റോഡ് സേഫ്റ്റി വേൾഡ് ട്വന്റി-20 ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അതിഥേയരായ ഇന്ത്യൻ ലെജൻഡ്സും സൗത്ത് ആഫ്രിക്കൻ ലെജൻഡ്സാണ് ഇന്ന് ഏറ്റു മുട്ടുന്നത്, കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്, ഇന്ത്യക്കും, സൗത്ത് ആഫ്രിക്കക്കും പുറമെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.
റോഡ് സേഫ്റ്റിയിൽ ബോധവൽക്കരണം നടത്തുക എന്നതാണ് ടൂർണമെന്റിന്റെ പ്രമേയം, ക്രിക്കറ്റിൽ നിന്ന് വിരമിച്ച തങ്ങളുടെ പ്രിയ താരങ്ങൾ ഒരിക്കൽ കൂടി ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത് കാണാനുള്ള സുവർണ അവസരം കൂടിയാണ് ക്രിക്കറ്റ് പ്രേമികൾക്ക് ഈ ടൂർണമെന്റ്, സെമി ഫൈനലുകളും ഫൈനലും അടക്കം 23 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടാവുക.
മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സച്ചിൻ ടെൻഡുൽക്കർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഫീൽഡിങ് ഇതിഹാസം ജോണ്ടി റോഡ്സ് ആണ് സൗത്ത് ആഫ്രിക്കയെ നയിക്കുന്നത്, സച്ചിനും വിക്കറ്റ് കീപ്പർ നമൻ ഓജയുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ഇറങ്ങിയത്, ഇരുവരും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു, ഇതിനിടെ സച്ചിന്റെ ബാറ്റിൽ നിന്ന് 2 മനോഹര ഫോറുകൾ പിറന്നു, എന്നാൽ ആറാം ഓവറിൽ മഖായ എൻടിനിയുടെ ബോളിൽ ജൊഹാൻ ബോത്ത പിടിച്ച് സച്ചിൻ(16) പുറത്തായത് കാണികൾക്ക് നിരാശ സമ്മാനിച്ചു.
റോഡ് സേഫ്റ്റി വേൾഡ് സീരീസ് ട്വന്റി ട്വന്റി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ ലേജൻഡ്സ് ടീമും സൗത്താഫ്രിക്കൻ ലേജൻഡ്സ് ടീമും ഏറ്റുമുട്ടുകയാണ്. മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണർ നമാൻ ഓജയെ പുറത്താക്കാൻ കിടിലൻ ക്യാച്ച് എടുത്ത് സൗത്താഫ്രിക്കൻ നായകൻ ജോണ്ടി റോഡ്സ്.
തന്റെ കരിയറിലെ പ്രതാപകാലത്ത് മികച്ച ഫീൽഡിംഗ് പ്രകടനം കൊണ്ടും ക്യാച്ചുകൾ കൊണ്ടും പേരെടുത്ത ഒരു താരമായിരുന്നു അദ്ദേഹം. സാധാരണ താരങ്ങൾ ബാറ്റിംഗ് കൊണ്ട് അല്ലെങ്കിൽ ബോളിങ് കൊണ്ട് ഒക്കെ പ്രശസ്തി നേടുന്ന സമയത്ത് ഗ്രൗണ്ട് ഫീൽഡിംഗ് കൊണ്ട് മാത്രം പ്രശസ്തി നേടിയ താരമാണ് റോഡ്സ്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഫീൽഡർ ആയാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
മത്സരത്തിന്റെ ഏഴാം ഓവറിൽ ആയിരുന്നു സംഭവം. വാൻ ദേർ വാത്ത് എറിഞ്ഞ ആദ്യ പന്തിൽ കട്ട് ഷോട്ട് കളിക്കാനാണ് ഓജ ശ്രമിച്ചത്. എന്നാൽ പോയിന്റ് റീജിയണിൽ നിൽക്കുകയായിരുന്ന ജോണ്ടി റോഡ്സ് ഒരു റിഫ്ലക്‌സ് ക്യാച്ചിലൂടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. തന്റെ മുഖത്തിന് നേരെ വേഗത്തിൽ വന്ന പന്ത് വളരെ പെട്ടെന്ന് കയ്യിലൊതുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 18 പന്തിൽ നിന്നും 4 ബൗണ്ടറി അടക്കം 21 റൺസ് ആണ് ഓജ നേടിയത്.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സച്ചിൻ തെണ്ടുൽക്കർ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ലേജൻഡ്സ് ടീമിൽ പുതുമുഖങ്ങൾ ആയി സ്റ്റുവർട്ട് ബിന്നിയും കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച സുരേഷ് റൈനയും ഇടംപിടിച്ചു. വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗ് ടൂർണമെന്റിൽ കളിക്കുന്നില്ല.
5.1 ഓവറിൽ 46 റൺസ് ഓപ്പണിംഗ് വിക്കറ്റിൽ സച്ചിനും ഓജയും കൂട്ടിച്ചേർത്തു. 15 പന്തിൽ രണ്ട് ബൗണ്ടറി അടക്കം 16 റൺസ് എടുത്ത സച്ചിനാണ് ആദ്യം പുറത്തായത്.
മഖയ എന്റിനിക്കായിരുന്നു വിക്കറ്റ്. ഒന്നിൽകൂടുതൽ തവണ സച്ചിന്റെ ക്യാച്ച് സൗത്താഫ്രിക്കൻ താരങ്ങൾ വിട്ടുകളഞ്ഞിരുന്നു. എങ്കിലും അത് മുതലാക്കി വൻ സ്കോർ കണ്ടെത്താൻ സച്ചിന് കഴിഞ്ഞില്ല. വൺ ഡൗണായി എത്തിയ സുരേഷ് റൈന 22 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സും അടക്കം 33 റൺസെടുത്ത് പുറത്തായി. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഏഷ്യകപ്പിൽ സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടുകയാണ്, ഇരു ടീമും നേരത്തെ തന്നെ ഫൈനലിൽ ഇടം പിടിച്ചതിനാൽ ഇന്നത്തെ ഈ മത്സരത്തിന് വലിയ പ്രസക്തിയില്ല, എങ്കിലും ഫൈനലിനു മുന്നേയുള്ള റിഹേഴ്സൽ ആയി ഈ മൽസരത്തെ വിലയിരുത്താം, ഇന്ന് ജയിക്കുന്ന ടീമിന് മറ്റന്നാൾ നടക്കുന്ന ഫൈനലിനു മുന്നോടിയായി എതിരാളിക്ക് മേൽ ആത്മവിശ്വാസം നേടാൻ സാധിക്കുമെന്നതിൽ തർക്കമില്ല.
