത്താകാതെ നിന്നു.

നേരത്തെ നായകൻ രോഹിത് ശർമ ഇന്ത്യക്ക് ഗംഭീര തുടക്കമാണ് നൽകിയത്. വെറും 29 പന്തിൽ നാലു വീതം ഫോറും സിക്സുമടക്കം 47 റൺസ് എടുത്ത് രോഹിത് പുറത്തായി. തുടർന്ന് ഗില്ലും കോഹ്‌ലിയും ശ്രേയസും രാഹുലും മികച്ച ഇന്നിംഗ്സുകൾ കളിച്ചു. ഏകദിനത്തിൽ 50 സെഞ്ചുറികൾ പൂർത്തിയാക്കിയ കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കറെ സാക്ഷിയാക്കി, അദ്ദേഹത്തിൻ്റെ തന്നെ റെക്കോർഡ് മറികടന്നു. സച്ചിൻ്റെതന്നെ മറ്റൊരു റെക്കോർഡ് മറികടന്ന്, ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവുമായി കോഹ്‌ലി മാറി.

അതിനിടെ മത്സരം ആരംഭിക്കുന്നതിന് മുൻപ് നടന്ന ഒരു നിമിഷത്തിൻ്റെ വീഡിയോ, ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിട്ടുണ്ട്. മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരമായ ഡേവിഡ് ബെക്കാം, ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ കൂടെ ഫുട്ബോൾ കളിക്കുന്ന നിമിഷമാണ് അത്. കുട്ടികളുടെ അന്താരാഷ്ട്ര സംഘടനയായ യൂണിസെഫ് ബ്രാൻഡ് അംബാസഡർ ആയാണ് ബെക്കാം ഇന്നത്തെ മത്സരത്തിൽ അതിഥിയായി എത്തിയത്.

യൂനിസെഫിൻ്റെ തന്നെ മറ്റൊരു ബ്രാൻഡ് അംബാസഡർ ആയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമൊത്ത് ഗ്രൗണ്ടിലേക്ക് ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കാൻ അദ്ദേഹം ഇറങ്ങിയപ്പോൾ ആയിരുന്നു സംഭവം. കുറച്ച് അപ്പുറത്ത് മാറി പരിശീലനം നടത്തിയിരുന്ന വിരാട് കോഹ്‌ലി, പതിയെ ഒരു ഫുട്ബോൾ ബെക്കാമിൻ്റെ അടുത്തേക്ക് ഉരുട്ടിവിടുന്നു. അത് സ്വീകരിച്ച് ബെക്കാം തിരിച്ച് അടിച്ചുകൊടുക്കുന്നുണ്ട്. വീണ്ടും ഒരു വട്ടം കൂടി ഇത് തുടർന്നു. പിന്നീട് കോഹ്‌ലി പരിശീലനസംഘത്തോടൊപ്പം ചേർന്നു.

വീഡിയോ..

Categories
Uncategorized

6,6,4,6 തീപ്പൊരി ഫിനിഷും ഇരട്ടസെഞ്ചുറി നേട്ടവും; വെൽ ഡൺ മാക്സി.. വീഡിയോ കാണാം

ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഈ ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നാണ് നടന്നത്. ഗ്ലെൻ മാക്സ്‌വെല്ലിൻ്റെ അവിശ്വസനീയ ഇരട്ടസെഞ്ചുറി നേട്ടത്തിൻ്റെ അകമ്പടിയോടെ ഓസ്ട്രേലിയ 3 വിക്കറ്റിന് അഫ്ഗാനിസ്ഥാനെ കീഴടക്കി. ഇതോടെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്നത് ഓസ്ട്രേലിയ ആണെന്ന് ഉറപ്പായി.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ടീം ഇബ്രാഹിം സദ്രാൻ്റെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 291 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 91 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടമായി. ഇതോടെ, അഫ്ഗാൻ ടീം വിജയം ഉറപ്പിച്ചിരിക്കുന്ന നിമിഷത്തിലാണ് മാക്സ്വെൽ വിശ്വരൂപം പൂണ്ടത്. ഒരറ്റത്ത് മികച്ച പിന്തുണ നൽകി നായകൻ പാറ്റ് കമിൻസ്, പരമാവധി സ്ട്രൈക് അദ്ദേഹത്തിന് കൈമാറി.

