ഐപിഎൽ പതിനാറാം സീസണിന്റെ ഒന്നാം ക്വാളിഫയർ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ 15 റൺസിന് പരാജയപ്പെടുത്തി, ചെന്നൈ തങ്ങളുടെ പത്താം ഐപിഎൽ ഫൈനലിലേക്ക് യോഗ്യത നേടി. ആർത്തിരമ്പിയ ചെന്നൈ കാണികളുടെ മുൻപിൽ പ്ലേഓഫ് കളിക്കാൻ കഴിഞ്ഞ ആനുകൂല്യത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത അവർ, ടേബിൾ ടോപ്പേഴ്സായി എത്തിയ ഗുജറാത്തിനെ നിഷ്പ്രഭമാക്കി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ, ഓപ്പണർമാരായ ഗെയ്ക്‌വാദിന്റെയും(60) കോൺവെയുടെയും(40) മികവിൽ ഭേദപ്പെട്ട തുടക്കം കുറിക്കുകയും, രഹാനെ, അമ്പാട്ടി റായിഡു, ജഡേജ എന്നിവരുടെ ചെറുസംഭാവനകളും കൂടിയായപ്പോൾ, അത്യാവശ്യം നല്ല സ്കോർ കണ്ടെത്തുകയും ചെയ്തു. മറുപടി ബാറ്റിങ്ങിൽ ഒരുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും 42 റൺസുമായി പൊരുതിയത്, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടിയ ഓപ്പണർ ഗിൽ ആയിരുന്നു.
പേസർ ദീപക് ചഹാറിന്റെ പന്തിൽ
ഗിൽ പുറത്താകുമ്പോൾ സ്കോർ 13.1 ഓവറിൽ 88/5. അതോടെ ചെന്നൈ ആരാധകർ ആഘോഷം തുടങ്ങി. പക്ഷേ പിന്നീടെത്തിയ റാഷിദ് ഖാൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. 16 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 30 റൺസെടുത്ത അദ്ദേഹം, വമ്പനടികൾ തുടങ്ങിയതോടെ ചെന്നൈ ഗാലറി പതിയെ നിശബ്ദമായി തുടങ്ങിയിരുന്നു. അത്രയും മികച്ച ഫോമിൽ നിൽക്കുന്ന താരമാണ് അദ്ദേഹം, മത്സരം ഒറ്റയ്ക്ക് പിടിച്ചെടുക്കാൻ കഴിവുള്ള താരം.
പക്ഷേ ചെന്നൈ നായകൻ ധോണിയൊരുക്കിയ കെണിയിൽ റാഷിദ് ഖാൻ വീണുപോകുകയായിരുന്നു. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ പത്തൊമ്പതാം ഓവറിന്റെ മൂന്നാം പന്തിലാണ് അദ്ദേഹം പുറത്താകുന്നത്. തുടർച്ചയായി ഓഫ് സ്റ്റമ്പിനു വെളിയിൽ എറിയാൻ, ധോണി ബോളർക്ക് നിർദേശം നൽകുകയായിരുന്നു. ആദ്യ പന്തിൽ പക്ഷേ, എക്സ്ട്രാ കവറിലൂടെ അദ്ദേഹം ബൗണ്ടറി നേടിയെങ്കിലും, അതേ പന്ത് തന്നെ എറിയാൻ ധോണി പറഞ്ഞു. ഓഫ് സ്റ്റമ്പിന് വെളിയിൽ വൈഡ് ലൈനിനോട് ചേർന്നെറിഞ്ഞ രണ്ടാം പന്തിൽ റാഷിദ് ഖാന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഒടുവിൽ അതേ ലൈനിൽ ലോ ഫുൾടോസായി വന്ന അടുത്ത പന്തിൽ ആഞ്ഞുവീശിയ റാഷിദ് നോക്കുമ്പോൾ, പന്ത് നേരെ ഡീപ് പോയിന്റ് ബൗണ്ടറിയിൽ കാവൽനിന്നിരുന്ന ഡെവോൺ കോൺവെയുടെ കൈകളിൽ ഭദ്രം. അന്നേരം ചെന്നൈ ഡഗ്ഔട്ട് ഒന്നടങ്കം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അവരുടെ കോച്ചിംഗ് സ്റ്റാഫിൽ ഉൾപ്പെട്ട മുൻ ചെന്നൈ താരവുമായ ഡ്വൈൻ ബ്രാവോ, തന്റെ പ്രതാപകാലത്തെ ഓർമിപ്പിക്കുംവിധം ബൗണ്ടറിലൈനിൽ തുള്ളിച്ചാടി ആഘോഷിക്കുന്ന ദൃശ്യങ്ങളും ഇന്റർനെറ്റിൽ തരംഗമായി.