മത്സരത്തിൽ ടോസ്സ് നേടിയ ശ്രീലങ്ക പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു, നാലാം ഓവറിൽ തന്നെ മുഹമ്മദ് റിസ്‌വാനെ വീഴ്ത്തി പ്രമോദ് മധുഷൻ ലങ്കക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നീട് ബാബർ അസം പതിയെ പാകിസ്താനെ മുന്നോട്ട് നയിച്ചു, എന്നാൽ 30 റൺസ് എടുത്ത ബാബർ അസമിനെ വഹിന്ദു ഹാസരങ്ക ക്ലീൻ ബൗൾഡ് ആക്കി,
കൃത്യമായ ഇടവേളകളിൽ ശ്രീലങ്ക വിക്കറ്റ് വീഴ്ത്തിയതോടെ പാക്കിസ്ഥാൻ തകർന്നു, ഒടുവിൽ 121 റൺസിനു പാകിസ്താന്റെ എല്ലാവരും പുറത്തായി, 26 റൺസ് എടുത്ത മുഹമ്മദ് നവാസിന്റെ ഇന്നിങ്ങ്സാണ് 121 എങ്കിലും എത്താൻ പാകിസ്താനെ സഹായിച്ചത്, ശ്രീലങ്കക്ക് വേണ്ടി ഹസരങ്ക 4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി ബോളിങ്ങിൽ മികച്ച് നിന്നു, മഹീഷ് തീക്ഷണയും, പ്രമോദ് മധുഷനും 2 വിക്കറ്റ് വീതം വീഴ്ത്തി ഹസരങ്കയ്ക്ക് മികച്ച പിന്തുണ നൽകി..
ക്രിക്കറ്റ് മത്സരങ്ങളെ ഏറെ വൈകാരികമായി കാണുന്ന കാണികളാണ് ഏഷ്യൻ രാജ്യങ്ങളിലെ കാണികൾ, പലപ്പോഴും ആ വൈകാരിക പ്രകടനങ്ങൾ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കാറുമുണ്ട്, ഇന്നത്തെ മത്സരത്തിലും പാകിസ്താന്റെ അവസാന ബാറ്റർ ഹാരിസ് റൗഫ് ഔട്ട് ആയപ്പോൾ സ്റ്റേഡിയത്തിലെ ഒരു പാക്കിസ്ഥാൻ ആരാധിക വാവിട്ട് കരയുന്ന രംഗം ക്യാമറയിൽ പതിഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും ആരാധകർ മത്സര ശേഷം ഏറ്റുമുട്ടിയത് വാർത്ത ആയിരുന്നു.
തന്റെ കരിയറിലെ എഴുപത്തിയൊന്നാം സെഞ്ചുറി നേട്ടം കൈവരിക്കാൻ വിരാട് കോഹ്‌ലി കാത്തിരുന്നത് നീണ്ട 1021 ദിവസങ്ങളാണ്. ഇതിനിടയിൽ ടെസ്റ്റ്, ഏകദിനം, ട്വന്റി ട്വന്റി എന്നിവയിലായി മൊത്തം 84 രാജ്യാന്തര മത്സരങ്ങളിൽ അദ്ദേഹം ഭാഗമായി. എങ്കിലും ഇത്രയും നാൾ ആ ഒരു സെഞ്ചുറി നേട്ടം മാത്രം അകന്നു നിൽക്കുകയായിരുന്നു.
ഒടുവിൽ ഇന്നലെ നടന്ന ഏഷ്യ കപ്പ് ടൂർണമെന്റിലെ സൂപ്പർ ഫോർ ഘട്ടത്തിൽ അഫ്ഗാനിസ്ഥാന് എതിരെ മിന്നുന്ന പ്രകടനം നടത്തി ആ ലക്ഷ്യവും കോഹ്‌ലി പൂർത്തീകരിച്ചു. മാത്രവുമല്ല, ഒരു ഇന്ത്യൻ താരത്തിന്റെ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടാനും കഴിഞ്ഞു. 61 പന്തുകളിൽ നിന്നും 12 ബൗണ്ടറിയും 6 സിക്സറും അടക്കം 122* റൺസ് നേടിയ കോഹ്‌ലി, രോഹിത് ശർമയുടെ പേരിൽ ഉണ്ടായിരുന്ന 118 റൺസിന്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്.
സൂപ്പർ ഫോർ ഘട്ടത്തിൽ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യയും അഫ്ഗാനിസ്ഥാനും ടൂർണമെന്റിൽ നിന്നും നേരത്തെ തന്നെ പുറത്തായിരുന്നു. ഇതോടെ ഇവർ പരസ്പരം ഏറ്റുമുട്ടുന്ന മത്സരം അപ്രസക്തമായിരുന്നു. അതുമൂലം മുൻ മത്സരങ്ങളെ അപേക്ഷിച്ച് ഗാലറിയിൽ കാണികളും നന്നേ കുറവായിരുന്നു. എങ്കിലും അവിടെ സന്നിഹിതരായിരുന്ന ചുരുക്കം ആരാധകർക്ക് ഒരു അവിസ്മരണീയ നിമിഷത്തിന്റെ സാക്ഷികളാകാനുള്ള ഭാഗ്യം ലഭിച്ചു എന്നുതന്നെ പറയാം.
