കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ 9 വിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത അവർ കൊൽക്കത്തയെ നിശ്ചിത 20 ഓവറിൽ 149/8 എന്ന നിലയിൽ ഒതുക്കുകയും മറുപടി ബാറ്റിങ്ങിൽ വെറും 13.1 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. ഓപ്പണർ ജെയ്സ്‌വാൾ 98 റൺസ് എടുത്തും നായകൻ സഞ്ജു സാംസൺ 48 റൺസ് എടുത്തും പുറത്താകാതെ നിന്നു. ജെയ്സ്‌വാളാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തിൽ വെറും 13 പന്തിൽ നിന്നും അർദ്ധസെഞ്ചുറി നേടിയ അദ്ദേഹം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേടിയതിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കി. അതിനുമുമ്പ് ബോളിങ് സമയത്ത് നാലോവറിൽ വെറും 25 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ചഹാൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരന്റെ റെക്കോർഡും നേടിയെടുത്തു.
മത്സരത്തിലെ ഏറ്റവും ദൂരമേറിയ സിക്സ് അടിച്ചതിനുള്ള ‘വിസിറ്റ് സൗദി; ബിയൊണ്ട് ദി ബൗണ്ടറീസ്’ അവാർഡ് ലഭിച്ചത് മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസനായിരുന്നു. മത്സരത്തിലാകെ അഞ്ച് സിക്സാണ് സഞ്ജു പറത്തിയത്. മത്സരശേഷം അവാർഡ് ഏറ്റുവാങ്ങാൻ വരുന്ന സമയത്ത് അവിടെ സമീപത്ത് നിൽക്കുകയായിരുന്ന സഹതാരം ഷിമ്രോൺ ഹെറ്റ്മയറെക്കൂടെ സഞ്ജു തന്നോടൊപ്പം അവാർഡ് വാങ്ങാൻ വിളിച്ചു കൊണ്ടുപോയിരുന്നു. ഈ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.