എട്ടാം വിക്കറ്റിൽ ഇരുവരും വേർപിരിയാതെ 202 റൺസ് കൂട്ടിച്ചേർത്തത് ലോക റെക്കോർഡാണ്. ഇതിൽ നായകൻ കമിൻസിൻ്റെ സംഭാവന വെറും 12 റൺസ്. ഏകദിന ക്രിക്കറ്റിലെ എക്കാലവും ഓർമ്മിക്കപ്പെടും മാക്സ്വെല്ലിൻ്റെ ഈ മാരത്തോൺ ഇന്നിങ്സ്. റൺചേസിൽ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ താരവുമായി അദ്ദേഹം. 128 പന്തിൽ നിന്നും 21 ഫോറും 10 സിക്‌സും അടക്കം 201 റൺസോടെയാണ് പുറത്താകാതെ നിന്നത്.

ബാറ്റിങ്ങിന് ഇടയിൽ പല തവണ നടക്കാൻ പോലുമാകാതെ പതറിയ നിമിഷങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ഒറ്റക്കാലിൽ നിന്നു ഷോട്ട് പായിച്ചും, വേച്ചുവച്ച് നടന്ന് സിംഗിൾ നേടിയും അദ്ദേഹം മുന്നോട്ടുപോയി. സ്പിന്നർ മുജീബ് റഹ്മാൻ എറിഞ്ഞ നാൽപ്പത്തിയേഴാം ഓവറിലെ രണ്ടാം പന്തിൽ സിക്സ്, മൂന്നാം പന്തിലും സിക്സ് എന്നിങ്ങനെ നേടിയ മാക്സി, അടുത്ത പന്തിൽ ഫോറും നേടിയതോടെ 195 റൺസിലെത്തി. ജയിക്കാൻ വേണ്ടത് 5 റൺസും. തുടർന്നുള്ള പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് കൂറ്റൻ സിക്സ് നേടി ടീമിൻ്റെ വിജയവും ഇരട്ടസെഞ്ചുറി നേട്ടവും അദ്ദേഹം പൂർത്തിയാക്കി.

വീഡിയോ..

Categories
Uncategorized

ക്രീസിൽ എത്താൻ വൈകി മാത്യൂസ്; ചരിത്രത്തിൽ ആദ്യമായി ടൈംഡ് ഔട്ടായി ഒരു താരം.. വീഡിയോ കാണാം

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്നത്തെ ലോകകപ്പ് പോരാട്ടത്തിൽ, ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടുന്നു. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്ക 49.3 ഓവറിൽ 279 റൺസിന് എല്ലാവരും പുറത്തായി. ശ്രീലങ്കയ്ക്ക് വേണ്ടി ചാരിത്ത് അസാലങ്ക സെഞ്ചുറി നേടി.

അതിനിടെ മത്സരത്തിൽ അത്യന്തം നാടകീയമായ ഒരു സംഭവം അരങ്ങേറി. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു താരം ടൈംഡ് ഔട്ടായി പുറത്തായി. ശ്രീലങ്കയുടെ വെറ്ററൻ താരമായ എയ്ഞ്ചലോ മാത്യൂസാണ് ഈ രീതിയിൽ ദൗർഭാഗ്യകരമായി പുറത്തായത്. ക്രിക്കറ്റ് നിയമപ്രകാരം ഒരു താരം പുറത്തായാൽ രണ്ട് മിനിറ്റ് സമയത്തിനുള്ളിൽ അടുത്ത കളിക്കാരൻ ക്രീസിൽ എത്തി ബാറ്റ് ചെയ്യാൻ തയ്യാറാകണം. അല്ലാത്തപക്ഷം ഫീൽഡിംഗ് ടീം അപ്പീൽ ചെയ്താൽ, അമ്പയർക്ക് ആ കളിക്കാരനെ ടൈംഡ് ഔട്ടായി പ്രഖ്യാപിക്കാൻ സാധിക്കും.