അതിൽ തന്നെ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് ഒരു മുതിർന്ന ഇന്ത്യൻ ആരാധകൻ ആയിരുന്നു. പഴയ ഒരു ഇന്ത്യൻ ജേഴ്സിയും ധരിച്ച്, ഒരു തൂവെള്ള സിഖ് തലപ്പാവുമായി ഗാലറിയുടെ ഒരു ഭാഗത്ത് ഒറ്റയ്ക്ക് നിൽക്കുകയായിരുന്നു അദ്ദേഹം. വിരാട് കോഹ്‌ലി സെഞ്ചുറി നേട്ടം പൂർത്തിയാക്കിയതിന് ശേഷം സന്തോഷത്തോടെ ആരാധകരെ അഭിസംബോധന ചെയ്യുന്ന നേരത്ത് ക്യാമറകൾ സൂം ചെയ്തത് ഇദ്ദേഹത്തിന് നേർക്കായിരുന്നു. ഇരു കൈകളും വായുവിൽ ഉയർത്തിയും താഴ്ത്തിയും അദ്ദേഹം കോഹ്‌ലിയെ വണങ്ങിക്കൊണ്ടിരുന്നു. നിമിഷങ്ങൾക്കകം ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറി.
ഐപിഎല്ലിൽ അഞ്ച് സെഞ്ചുറികൾ കോഹ്‌ലി നേടിയിട്ടുണ്ട് എങ്കിലും അന്താരാഷ്ട്ര T20 ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ 94* ആയിരുന്നു. 2019 നവംബറിൽ ബംഗ്ലാദേശിന് എതിരെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിലാണ് കോഹ്‌ലി അവസാനമായി സെഞ്ചുറി നേടിയിരുന്നത്. മൂന്ന് വർഷം തികയാൻ ഏതാണ്ട് ഇത്തിരി ദിവസം കുറവ് വരേയെത്തി, അടുത്തൊരു സെഞ്ചുറി നേട്ടം കൈവരിക്കാൻ. അതും ആരും ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ട്വന്റി ട്വന്റി ഫോർമാറ്റിലും.
എന്തായാലും കോഹ്‌ലിയുടെ മികവിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ 101 റൺസിന് പരാജയപ്പെടുത്തി. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ നായകൻ മുഹമ്മദ് നബി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമക്ക് വിശ്രമം നൽകിയപ്പോൾ രാഹുലാണ് ഇന്ത്യയെ നയിച്ചത്. രോഹിത്, പാണ്ഡ്യ, ചഹാൽ എന്നിവർക്ക് പകരം കാർത്തിക്, അക്സേർ, ദീപക് ചഹർ എന്നിവർ ടീമിലെത്തി.
നിശ്ചിത 20 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് അടിച്ചുകൂട്ടി. രാഹുൽ 62 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് ഭൂവിയുടെ പന്തുകൾക്ക് മുന്നിൽ മുട്ടിടിച്ചുനിൽക്കാനെ കഴിഞ്ഞുള്ളൂ. നാല് ഓവറിൽ ഒരു മെയ്ഡെൻ അടക്കം വെറും നാല് റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകൾ വീഴ്ത്തി കരിയറിലെ മികച്ച ബോളിങ് പ്രകടനം നടത്തി അദ്ദേഹം. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ.
ദീർഘ കാലത്തിനുശേഷം സെഞ്ചുറി നേട്ടം ; വൈറലായി മുതിർന്ന ഇന്ത്യൻ ആരാധകൻ കോഹ്‌ലിയെ വണങ്ങുന്ന വീഡിയോ.
പരിക്കിന് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ കെഎൽ രാഹുൽ തന്റെ ആദ്യ അർധ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്നലെ. ഏഷ്യാകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് രാഹുൽ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. 41 പന്തിൽ 2 സിക്‌സും 6 ഫോറും ഉൾപ്പടെ 62 റൺസ് നേടി. എന്നാൽ ഏറെ നാളുകൾക്ക് ശേഷം സെഞ്ചുറി നേടിയ കോഹ്ലിയുടെ പ്രകടനത്തിന്റെ നിഴലിലാവുകയായിരുന്നത്. രോഹിത്തിന്റെ അഭാവത്തിൽ രാഹുലും കോഹ്ലിയുമാണ് ഓപ്പണിങ്ങിൽ എത്തിയത്.
ഓപ്പണിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത കോഹ്ലിയെ അതേ റോളിൽ ഇറക്കണമെന്ന് ഒരു വശത്ത് ആവശ്യം ഉയരുന്നുണ്ട്. ഇതിനിടെ ഇതേ ചോദ്യവുമായി വാർത്താസമ്മേളനത്തിൽ മുന്നിലെത്തിയ മാധ്യമപ്രവർത്തകൻ നൽകിയ രാഹുൽ നൽകിയ മറുപടി ആരാധകരെ രസിപ്പിച്ചിരിക്കുകയാണ്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കാൻ എത്തിയ രാഹുലിനോട് കോഹ്ലിയെ ഓപ്പണിങ്ങിൽ ഇറക്കാൻ നിർദ്ദേശിക്കുമോയെന്ന് ചോദിക്കുകയുണ്ടായി.
മാധ്യമപ്രവർത്തകന്റെ ചോദ്യം ഇങ്ങനെ: “ഐപിഎലിൽ ഓപ്പണിങ്ങിൽ വിരാട് കോഹ്‌ലി അഞ്ച് സെഞ്ച്വറി നേടിയത് നമ്മൾ കണ്ടതാണ്. ഓപ്പണിങ്ങിൽ അദ്ദേഹം വീണ്ടും സെഞ്ച്വറി നേടി. അതിനാൽ വരാനിരിക്കുന്ന ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരകളിലും ലോകകപ്പിലും കോഹ്‌ലിയെ ഓപ്പണറായി പരീക്ഷിക്കണമെന്ന് വൈസ് ക്യാപ്റ്റനെന്ന നിലയിൽ നിങ്ങൾ ടീം മാനേജ്‌മെന്റിനോട് പറയുമോ?”
