ഇന്ത്യയും സിബാബ് വെയുമായുള്ള ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ ആധികാരിക വിജയം, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ. എൽ. രാഹുൽ ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബോളർമാരുടെ പ്രകടനം, മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ സിംബാബ് വെയുടെ ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല.
ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോൾ മത്സരം ഇന്ത്യയുടെ വരുതിയിലേക്ക് വന്നു. പരിക്ക് മൂലം ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന ദീപക് ചഹർ തന്റെ തിരിച്ചു വരവ് സിംബാബ് വെയുടെ ഓപ്പണിങ്ങ് ബാറ്റർമാരെ പുറത്താക്കിക്കൊണ്ടാണ് ആഘോഷിച്ചത്. ഏഴാം ഓവറിൽ സിംബാവെയുടെ ഓപ്പണർ ഇന്നസെന്റ് കൈയ്യയെ സഞ്ജു സാംസന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.
പുൾ ഷോട്ടിന് ശ്രമിച്ച താരത്തിന്റെ ബാറ്റിൽ കൊണ്ട പന്ത് ആദ്യ ശ്രമത്തിൽ സഞ്ജു സാംസൺ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നാൽ രണ്ടാം ശ്രമത്തിൽ സഞ്ജുവിന് പിഴച്ചില്ല, പിന്നാലെ മറുമാണി (8) വെസ്ലി മാധവേര (5) എന്നിവരെയും ദീപക് ചഹർ പവലിയനിലേക്കയച്ചു, സീൻ വില്യംസിനെ(1) സിറാജും, ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സിബാബ് വെയെ വിജയത്തിലെത്തിച്ച മികച്ച ഫോമിലുള്ള സിക്കന്ദർ റാസയെ (12) പ്രസിദ് കൃഷ്ണയും മടക്കിയതോടെ അവരുടെ മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നു,
35 റൺസ് എടുത്ത ക്യാപ്റ്റൻ റെഗിസ് ചക്ബവ പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ അധിക നേരം പിടിച്ച് നിൽക്കാനായില്ല, 110/8 എന്ന നിലയിൽ തകർന്ന സിബാബ് വെയെ വാലറ്റക്കാരായ ബ്രാഡ് ഇവാൻസും (33) റിച്ചാർഡ് നഗ്രാവയും (34) ചേർന്നുള്ള 70 റൺസിന്റെ കൂട്ടുകെട്ടാണ് 189 എന്ന ടോട്ടലിൽ എങ്കിലും എത്തിച്ചത്.
കാണികൾ ഏതൊരു മത്സരത്തിന്റെയും അവിഭാജ്യ ഘടകമാണ്, താരങ്ങളെ പ്രോത്സാഹിപ്പിക്കാനും മത്സരത്തിന്റെ ചടുലതയ്ക്കും സൗന്ദര്യത്തിനും മിഴിവേകാൻ കാണികളുടെ സ്വാധീനം അത്രയേറെ വലിയ പങ്കാണ് വഹിക്കുന്നത്, കാണികളുടെ ഗാലറിയിലെ പ്രകടനങ്ങൾ പലപ്പോഴും ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കാറുമുണ്ട്, വീഡിയോ കാണാം :
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന് അപരാജിത ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ വിജയിപ്പിക്കുകയായിരുന്നു, ക്രീസിൽ നിലയുറപ്പിച്ച ഇരുവരും ബൗണ്ടറികളിലൂടെയും സിംഗിൾ എടുത്തും സ്കോർ ചലിപ്പിച്ച് കൊണ്ടിരുന്നു, 113 പന്തിൽ 9 ഫോർ അടക്കം 81* എടുത്ത് ധവാനും, 72 ബോളിൽ 10 ഫോറും 1 സിക്സറും അടക്കം 82* റൺസുമായി ഗില്ലും ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു, 3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഓഗസ്റ്റ് 20 ശനിയാഴ്ച നടക്കും.