ബംഗ്ലാദേശ് നായകൻ ഷക്കിബ് അൽ ഹസൻ എറിഞ്ഞ ഇരുപത്തിയഞ്ചാം ഓവറിലെ രണ്ടാം പന്തിലാണ് സമരവിക്രമ പുറത്താകുന്നത്. തുടർന്ന് ഇറങ്ങിയ മാത്യൂസ് പയ്യെപ്പയ്യെ നടന്ന് ക്രീസിൽ എത്തി എന്ന് പറയാം. അതിൽതന്നെ കുറച്ച് സമയം നഷ്ടമായി. അതും പോരാഞ്ഞ് ഹെൽമെറ്റ് സ്ട്രാപ്പ് മുറുക്കിയപ്പോൾ അത് പൊട്ടുകയും ചെയ്തു.

തുടർന്ന് മറ്റൊരു ഹെൽമെറ്റ് ആവശ്യപ്പെട്ട് അദ്ദേഹം ക്രീസ് വിട്ടിറങ്ങി. അതോടെയാണ് ഷക്കിബ് അമ്പയറോട് അപ്പീൽ ചെയ്തത്. ആദ്യം അതൊരു തമാശ പറഞ്ഞതാണെന്ന് അമ്പയർ കരുതിയെങ്കിലും ഷക്കിബ് അതിൽ ഉറച്ചുനിന്നതോടെ ഔട്ട് വിളിക്കേണ്ടിവന്നു. മാത്യൂസ് ഒരുപാട് അപേക്ഷിച്ചു നോക്കിയെങ്കിലും കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും, ബംഗ്ലാദേശ് അപ്പീൽ പിൻവലിക്കാൻ തയ്യാറായില്ല. അതോടെ നിരാശനായി മാത്യൂസ് ഡഗ് ഔട്ടിലേക്ക് മടങ്ങുന്നു. 

വീഡിയോ..

Categories
Uncategorized

റിവ്യൂ എടുക്കാൻ വൻ ചർച്ച നടത്തി ജഡേജയും രാഹുലും; ഇതൊക്കെ എന്തിന് കാത്തിരിക്കണം എന്ന് രോഹിത്.. വീഡിയോ കാണാം

ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ 243 റൺസിൻ്റെ കൂറ്റൻ ജയത്തോടെ ഇന്ത്യ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പാക്കിയിരിക്കുകയാണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് നേടിയത്. ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ വെറും 83 റൺസിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് അവരെ തകർത്തത്. കുൽദീപും ഷമിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ 101 റൺസ് നേടി പുറത്താകാതെ നിന്ന കോഹ്‌ലിയുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തിയത്. തൻ്റെ മുപ്പത്തിയഞ്ചാം ജന്മദിനത്തിൽ സെഞ്ചുറി നേടിയ കോഹ്‌ലി തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഏകദിനത്തിൽ നാൽപ്പത്തിയൊൻപതാം സെഞ്ചുറി പൂർത്തിയാക്കിയ അദ്ദേഹം, സച്ചിൻ്റെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു. ശ്രേയസ് അയ്യർ 77 റൺസ് നേടി മികച്ച പിന്തുണ നൽകി. നായകൻ രോഹിത് 24 പന്തിൽ 40 റൺസ് അടിച്ച് ഇന്ത്യക്ക് ഗംഭീര തുടക്കം നൽകിയിരുന്നു.

അതിനിടെ മത്സരത്തിൽ ഇന്ത്യൻ ബോളിങ്ങിന് ഇടയിൽ നിന്നുള്ള ഒരു നർമ മുഹൂർത്തമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ജഡേജയുടെ പതിമൂന്നാം ഓവറിൽ ക്ലാസ്സനെ വിക്കറ്റിന് മുന്നിൽ കുരുക്കി ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല. റിവ്യൂ എടുക്കുന്നതിനെക്കുറിച്ച് ജഡേജയും കീപ്പർ രാഹുലും വലിയ ചർച്ച തുടങ്ങിയപ്പോൾ, നായകൻ രോഹിത് ശർമ അവിടേക്ക് എത്തുന്നു.

ഇതൊക്കെ എന്തിന് ഇത്രയധികം ചർച്ച ചെയ്യാൻ ഇരിക്കുന്നു, അത് അവരുടെ അവസാനത്തെ അംഗീകൃത ബാറ്റർ അല്ലേ… എന്നും പറഞ്ഞ് പെട്ടെന്നുതന്നെ രോഹിത് റിവ്യൂ സിഗ്നൽ നൽകുകയാണ്. രോഹിത് പറഞ്ഞത് കേട്ട് കമൻ്ററി ബോക്‌സിൽ നിന്നുവരെ ചിരി ഉയരുന്നതും വീഡിയോയിൽ കേൾക്കാം. തുടർന്ന് അത് വിക്കറ്റിൽ കൊള്ളും എന്ന് റീപ്ലേകളിൽ നിന്നും തേർഡ് അമ്പയർ വിധിയെഴുതിയതോടെ ഇന്ത്യൻ താരങ്ങൾ ആഘോഷം തുടങ്ങി.