ഉടനെ രാഹുൽ ചെറു ചിരിയോടെ മറുപടിയുമായി എത്തി. “അപ്പോൾ ഞാൻ പുറത്ത് ഇരിക്കണമെന്നാണോ നിങ്ങൾ നിർദ്ദേശിക്കുന്നത്? അത്ഭുതകരം”. പിന്നാലെ രാഹുൽ ഇങ്ങനെ കൂട്ടിച്ചേർത്തു. “വിരാട് റൺസ് നേടിയത് വലിയ ബോണസാണ്. ഇന്ന് അവൻ ബാറ്റ് ചെയ്ത രീതി അത് വ്യക്തമാകും. എനിക്കറിയാം അദ്ദേഹം തന്റെ ബാറ്റിങ്ങിൽ വളരെ സംതൃപ്തനാണെന്ന്. ലോകകപ്പിന് മുമ്പ് എല്ലാ പ്രധാന കളിക്കാരും ഫോമിൽ എത്തുന്നത് ടീമിന് മികച്ചതാണ്. അത്തരം 2-3 ഇന്നിംഗ്‌സുകൾ കളിക്കുമ്പോൾ തന്നെ ആത്മവിശ്വാസം ഉയർന്ന് വരും.”
ഇന്നലെ രാത്രി നടന്ന ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിന് ശേഷം ഗാലറിയിൽ ഉണ്ടായിരുന്ന ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ ഒരു വിക്കറ്റിന് പാക്കിസ്ഥാൻ അഫ്ഗനിസ്ഥാനെ കീഴടക്കുകയായിരുന്നു. സ്കോർ: അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 129/6, പാകിസ്താൻ 19.2 ഓവറിൽ 131/9.
ജയപരാജയങ്ങൾ മാറിമറിഞ്ഞ നിമിഷങ്ങൾക്ക് ഒടുവിൽ അഫ്ഗാനിസ്ഥാൻ അട്ടിമറി വിജയം നേടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ തുടർച്ചയായ രണ്ട് സിക്സ് നേടി പാക്ക് പതിനൊന്നാമൻ നസീം ഷാ വിജയം തട്ടിയെടുക്കുകയായിരുന്നു. തന്റെ നാലാമത്തെ മാത്രം അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരം കളിക്കുന്ന പതൊമ്പതുകാരൻ ടീമിന്റെ രക്ഷകനായി മാറി. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ നേരിട്ടപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ രാജ്യാന്തര ട്വന്റി ട്വന്റി അരങ്ങേറ്റം.
മത്സരത്തിനിടെ ഇരു ടീമുകളുടെയും താരങ്ങൾ തമ്മിൽ കയ്യാങ്കളിയുടെ വക്കിൽ എത്തിയിരുന്നു കാര്യങ്ങൾ. ഫരീദ് അഹമ്മദ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ആയിരുന്നു സംഭവം. നാലാം പന്തിൽ ഒരു കിടിലൻ സിക്സ് അടിച്ച ആസിഫ് അലി വീണ്ടും ഒരിക്കൽ കൂടി വൻ ഷോടിന് ശ്രമിച്ച് അഞ്ചാം പന്തിൽ ഷോർട്ട് ഫൈൻ ലെഗ്ഗിൽ ക്യാച്ച് നൽകി മടങ്ങി. ബോളർ ഫരീദ് അഹമ്മദ് അദ്ദേഹത്തിന് ചില വാക്കുകളിലൂടെ യാത്രയയപ്പ് നൽകിയപ്പോൾ തിരിച്ചെത്തി അഹമ്മദിന് നേരെ ബാറ്റ് വീശാൻ അലി ശ്രമിക്കുകയായിരുന്നു. പിന്നീട് മറ്റ് അഫ്ഗാൻ താരങ്ങളും അമ്പയരും ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
മത്സരശേഷം ഗാലറിയിൽ ഉണ്ടായിരുന്ന പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ആരാധകർ തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ചയാണ് അതിനു ശേഷം കണ്ടത്. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഇരിപ്പിടങ്ങളിൽ ഉള്ള കസേരകൾ പറിച്ചെടുത്ത് പരസ്പരം ഏറിയുന്നതും മറ്റും വീഡിയോയിൽ കാണാം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കരുതുന്നു. ഇത്തരമൊരു സാഹചര്യത്തിന് വഴിവച്ചത് എന്താണെന്ന് വ്യക്തമല്ല.
ഇത് ആദ്യമായല്ല ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ ഗാലറിയിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വർഷം നടന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ അഫ്ഗാനെ പരാജയപ്പെടുത്തിയതിന് ശേഷവും ഗാലറിയിൽ കൂട്ടത്തല്ല് അരങ്ങേറിയിരുന്നു. ഇന്ത്യ പാക്കിസ്ഥാൻ മത്സരങ്ങൾ പോലെ അത്യന്തം വാശിയേറിയ മത്സരമായി ഭാവിയിൽ ഇവർ തമ്മിലുള്ള പോരാട്ടവും മാറും എന്നതിന് തെളിവാണ് ഇത്തരം സംഭവങ്ങൾ.
ഇന്നലെ അഫ്ഗാനിസ്ഥാൻ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് നിലനിൽപ്പ് ഉണ്ടായിരുനുള്ളൂ. ഇതോടെ ഫൈനൽ കാണാതെ ഇന്ത്യയും അഫ്ഗാനിസ്ഥാനും പുറത്തായി. ശ്രീലങ്കയും പാകിസ്താനും തമ്മിലാണ് ഫൈനൽ മത്സരം. ഇതോടെ നാളെ നടക്കുന്ന ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരം അപ്രസക്തമായി. എങ്കിലും സൂപ്പർ ഫോർ ഘട്ടത്തിൽ ഒരു സമാശ്വാസ ജയം നേടി ഏഷ്യ കപ്പിൽ നിന്നും മടങ്ങാൻ ആണ് ഇരു ടീമുകളും ശ്രമിക്കുക. സൂപ്പർ ഫോർ ഘട്ടത്തിലെ അവസാന മത്സരമായ ശ്രീലങ്ക പാക്കിസ്ഥാൻ മത്സരം ഫൈനലിന് മുമ്പേയുള്ള ഒരു വാംഅപ്പ് ആയി ഇരു ടീമുകൾക്കും.
