ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഈ സീസണിലെ അവസാനത്തെയും ഏറ്റവും നിർണായകവുമായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിന് മികച്ച സ്കോർ. തകർപ്പൻ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ മികവിൽ, അവർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണ് നേടിയിരിക്കുന്നത്. നായകൻ ഡു പ്ലെസ്സി(19 പന്തിൽ 28), മൈക്കൽ ബ്രൈസ്‌വെൽ(16 പന്തിൽ 26), അനുജ് റാവത്ത്( 15 പന്തിൽ 23*) എന്നിവരും തിളങ്ങി.
ഇന്ന് നേരത്തെ നടന്ന മത്സരത്തിൽ ഹൈദരാബാദിനെ എട്ട് വിക്കറ്റിന് കീഴടക്കിയ മുംബൈ ഇന്ത്യൻസ്, 16 പോയിന്റോടെ പട്ടികയിൽ നാലാമത് എത്തിനിൽക്കുന്നു. 14 പോയിന്റ് ഉള്ള ബംഗളൂരു ഇന്ന് പരാജയപ്പെടുകയാണെങ്കിൽ, മുംബൈയ്ക്ക് പ്ലേഓഫിലേക്ക് മുന്നേറാം. വിജയം മാത്രം ലക്ഷ്യമിട്ട് ബോളിങ്ങിന് ഇറങ്ങുന്ന ബംഗളൂരുവിന് ജയിക്കാനായാൽ, മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ മുംബൈയെ മറികടന്ന് പ്ലേഓഫിൽ പ്രവേശിക്കാം.
61 പന്തിൽ നിന്നും 13 ഫോറും ഒരു സിക്സും അടക്കം 101 റൺസോടെ പുറത്താകാതെ നിന്ന വിരാട് കോഹ്‌ലി ഒരുപിടി റെക്കോർഡുകളും നേടിയിരുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെഞ്ചുറി നേട്ടം(7 തവണ) എന്ന റെക്കോർഡ്, കോഹ്‌ലി ഇന്നത്തെ ഇന്നിങ്സോടെ സ്വന്തം പേരിലാക്കി. 6 സെഞ്ചുറികൾ നേടിയ ക്രിസ് ഗെയിലിനെയാണ് പിന്തള്ളിയത്. മാത്രമല്ല, കഴിഞ്ഞ മത്സരത്തിലും സെഞ്ചുറി നേടിയ അദ്ദേഹം, തുടർച്ചയായ മത്സരങ്ങളിൽ സെഞ്ചുറിനേട്ടം കൊയ്യുന്ന മൂന്നാമത്തെ താരവുമായി. 2020ൽ ഡൽഹിയുടെ ശിഖർ ധവാനും, 2022ൽ രാജസ്ഥാന്റെ ജോസ് ബട്ട്‌ലറുമാണ് ഇതിനുമുൻപ് ഈ നേട്ടത്തിൽ എത്തിയത്.
സെഞ്ചുറി ഇന്നിങ്സ് വീഡിയോ..