വീഡിയോ..

Categories
Uncategorized

ഹിറ്റ്മാൻ്റെ രാജതന്ത്രത്തെ അഭിനന്ദിച്ച് രാജാവും; രോഹിത്തിനെ എടുക്കുന്ന കോഹ്‌ലി.. വീഡിയോ കാണാം

പോയിൻ്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഇംഗ്ലണ്ടിനെതിരെ ഇന്നലെ ലഖ്നൗവിൽ നടന്ന മത്സരത്തിൽ, ടീം ഇന്ത്യ 100 റൺസിൻ്റെ ആധികാരികജയം സ്വന്തമാക്കിയിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കയെ പിന്തള്ളി, ഇന്ത്യ വീണ്ടും പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഇനി ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ് ടീമുകളെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടിയപ്പോൾ, ഇംഗ്ലണ്ടിൻ്റെ മറുപടി 34.5 ഓവറിൽ 129 റൺസിൽ അവസാനിച്ചു. ഷമി നാലും ബൂംറ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ 40/3 എന്ന നിലയിൽ മുൻനിര തകർന്നപ്പോൾ, 87 റൺസ് നേടി ടീമിനെ കരകയറ്റിയ നായകൻ രോഹിത് ശർമയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. രാഹുൽ 39 റൺസും സൂര്യ 49 റൺസും എടുത്ത് നായകന് മികച്ച പിന്തുണ നൽകി.

മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയെ എടുത്തുയർത്തി വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വിരാട് കോഹ്‌ലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിരിക്കുന്നത്. മത്സരത്തിൽ നാല് വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് ഷമിയുടെ പന്തിൽ മൊയീൻ അലി, വിക്കറ്റ് കീപ്പർ രാഹുലിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ ആയിരുന്നു അത്. ഓടിയെത്തിയ കോഹ്‌ലിയും രോഹിതും വായുവിൽ പരസ്പരം കൈകൾ കൂട്ടിമുട്ടിച്ചശേഷം, പൊടുന്നനെ കോഹ്‌ലി രോഹിത്തിനെ എടുത്ത് പൊക്കുകയായിരുന്നു.

വീഡിയോ..

Categories
Uncategorized

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബോൾ; തിരിഞ്ഞത് 7.2 ഡിഗ്രീ.. വിക്കറ്റ് വിഡിയോ കാണാം

നായകൻ രോഹിത് ശർമയും ബോളർമാരും മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ, ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ടീം ഇന്ത്യ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി. ഇന്നലെ ലഖ്നൗവിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ലോകകപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിലും ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്താണ് വിജയിച്ചത്. ആദ്യമായി ഒന്നാമത് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 40/3 എന്ന നിലയിൽ നിന്നും കരകയറി 50 ഓവറിൽ 229/9 എന്ന സ്കോറിൽ ഫിനിഷ് ചെയ്തു.

കളിയിലെ താരമായ നായകൻ രോഹിത് ശർമ(87), കെ എൽ രാഹുൽ(39), സൂര്യകുമാർ യാദവ്(49) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യക്ക് കരുത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ തകർത്തത് മനോഹരമായ പേസ് ബോളിങ്ങിലൂടെ ഷമിയും ബൂംറയും ചേർന്നാണ്. ഷമി നാലും ബൂംറ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ഇംഗ്ലണ്ട് 34.5 ഓവറിൽ വെറും 129 റൺസിന് പുറത്തായി.