ഇത്തവണത്തെ ഏഷ്യ കപ്പ് ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരത്തിനോടുവിൽ അഫ്ഗാനിസ്ഥാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി പാക്കിസ്ഥാൻ ഫൈനലിൽ എത്തി. ഇതോടെ ശ്രീലങ്കയും ഫൈനൽ ഉറപ്പിച്ചു. ഇന്ത്യയും അഫ്ഗാനിസ്ഥാനും ടൂർണമെന്റിൽ നിന്നും പുറത്തായി.
ഇന്ന് അഫ്ഗാൻ വിജയിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് നിലനിൽപ്പ് ഉണ്ടായിരുന്നുള്ളൂ. അഫ്ഗാനിസ്ഥാൻ ടീമിന്റെ വിജയത്തിനായി കാത്തിരുന്ന ലോകമെങ്ങുമുള്ള ഇന്ത്യൻ ആരാധകരെ നിരാശരാക്കി പതിനൊന്നാമനായി ബാറ്റിങ്ങിന് ഇറങ്ങിയ നസീം ഷായുടെ രണ്ട് പടുകൂറ്റൻ സിക്സറുകൾ. ഫസൽ ഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളും അതിർത്തി കടത്തി നസീം ഷാ അവർക്ക് സമ്മാനിച്ചത് അവിസ്മരണീയ വിജയം.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ പാക്ക് നായകൻ ബാബർ അസം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ചെയ്യാൻ ബുദ്ധിമുട്ടേറിയ പിച്ചിൽ ഒരുപാട് കഷ്ടപ്പെട്ടു തട്ടിമുട്ടി നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസാണ് അഫ്ഗാനിസ്ഥാൻ ബാറ്റർമാർ എടുത്തത്. പാക്കിസ്ഥാൻ അനായാസ വിജയം സ്വന്തമാക്കും എന്ന് എല്ലാവരും വിശ്വസിച്ചപ്പോൾ അഫ്ഗാനിസ്ഥാൻ ടീമിന്റെ പോരാട്ടവീര്യത്തിനാണ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്.
പാക്ക് നായകൻ ബാബർ അസം മത്സരത്തിന്റെ രണ്ടാം പന്തിൽ തന്നെ ഫസൽ ഹഖ് ഫാറൂഖിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പൂജ്യത്തിന് പുറത്തായി. 20 റൺസ് എടുത്ത റിസ്വാനെ റാഷിദ് ഖാനും വിക്കറ്റിന് മുന്നിൽ കുരുക്കി. പിന്നീട് ശദാബ് ഖാനും ഇഫ്ത്തിക്കർ അഹമ്മദും ചെറിയ തോതിൽ കൂട്ടുകെട്ട് സൃഷ്ടിച്ചുവെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി അഫ്ഗാനിസ്ഥാൻ മത്സരത്തിൽ തിരിച്ചുവന്നു. 8 പന്തിൽ 16 റൺസ് എടുത്ത അവസാന അംഗീകൃത ബാറ്റർ ആസിഫ് അലിയും പുറത്തായതോടെ അഫ്ഗാൻ വിജയം മണത്തുവെങ്കിലും നസീം ഷാ അവരിൽ നിന്നും തട്ടിയെടുത്തു.
മത്സരത്തിനിടെ ഇരു ടീമുകളുടെയും താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന സ്ഥിതി വരെയെത്തി കാര്യങ്ങളും. ഫരീദ് അഹമ്മദ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ആയിരുന്നു സംഭവം. ആ ഓവറിലെ രണ്ടാം പന്തിലും അഞ്ചാം പന്തിലും അദ്ദേഹം വിക്കറ്റ് നേടിയിരുന്നു. നാലാം പന്തിൽ ഒരു കിടിലൻ സിക്സ് അടിച്ച ആസിഫ് അലി വീണ്ടും ഒരിക്കൽ കൂടി വൻ ഷോടിന് ശ്രമിച്ച് അഞ്ചാം പന്തിൽ ഷോർട്ട് ഫൈൻ ലെഗ്ഗിൽ ക്യാച്ച് നൽകി മടങ്ങി. ബോളർ ഫരീദ് അഹമ്മദ് അദ്ദേഹത്തിന് ചില വാക്കുകളിലൂടെ യാത്രയയപ്പ് നൽകിയപ്പോൾ തിരിച്ചെത്തി അഹമ്മദിന് നേരെ ബാറ്റ് വീശാൻ അലി ശ്രമിക്കുകയായിരുന്നു. പിന്നീട് മറ്റ് അഫ്ഗാൻ താരങ്ങളും അമ്പയരും ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
എല്ലാ പ്രാവശ്യത്തെയും പോലെ ഇത്തവണയും പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ മത്സരം അവസാന ഓവർ വരെ ആവേശം നിലനിർത്തി. എല്ലാ പ്രാവശ്യവും അഫ്ഗാനിസ്ഥാൻ ടീമിന്റെ കയ്യിൽ നിന്നും വഴുതി പോകുകയായിരുന്നു വിജയങ്ങൾ. 2018 ഏഷ്യ കപ്പ് ടൂർണമെന്റിൽ ഏറ്റുമുട്ടിയപ്പോൾ മൂന്ന് പന്തുകൾ ബാക്കി നിർത്തിയാണ് പാക്ക് ടീം വിജയിച്ചത്. 2019 ഏകദിന ലോകകപ്പിലെ മത്സരത്തിൽ ആകട്ടെ രണ്ട് പന്ത് ബാക്കി നിർത്തിയും. കഴിഞ്ഞ വർഷം നടന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിൽ 6 പന്തുകൾ ബാക്കി നിൽക്കെയാണ് പാകിസ്താൻ അഫ്ഗാനിസ്ഥാൻ ടീമിന്റെ വിജയം തട്ടിയകറ്റിയത്. ഇന്ന് നാല് പന്ത് ബാക്കി നിർത്തിയും.
