ട്വന്റി ട്വന്റി ലോകകപ്പ് ആദ്യ സെമിഫൈനലിൽ, സൂപ്പർ 12 ഘട്ടത്തിലെ ഒന്നാം ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തിയ ന്യൂസിലൻഡിനെ കീഴടക്കി പാക്കിസ്ഥാൻ ടീമിന് രാജകീയമായ ഫൈനൽ പ്രവേശം. ആദ്യ ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പാക്കിസ്ഥാൻ വെറും 3 വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ മറികടന്നു. അർദ്ധസെഞ്ചുറി നേടിയ ഓപ്പണർമാരായ നായകൻ ബാബർ അസമിന്റെയും വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്റെയും മികച്ച പ്രകടനമാണ് അവർക്ക് അനായാസവിജയം ഒരുക്കിയത്.
42 പന്തിൽ നിന്നും 7 ബൗണ്ടറി അടക്കം 53 റൺസ് എടുത്ത അസമിനെ ട്രെന്റ് ബോൾട്ട് പുറത്താക്കിയെങ്കിലും വളരെ വൈകിപ്പോയിരുന്നു. അപ്പോഴേക്കും അവർ 12.4 ഓവറിൽ 105 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. പിന്നീട് പതിനേഴാം ഓവറിൽ ടീം സ്കോർ 132ൽ നിൽക്കെ 43 പന്തിൽ 57 റൺസ് എടുത്ത റിസ്‌വാനും ബോൾട്ടിന്റെ പന്തിൽ തന്നെ പുറത്തായെങ്കിലും 26 പന്തിൽ 30 റൺസ് എടുത്ത മുഹമ്മദ് ഹാരിസ് വിജയം നേടിക്കൊടുത്തു.
നേരത്തെ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കയ്ൻ വില്യംസൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോപ് ഓർഡർ തകർന്നപ്പോൾ 8 ഓവറിൽ 49/3 എന്ന നിലയിൽ ആയിരുന്ന അവരെ നാലാം വിക്കറ്റിൽ ഒത്തുചേർന്ന വില്യംസനും മിച്ചലും ചേർന്നു നേടിയ 68 റൺസിന്റെ കൂട്ടുകെട്ടാണ് കൈപിടിച്ചുയർത്തിയത്. ഫിൻ അലൻ 4 റൺസും ഗ്ലെൻ ഫിലിപ്സ് 6 റൺസും കോൺവെ 21 റൺസും എടുത്തു പുറത്തായി. വില്യംസൻ 46 റൺസ് നേടി പുറത്തായശേഷം എത്തിയ ജിമ്മി നീഷാം 12 പന്തിൽ 16 റൺസ് എടുത്ത് പുറത്താകാതെ നിന്നു; മിച്ചൽ 35 പന്തിൽ 53 റൺസും. പാക്കിസ്ഥാന് വേണ്ടി ഷഹീൻ ഷാ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒരു വിക്കറ്റ് മുഹമ്മദ് നവാസിനു ലഭിച്ചു.
മത്സരത്തിൽ പാക്കിസ്ഥാൻ നായകൻ ബാബർ അസമിനെ ഗോൾഡൺ ഡക്കായി പുറത്താക്കാൻ ലഭിച്ച സുവർണാവസരം ന്യൂസിലൻഡ് കൈവിട്ടിരുന്നു. ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ ഒരു മികച്ച ഷോട്ട് കളിക്കാനായി ആഞ്ഞുവീശിയ അസമിന്റെ എഡ്ജ് തട്ടി പോയ പന്ത് വിക്കറ്റ് കീപ്പർ കോൺവേക്ക് കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല. ആദ്യം തന്റെ ഇടതുവശത്തേക്ക് പതുക്കെ നീങ്ങിയിരുന്ന അദ്ദേഹത്തിന് പെട്ടെന്ന് വലതുവശത്തെക്ക് പന്ത് താഴ്ന്നുവന്നപ്പോൾ മികച്ചൊരു ഒറ്റക്കൈ ഡൈവിങ്ങ് ശ്രമം നടത്തിയിട്ടും പാഴായിപ്പോകുകയാണ് ഉണ്ടായത്.
ടൂർണമെന്റിലെ ഏറ്റവും മികച്ച ഫീൽഡിംഗ് നിരയായി സെമിയിൽ എത്തിയിരുന്ന ന്യൂസിലാന്റിന് അതേ മികവ് ഇന്ന് സിഡ്നിയിൽ തുടരാൻ കഴിഞ്ഞില്ല. ഇതിനുമുൻപ് 19 ക്യാച്ച് അവസരങ്ങൾ അവർ മുതലാക്കിയപ്പോൾ വെറും മൂന്ന് ക്യാച്ച് മാത്രമേ നഷ്ടമാക്കിയിരുന്നുള്ളൂ. എന്നാലിന്ന് ഏകദേശം 3 ക്യാച്ചുകൾ പാഴാക്കുകയും കൂടാതെ 2 റൺ ഔട്ട് അവസരങ്ങളും നഷ്‌ടമാക്കുകയും ചെയ്തു. ഇതും പാക്കിസ്ഥാൻ വിജയത്തിൽ നിർണായകമായി.