മത്സരത്തിൽ ഇംഗ്ലീഷ് ബാറ്റിങ്ങിന് ഇടയിൽ ഇന്ത്യയുടെ കുൽദീപ് യാദവ്, ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പന്തുകളിൽ ഒന്ന് എറിഞ്ഞിരുന്നു. പതിനാറാം ഓവറിലെ ആദ്യ പന്തിൽ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലറെ പുറത്താക്കിയതായിരുന്നു അത്. ഓഫ് സ്റ്റമ്പിനു വെളിയിൽ പിച്ച് ചെയ്ത പന്തിൽ ശ്രദ്ധാപൂർവം കളിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ, അദ്ദേഹത്തെ അമ്പരപ്പിച്ചുകൊണ്ട് പന്ത് മികച്ച രീതിയിൽ ടേൺ ചെയ്ത് ബാറ്റിനും പാഡിനും ഇടയിലൂടെ വിക്കറ്റിൽ കൊള്ളുകയായിരുന്നു.

വീഡിയോ..

Categories
Uncategorized

ഷമിയെ ഒന്ന് തൊടാൻ പോലും ആകാതെ സ്റ്റോക്സ്; കിടിലൻ വിക്കറ്റ്.. വീഡിയോ കാണാം

ഇന്നലെ ഇംഗ്ലണ്ടിന് എതിരെ നടന്ന മത്സരത്തിൽ 100 റൺസിൻ്റെ ആധികാരിക ജയത്തോടെ ടീം ഇന്ത്യ ലോകകപ്പ് സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ലഖ്നൗവിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 229 റൺസാണ് നേടിയത്. ഇംഗ്ലീഷ് പട 34.5 ഓവറിൽ വെറും 129 റൺസിൽ ഓൾഔട്ടായി. പേസർ മുഹമ്മദ് ഷമി നാലും ബൂംറ മൂന്നും വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ ഗിൽ(9), കോഹ്‌ലി(0), ശ്രേയസ്(4) എന്നിവരെ നഷ്ടപ്പെട്ട് 40/3 എന്ന നിലയിലായിരുന്നു ടീം ഇന്ത്യ. നായകൻ രോഹിതും രാഹുലും ചേർന്ന് നാലാം വിക്കറ്റിൽ 91 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച് ടീമിനെ കരകയറ്റി. രാഹുൽ 39 റൺസ് എടുത്ത് പുറത്തായി. 87 റൺസെടുത്ത് ടീമിൻ്റെ നെടുംതൂണായ രോഹിത് ശർമ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 49 റൺസ് നേടിയ സൂര്യകുമാർ യാദവും വാലറ്റവും ചേർന്ന് സ്കോർ 200 കടത്തി.

ഓൾറൗണ്ടർ പാണ്ഡ്യയ്ക്കു പരുക്കേറ്റതോടെ കഴിഞ്ഞ മത്സരത്തിൽ ഈ ലോകകപ്പിലെ തൻ്റെ ആദ്യ മത്സരം കളിച്ച പേസർ ഷമി, അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയിരുന്നു. ഇന്നലെയും അദ്ദേഹം മികച്ച പ്രകടനം ആവർത്തിച്ചു. ഏഴോവറിൽ രണ്ട് മെയ്ഡൻ ഉൾപ്പെടെ വെറും 22 റൺസ് വഴങ്ങി നാലു വിക്കേറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് സൂപ്പർ താരം ബെൻ സ്റ്റോക്സിൻ്റെ വിക്കറ്റ് ആയിരുന്നു.

10 പന്ത് നേരിട്ട സ്റ്റോക്സ് സംപൂജ്യനായാണ് മടങ്ങിയത്. എട്ടാം ഓവറിൽ ഒന്നിനു പിറകെ ഒന്നായി ഓഫ് സ്റ്റമ്പിന് വെളിയിൽ മികച്ച പന്തുകളുമായി ഷമി മുന്നേറിയപ്പോൾ സ്റ്റോക്സിന് ബാറ്റിൽ കൊള്ളിക്കാൻ പോലും കഴിഞ്ഞില്ല. ഒടുവിൽ അക്ഷമനായി അദ്ദേഹം ഓവറിലെ അവസാന പന്തിൽ എല്ലാ സ്റ്റമ്പും എക്സ്പോസ് ചെയ്ത് വൻ ഷോട്ടിന് മുതിർന്നു. കൗശലക്കാരനായ ഷമി ആ പന്ത് വേഗത്തിൽ നേരെ വിക്കറ്റിലേക്ക് എറിഞ്ഞ് മിഡിൽ സ്റ്റമ്പ് തകർത്തു.

വീഡിയോ..