ട്വന്റി-20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് ദയനീയമായി തോറ്റതിന് ശേഷം ഇന്ത്യൻ ടീമിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്, ട്വന്റി-20 ഫോർമാറ്റിന് യോജിക്കാത്ത താരങ്ങളെ കുത്തി നിറച്ച ഈ ടീം സെമിഫൈനൽ വരെ എത്തിയത് തന്നെ അവിശ്വസനീയം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്, മത്സര ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബോളർമാരുടെ പ്രകടനത്തെ വിമർശിച്ചിരുന്നു, എന്നാൽ ബോളർമാരുടെ മേൽ മാത്രം പഴിചാരിയ രോഹിത്തിന്റെ നിലപാടിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് വിരേന്ദർ സേവാഗ്, ആദ്യ 12 ഓവറിൽ 82 റൺസ് എടുത്ത ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാരുടെ മോശം പ്രകടനത്തെയാണ് സേവാഗ് വിമർശിച്ചിരിക്കുന്നത്, ഈ പിച്ചിലെ ശരാശരി സ്കോർ 150-160 ആയിരിക്കാം പക്ഷെ ഒരു ബാറ്റർ നിലയുറപ്പിച്ച് കഴിഞ്ഞാൽ ഈ ടോട്ടൽ ഒരിക്കലും സുരക്ഷിതമല്ല അത് മനസ്സിലാക്കി വേണം ടോപ് ഓർഡർ ബാറ്റർമാർ കളിക്കേണ്ടിയിരുന്നത് എന്നും സേവാഗ് അഭിപ്രായപ്പെട്ടു.
ഈ ലോകകപ്പിൽ ഇന്ത്യൻ നിരയിൽ വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക്ക് പാണ്ഡ്യ എന്നിവർ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തവർ,
കെ.എൽ രാഹുൽ- രോഹിത് ശർമ ഓപ്പണിങ്ങ് ജോഡി തീർത്തും പരാജയം ആയിരുന്നു ഈ ലോകകപ്പിൽ, ഫീൽഡിങ് നിയന്ത്രണങ്ങൾ ഉള്ള പവർപ്ലേ ഓവറുകളിൽ പോലും നന്നായി റൺസ് സ്കോർ ചെയ്യാൻ ഇരുവർക്കും സാധിച്ചില്ല ഇത് പിന്നീട് വരുന്ന ബാറ്റർമാർക്ക് ഇരട്ടി ഭാരവും സമ്മർദ്ധവും ആണ് സമ്മാനിച്ചത്, കെ.എൽ രാഹുലിന്റെ പ്രകടനം പല മത്സരങ്ങളിലും ടീമിൽ സ്ഥാനം ഉറപ്പിക്കാൻ വേണ്ടി കളിക്കുന്നത് പോലെ ആയിരുന്നു, മറുവശത്ത് രോഹിത് ശർമയാകട്ടെ പഴയ പ്രതാപത്തിന്റെ നിഴലിൽ ആയിരുന്നു, ജസ്പ്രീത് ബുമ്രയുടെ അഭാവം ബോളിംഗ് ഡിപ്പാർട്മെന്റിൽ നന്നായി നിഴലിച്ചു കണ്ടു, ശിഖർ ധവാന്റെ കീഴിൽ കളിച്ച ഇന്ത്യയുടെ രണ്ടാം നിര ടീമിനെ ഈ ലോകകപ്പിന് ഇറക്കിയിരുന്നെങ്കിൽ അവർ ഇതിലും നന്നായി കളിച്ചേനെ എന്നാണ് പല ആരാധകരും അഭിപ്രായപ്പെടുന്നത്, ഈ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൊണ്ട് ട്വന്റി-20 ക്രിക്കറ്റിന് അനുയോജ്യരായ താരങ്ങളെ ഉൾപ്പെടുത്തി ടീം ഉടച്ചു വാർത്താൽ ഇന്ത്യൻ ടീമിന്റെ ഭാവിക്ക് അത് ഗുണം ചെയ്യും അല്ലെങ്കിൽ ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യും.
Written By: അഖിൽ. വി.പി. വള്ളിക്കാട്.