ഏഷ്യ കപ്പിൽ നിന്നും ഫൈനൽ കാണാതെ പുറത്താകുമെന്ന വക്കിലാണ് ടീം ഇന്ത്യ ഇപ്പോഴുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഇവിടെ സൂപ്പർ ഫോർ ഘട്ടത്തിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി സമ്മതിച്ചു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനൊട് അഞ്ച് വിക്കറ്റിന് തോറ്റ ടീം ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കയോട് 6 വിക്കറ്റിന് തോൽക്കുകയായിരുന്നു.
ഇന്ന് നടക്കുന്ന മത്സരത്തിൽ പാകിസ്താൻ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഫൈനൽ കാണാതെ പുറത്താകും. മറിച്ചാണെങ്കിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ വൻ മാർജിനിൽ തോൽപ്പിക്കുകയും പാക്കിസ്ഥാൻ ശ്രിലങ്കയോടു പരാജയപ്പെടുകയും വേണം. അപ്പോൾ ഓരോ വിജയം വീതം നേടിയ ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ടീമുകളിൽ മികച്ച നെറ്റ് റൺ നിരക്ക് ഉള്ള ടീം ഫൈനലിൽ ശ്രീലങ്കയെ നേരിടും. ഇതെല്ലാം ഒത്തുവന്നാൽ മാത്രമേ ഇനി ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷയുള്ളൂ.
അതിനിടെ ഇന്ത്യയുടെ യുവ പേസർ അർഷദ്ദീപ് സിംഗിനെ കുറിച്ചുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവസാന ഓവറിൽ പന്തെറിഞ്ഞത് സിംഗ് ആയിരുന്നു. പാക്കിസ്ഥാന് എതിരെ പത്തൊമ്പതാം ഓവറിൽ സീനിയർ താരം ഭുവനേശ്വർ കുമാർ 19 റൺസ് വഴങ്ങിയിരുന്നു. ഇന്നലെ ശ്രീലങ്കയ്ക്ക് എതിരെയും പത്തൊമ്പതാം ഓവറിൽ കുമാർ 14 റൺസ് വഴങ്ങി. ഇരു മത്സരങ്ങളിലും അവസാന ഓവറിൽ വെറും 7 റൺസ് മാത്രമാണ് തടുക്കാൻ ഉണ്ടായിരുന്നത്. എന്നിട്ടുപോലും വളരെ മികച്ച രീതിയിൽ തന്നെ സിംഗ് പന്തെറിഞ്ഞു അവസാന പന്ത് വരെ മത്സരങ്ങൾ നീട്ടിയെടുത്തൂ.
എങ്കിലും പാക്കിസ്ഥാന് എതിരെ നടന്ന മത്സരത്തിൽ ഒരു നിർണായക ക്യാച്ച് അർഷദ്ദീപ് സിംഗ് കൈവിട്ട് കളഞ്ഞിരുന്നു. ആസിഫ് അലി പിന്നീട് ഭുവനേശ്വർ കുമാർ എറിഞ്ഞ ഓവറിൽ അടിച്ചു തകർത്ത് പാക്കിസ്ഥാനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. അന്ന് തൊട്ടേ സിംഗിന് ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു. പാകിസ്ഥാന് വേണ്ടി കളിച്ചു എന്ന് പറഞ്ഞ് ചിലർ മത്സരശേഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഒരുപാട് പേരുടെ ആക്ഷേപത്തിന് പാത്രമായിരുന്ന അദ്ദേഹത്തിന് പിന്തുണയുമായി ഇന്ത്യൻ താരങ്ങളും രംഗത്തെത്തിയിരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കക്ക് വിജയിക്കാൻ രണ്ട് പന്തിൽ രണ്ട് റൺസ് വേണ്ട ഘട്ടത്തിൽ ഡോട്ട് ബോൾ എറിഞ്ഞുവെങ്കിലും ബറ്റർമാർ റണ്ണിനായി ഓടുകയായിരുന്നു. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് മൂന്ന് വിക്കറ്റും മുന്നിൽ നിൽക്കെ ബോൾ എറിഞ്ഞ് കൊള്ളിക്കാൻ കഴിഞ്ഞില്ല. ബാറ്റർ ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല. തുടർന്ന് പന്ത് കൈക്കലാക്കിയ ബോളർ അർഷദ്ദീപ് സിംഗ് നോൺ സ്ട്രൈകിങ് എൻഡിലേക്ക് ഏറിയുമ്പോഴും ബാറ്റർ ക്രീസിൽ എത്തിയിരുന്നില്ല. എങ്കിലും പന്ത് വിക്കറ്റിൽ കൊള്ളാതെ പോയപ്പോൾ അവർ ഓവർത്രോയുടെ ആനുകൂല്യം മുതലാക്കി റൺ എടുക്കുകയും മത്സരം വിജയിക്കുകയും ചെയ്തു.
പാക്കിസ്ഥാന് എതിരെ നടന്ന മത്സരശേഷം ഗ്രൗണ്ടിൽ നിന്നും ടീം ബസിലേക്ക് കയറുന്ന സമയത്ത് ഒരു ആരാധകൻ അദ്ദേഹത്തെ രാജ്യദ്രോഹി എന്ന് കളിയാക്കി വിളിച്ചു എന്നുപറയുന്ന ഒരു വീഡിയോ ഇന്ന് സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ദേ ക്യാച്ചൂം വിട്ടുകളഞ്ഞ് വന്നിരിക്കുകയാണ് ഒരു സർദാർ എന്ന് അയാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇതുകേട്ട സിംഗ് കുറച്ച് നേരം അയാളെ നോക്കി നിന്നു. പിന്നീട് ബസിനുള്ളിലേക്ക് കടന്നുപോയി. അവിടെയുണ്ടായിരുന്ന ഇന്ത്യൻ മാധ്യമ പ്രവർത്തകൻ വിമൽ കുമാർ അയാളെ ചോദ്യം ചെയ്യുന്നതും അയാൾ വ്യക്തമായ മറുപടി ഒന്നും നൽകാൻ സാധിക്കാതെ നിൽക്കുന്നതും പിന്നീട് കൂടുതൽ ഓഫീഷ്യൽമാർ വന്ന് സ്ഥിതി ശാന്തമാക്കുന്നതും കാണുന്നു.
