Categories
Cricket Latest News

ഇംഗ്ലണ്ടിനെ നാണംകെടുത്തി ദക്ഷിണാഫ്രിക്കയുടെ വമ്പൻ ജയം ; ലോർഡ്സിൽ ഇന്നിങ്സ് ജയവുമായി ദക്ഷിണാഫ്രിക്ക

പുതിയ ക്യാപ്റ്റൻ കീഴിൽ തുടർച്ചയായ 4 വിജയങ്ങൾക്ക് ശേഷം തോൽവിയറിഞ്ഞ് ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം നാട്ടിൽ നടന്ന മത്സരത്തിലാണ് ഇംഗ്ലണ്ട് ഇന്നിങ്സിന്റെയും 12 റൺസിന്റെയും തോൽവിയറിഞ്ഞത്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ 165 റൺസ് മാത്രം നേടിയാണ് മടങ്ങിയത്. പിന്നാലെ ദക്ഷിണാഫ്രിക്ക 326 റൺസ് അടിച്ചു കൂട്ടി 161 റൺസ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് 149 റൺസ് നേടുന്നതിനിടെ 10 വിക്കറ്റും നഷ്ട്ടമായി.

3 വിക്കറ്റുമായി നോർജെയും 2 വിക്കറ്റ് വീതവുമായി റബാഡ, മഹാരാജ്, ജാൻസൻ എന്നിവരും തിളങ്ങിയപ്പോൾ മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ ഫലം കണ്ടു. ഇംഗ്ലണ്ട് നിരയിൽ ഓപ്പണർ അലക്സ് ലീസ് (35), ബ്രോഡ് (35) എന്നിവർ മാത്രമാണ് തിളങ്ങിയത്. റൂട്ട് രണ്ട് ഇന്നിങ്സിലും രണ്ടക്കം കാണാതെ പുറത്തായി നിരാശപ്പെടുത്തി.

സ്റ്റോക്‌സ് (20), ബെയ്‌സ്റ്റോ (18) എന്നിവരും മധ്യനിരയിൽ രണ്ടാം ഇന്നിങ്സിലും പരാജയമായി. ആദ്യ ഇന്നിംഗ്‌സിൽ 73 റൺസ് നേടി രക്ഷകനായ ഒല്ലി പോപ്പ് ഇത്തവണ 5 റൺസ് മാത്രം നേടി എൽബിഡബ്ല്യൂവിലൂടെ പുറത്തായി. 2 ഇന്നിംഗ്‌സിൽ നിന്നായി 7 വിക്കറ്റ് വീഴ്ത്തിയ റബാഡയാണ് ടോപ്പ് സ്‌കോറർ.

നേരെത്തെ, ഏർവി (73), എൽഗാർ (47), ജാൻസൻ (48), മഹാരാജ് (41) എന്നിവരുടെ പ്രകടനത്തിന്റെ കരുത്തിലാണ് ആദ്യ ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക 326 റൺസ് നേടിയത്. ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന്റെ അവസാനത്തിൽ മഹാരാജ്-ജാൻസൻ നിർണായകമായി മാറിയിരുന്നു. ഇരുവരും 72 റൺസിന്റെ പാർട്ണർഷിപ്പ് പടുത്തുയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *