ഗ്രൗണ്ടിൽ ചിരി പടർത്തി സഞ്ജുവിന്റെ ക്യാച്ചിങ് നാടകം. മത്സരത്തിന്റെ 24 ആം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സംഭവം. ചൈനമാൻ ബോളറായ കുൽദീപ് യാദവ് ആയിരുന്നു പന്തെറിഞിരുന്നത്. ലെഗ് സൈഡിൽ വന്ന പന്ത് ഫ്ളിക്ക് ചെയ്യാൻ ശ്രമിച്ച ബാറ്റർ ലൂക്ക് ജോംഗ്വേക്ക് പിഴച്ചു. പന്ത് പാഡിൽ മുട്ടിയുരുമ്മി കീപ്പറായ സഞ്ജുവിന്റെ കൈകളിലേക്ക്.
പൊടുന്നനെ ഒരു വിക്കറ്റ് നേടിയ ആഹ്ലാദത്തിൽ പന്ത് ആകാശത്തേക്ക് വലിച്ചെറിഞ്ഞ് സഞ്ജു സാംസൺ ആഘോഷം തുടങ്ങി. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ കുൽദീപ് നോക്കിനിന്നു. സഹതാരങ്ങളും സ്തബ്ധരായി. പിന്നീടാണ് പന്ത് ബാറ്റിൽ കൊണ്ടിട്ടില്ല എന്നും പാഡിലാണ് കൊണ്ടതെന്നും എല്ലാവരും മനസ്സിലാക്കിയത്. എന്തായാലും ഒരു നിമിഷം ചെറിയൊരു പുഞ്ചിരി സമ്മാനിക്കാൻ സഞ്ജുവിന് സാധിച്ചു.
നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ കെ എൽ രാഹുൽ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നല്ലൊരു പിച്ചായി കാണുന്നുവെന്നും മത്സരം രാവിലെ നേരത്തേ തുടങ്ങുന്നതുകൊണ്ട് പിച്ചിൽ സ്വല്പം ഈർപ്പം ഉണ്ടാകുമെന്ന് തോന്നുന്നുവെന്നും രാഹുൽ പറഞ്ഞു. അതുകൊണ്ട് തന്നെ ഇന്ത്യൻ ബോളർമാർക്ക് മത്സരത്തിന്റെ ആദ്യ മണിക്കൂറുകളിൽ നല്ല പിന്തുണ ലഭിച്ചേക്കാം എന്നും അദ്ദേഹം വ്യക്തമാക്കി. ആ തീരുമാനം ശരിവച്ചുകൊണ്ട് ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു.
പേസർമാരായി സിറാജും പ്രസിദും പരുക്കുമാറി മടങ്ങിയെത്തിയ ദീപക് ചാഹാറും, സ്പിന്നർമാരായി കുൽദീപ് യാദവും അക്സർ പട്ടേലും ടീമിൽ ഇടംപിടിച്ചു. ഓൾറൗണ്ടർ ശർദുൽ താക്കുറിന് ഇടം നേടാനായില്ല. മൂന്ന് വിക്കറ്റ് കീപ്പർമാർ (ഇഷാനും, രാഹുലും, സഞ്ജുവും) ടീമിൽ ഉൾപ്പെട്ടപ്പോൾ കീപ്പർ നിൽക്കാൻ അവസരം ലഭിച്ചത് മലയാളി താരം സഞ്ജു വി സാംസനായിരുന്നു. താരം മികച്ച രണ്ട് ക്യാച്ചുകൾ എടുക്കുകയും ചെയ്തു.
തുടക്കത്തിൽ ലൈനും ലെങ്‌തും കണ്ടെത്താൻ അല്പം വിഷമിച്ചെങ്കിലും പിന്നീടങ്ങോട്ട് മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കുന്നതാണ് കാണാൻ സാധിച്ചത്. ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 25 എന്നതിൽ നിന്നും 31-4 എന്ന നിലയിലേക്ക് സിംബാബ്‌വെ കൂപ്പുകുത്തി. പിന്നീട് നായകൻ ചക്കബാക്കൊപ്പം സിക്കന്ദേർ റാസായും ചേർന്ന് ഒരല്പം ചെറുത്തുനിൽപ് നടത്തി. എങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി ഇന്ത്യൻ ബോളർമാർ കരുത്തുകാട്ടി.
ഗ്രൗണ്ടിൽ ചിരി പടർത്തി സഞ്ജുവിന്റെ ക്യാച്ചിങ് നാടകം ; വീഡിയോ കാണാം.
ഒൻപതാം വിക്കറ്റിൽ ഒത്തുചേർന്ന ബ്രാഡ് ഇവൻസും എൻഗരാവയും നടത്തിയ മിന്നലാക്രമണമാണ് സിംബാബ്‌വെയെ പൊരുതാവുന്ന ഒരു ടോട്ടലിലേക്ക് എത്തിച്ചത്. 70 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ഇരുവരും ഇന്ത്യക്കെതിരെ സിംബാബ്‌വെ ടീമിന്റെ ഏറ്റവും ഉയർന്ന ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിന്റെ പുതിയ റെക്കോർഡ് സ്വന്തമാക്കി. എൻഗരാവയെ ക്ലീൻ ബോൾഡ് ആക്കി പ്രസിദ്ധ കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇന്ത്യക്കായി ദീപക് ചഹര്‍, അക്‌സർ പട്ടേൽ, പ്രസിദ്ധ കൃഷ്ണ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 40.3 ഓവറിൽ 189 റൺസിന് സിംബാബ്‌വെ എല്ലാവരും പുറത്തായി.