ഏഷ്യകപ്പിൽ സൂപ്പർ ഫോറിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 6 വിക്കറ്റിന്റെ തോൽവി, ഇതോടെ ഇന്ത്യയുടെ ഫൈനൽ സാധ്യത ഏറെക്കൂറെ അവസാനിച്ചു, സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് 5 വിക്കറ്റിന്റെ തോൽവിയും ഇന്ത്യ വഴങ്ങിയിരുന്നു.
ടോസ്സ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകകയായിരുന്നു, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കളിച്ച ടീമിനെ ശ്രീലങ്ക നിലനിർത്തിയപ്പോൾ, പാകിസ്താനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്, രവി ബിഷ്ണോയ്ക്ക് പകരം രവിചന്ദ്രൻ അശ്വിൻ ടീമിലെത്തി, രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി, മഹേഷ് തീക്ഷണയുടെ ബോളിൽ കെ.എൽ രാഹുൽ (6)വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു.
മൂന്നാമതായി ക്രീസിലെത്തിയ വിരാട് കോഹ്ലിയും മത്സരത്തിൽ നിരാശപ്പെടുത്തി,ദിൽഷൻ മധുഷങ്കയുടെ ബോളിൽ ലോങ്ങ് ഓണിലേക്ക് ഷോട്ടിന് ശ്രമിച്ച കോഹ്ലി ക്ലീൻ ബൗൾഡ് ആവുകയായിരുന്നു, ആദ്യ 3 മത്സരങ്ങളിലും നന്നായി കളിച്ച കോഹ്ലി പൂജ്യത്തിനാണ് പുറത്തായത്, 13/2 എന്ന നിലയിൽ സമ്മർദ്ദത്തിലായ ഇന്ത്യയെ ക്യാപ്റ്റൻ രോഹിത് ശർമ മുന്നോട്ട് നയിക്കുകയായിരുന്നു, സമ്മർദ്ദ ഘട്ടത്തിലും ലങ്കൻ ബോളർമാരെ ആക്രമിച്ച് കളിച്ച് കൊണ്ട് രോഹിത് ഇന്ത്യൻ സ്കോർ ചലിപ്പിച്ചു, മറുവശത്ത് സൂര്യ കുമാർ യാദവ് ക്യാപ്റ്റന് മികച്ച പിന്തുണ നൽകി, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 97 റൺസിന്റെ നിർണായക കൂട്ട്കെട്ട് ഉണ്ടാക്കി തകർച്ചയിൽ നിന്നും ഇന്ത്യയെ രക്ഷിച്ചു.
41 ബോളിൽ 5 ഫോറും 4 സിക്സും അടക്കമാണ് രോഹിത് 72 റൺസ് നേടിയത്, 34 റൺസ് നേടിയ സൂര്യകുമാർ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി, എന്നാൽ ഇരുവരെയും പുറത്താക്കിക്കൊണ്ട് ശ്രീലങ്ക മത്സരത്തിലേക്ക് തിരിച്ച് വന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ 173/8 എന്ന നിലയിൽ എത്തുകയായിരുന്നു ഇന്ത്യ, 3 വിക്കറ്റ് വീഴ്ത്തിയ മധുഷങ്കയും, 2 വീതം വിക്കറ്റ് വീഴ്ത്തിയ കരുണരത്‌നയും, ഷാണകയും ശ്രീലങ്കക്കായി ബോളിങ്ങിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് മിന്നുന്ന തുടക്കമാണ് ഓപ്പണർമാരായ കുശാൽ മെൻഡിസും നിസങ്കയും നൽകിയത്, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 97 റൺസിന്റെ കൂട്ട് കെട്ടാണ് പടുത്തുയർത്തിയത്, മത്സരം ഇന്ത്യയുടെ കൈയിൽ നിന്ന് വഴുതി പോവുകയാണെന്ന് തോന്നിച്ച ഘട്ടത്തിൽ 12ആം ഓവറിൽ നിസങ്കയേയും അസലങ്കയെയും വീഴ്ത്തി ചഹൽ ഇന്ത്യക്ക് ബ്രേക്ക് ത്രു നൽകി, എന്നാൽ 5 ആം വിക്കറ്റിൽ ഒത്തുചേർന്ന ഭാനുക രജപക്ഷയും(25) ക്യാപ്റ്റൻ ഷാണകയും(33) ചേർന്ന് ശ്രീലങ്കയെ വിജയത്തിലെത്തിക്കുകയായിരുന്നു, ഓൾറൗണ്ടർ മികവ് കാഴ്ച വെച്ച ലങ്കൻ ക്യാപ്റ്റൻ ഷാണക കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
മത്സരത്തിലെ അവസാന ഓവറിൽ 2 ബോളിൽ 2 റൺസ് വേണം എന്നിരിക്കെ അർഷ്ദീപിന്റെ ബോളിൽ ഷാണക ഷോട്ടിന് ശ്രമിച്ചെങ്കിലും ബാറ്റിൽ കൊണ്ടില്ല എന്നാൽ റണ്ണിനായി ഓടിയ ലങ്കൻ താരങ്ങളെ ഔട്ട് ആക്കാൻ റിഷബ് പന്തിന് സാധിച്ചില്ല നിസാരമായ റൺ ഔട്ട് നഷ്ടപ്പെടുത്തിയതിലൂടെ ഇന്ത്യ തോൽവിയും സമ്മതിച്ചു, ടൂർണമെന്റിൽ ബാറ്റ് കൊണ്ടും വിക്കറ്റ് കീപ്പിങ്ങിലും പരാജയമായ റിഷബ് പന്തിനെ ട്വന്റി-20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താണോ എന്നത് സെലക്ടർമാർ ചിന്തിക്കേണ്ട വിഷയമാണ്, കെ.എൽ രാഹുലും, ഭുവനേശ്വർ കുമാറുമാണ് ടൂർണമെന്റിൽ അമ്പേ പരാജയപ്പെട്ട മറ്റ് 2 താരങ്ങൾ, ബോളിങ്ങിൽ ബുമ്രയുടെയും, ഷമിയുടെയും അഭാവം ഇന്ത്യക്ക് തിരിച്ചടിയായി.
ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ച മട്ടാണ്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ശ്രീലങ്ക ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 3 ഓവറിൽ 15 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് രാഹുലിന്റെയും കോഹ്‌ലിയുടെയും വിക്കറ്റ് നഷ്ടമായി. രാഹുൽ 7 പന്തിൽ 6 റൺസുമായി ഒരു വിവാദ തീരുമാനത്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരത്തിലും അർദ്ധ സെഞ്ചുറി നേട്ടം കൈവരിച്ച കോഹ്ലിയാകട്ടെ നാല് പന്ത് നേരിട്ട് സംപൂജ്യനായി മടങ്ങി.
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ രോഹിത് ശർമയും സൂര്യ കുമാർ യാദവും ചേർന്നാണ് ഇന്ത്യയെ വൻ തകർച്ചയിൽനിന്നും കരകയറ്റിയത്. 41 പന്തിൽ 5 ബൗണ്ടറിയും 4 സിക്സും അടക്കം 72 റൺസാണ് രോഹിത് നേടിയത്. സൂര്യകുമാർ വമ്പനടികൾക്ക് മുതിരാതെ രോഹിതിന് പിന്തുണ നൽകികൊണ്ട് കളിച്ച് 29 പന്തിൽ നിന്നും ഒന്നുവീതം ബൗണ്ടറിയും സിക്സ്സും നേടി 34 റൺസ് എടുത്തു. മറ്റാർക്കും 20 റൺസിന് മുകളിൽ നേടാനായില്ല. അവസാന ഓവറുകളിൽ അശ്വിനെടുത്ത റൺസ് ആണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. 7 പന്തുകളിൽ ഒരു സിക്സ് അടക്കം 15 റൺസ് എടുത്തപ്പോൾ ഇന്ത്യൻ സ്കോർ 20 ഓവറിൽ 173/8 എന്ന നിലയിൽ എത്തി.
174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ ഓപ്പണർമാർ മികച്ച രീതിയിൽ തന്നെ തുടങ്ങിയപ്പോൾ ഇന്ത്യ അപകടം മണത്തു. പത്തും നിസ്സംഘയും കുശാൽ മെൻഡീസും അർദ്ധ സെഞ്ചുറി നേടി ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ചഹാൽ ആണ് ഇരുവരുടെയും വിക്കറ്റ് നേടിയത്. പിന്നീട് വന്ന അസലങ്കയും ഗുനതിലകയും വന്നപോലെ മടങ്ങിയപ്പോൾ ഇന്ത്യൻ ക്യാമ്പ് ഉണർന്നു. എങ്കിലും ആ ആവേശം അധികനേരം നീണ്ടുനിന്നില്ല. നായകൻ ദസൂൺ ശനാകയും ഭാനുക രാജപക്സെയും ചേർന്ന കൂട്ടുകെട്ട് അവരെ വിജയത്തിൽ എത്തിക്കുകയായിരുന്നു.
മത്സരത്തിൽ എല്ലാവരുടെയും ചിരിപടർത്തിയ ഒരു രംഗവും അരങ്ങേറി. പന്ത്രണ്ടാം ഓവറിലായിരുന്നു സംഭവം. ചഹാൽ എറിഞ്ഞ ആദ്യ പന്തിൽ നിസ്സംഗ പുറത്തായിരുന്നു. പിന്നീട് വന്ന അസലങ്ക റൺ ഒന്നും എടുക്കാതെ നാലാം പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. ബാക്ക്വർഡ് സ്ക്വയർ ലെഗ്ഗിൽ നിൽക്കുകയായിരുന്ന സൂര്യകുമാർ യാദവിന് ഈസി ക്യാച്ച്. പന്ത് പിടിച്ച ആവേശത്തിൽ അദ്ദേഹം ആകാശത്തേക്ക് വലിച്ചെറിയുകയായിരുന്നു. അലക്ഷ്യമായി എറിഞ്ഞ പന്ത്, വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങളുടെ മേൽ പതിക്കാൻ പോകുമ്പോൾ അവർ ഓടിമാറാൻ ശ്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.
11 ഓവറിൽ 97/0 എന്ന നിലയിൽ നിന്നും 14 ഓവറിൽ 110/4 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ പിടിച്ചുയർത്തിയത് നായകൻ ദസൂൺ ശനാകയും ഭാനുക രാജപക്സെയും ചേർന്ന കൂട്ടുകെട്ട് ആയിരുന്നു. 18 പന്തിൽ നിന്നും 4 ബൗണ്ടറിയും ഒരു സിക്സും അടക്കം 33 റൺസ് എടുത്ത ശനക തന്നെയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും. നേരത്തെ ബോളിംഗിൽ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു അദ്ദേഹം.
ഇതോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ തുലാസിലായി. ഇന്ന് നടക്കുന്ന മത്സരത്തിൽ പാകിസ്താൻ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഫൈനൽ കാണാതെ പുറത്താകും. മറിച്ചാണെങ്കിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ വൻ മാർജിനിൽ തോൽപ്പിക്കുകയും പാക്കിസ്ഥാൻ ശ്രിലങ്കയോടു പരാജയപ്പെടുകയും വേണം. അപ്പോൾ ഓരോ വിജയം വീതം നേടിയ ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ടീമുകളിൽ മികച്ച നെറ്റ് റൺ നിരക്ക് ഉള്ള ടീം ഫൈനലിൽ ശ്രീലങ്കയെ നേരിടും.