ഇന്ത്യ – സിംബാബ്‌വെ തമ്മിലുള്ള രണ്ടാം മത്സരത്തിനിടെ ഇഷാൻ കിഷനും അക്‌സർ പട്ടേലും തമ്മിൽ രസകരമായ പോര് അരങ്ങേറിയിരുന്നു. സിംബാബ്‌വെ ഇന്നിംഗ്‌സിനിടെ ഹൂഡ എറിഞ്ഞ 28ആം ഓവറിൽ ബൗണ്ടറി ലൈനിൽ നിന്ന് വിക്കറ്റ് കീപ്പർക്കായി ഇഷാൻ കിഷൻ എറിഞ്ഞ പന്ത് ഇടയിൽ നിൽക്കുകയായിരുന്ന അക്‌സർ പട്ടേലിന്റെ ദേഹത്ത് കൊണ്ടതാണ് സംഭവം. ദേഹത്ത് പന്ത് കൊണ്ട അക്‌സർ പട്ടേലിന് ഇത് രസിച്ചില്ല.
ഉടനെ പ്രകോപിതനായി ഇഷാൻ കിഷൻ നേരെ നോക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. തന്റെ തെറ്റ് മനസ്സിലാക്കിയ യുവതാരം കിഷൻ ഉടനെ കൈ ഉയർത്തി മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഏതായാലും സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ ഇതിന്റെ വീഡിയോ തരംഗമായിരിക്കുകയാണ്.
അതേസമയം 162 വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 18 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 116 റൺസ് നേടിയിട്ടുണ്ട്. 15 പന്തിൽ 9 റൺസുമായി സഞ്ജു സംസനും 21 പന്തിൽ 17 റൺസുമായി ഹൂഡയുമാണ് ക്രീസിൽ. രാഹുൽ (1), ധവാൻ(33), ഗിൽ (33), കിഷൻ (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്.
നേരെത്തെ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെയെ ഇന്ത്യൻ ബൗളർമാർ 161 റൺസിൽ എറിഞ്ഞൊതുക്കുകയായിരുന്നു. 42 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം സീൻ വില്യംസാണു സിംബാബ്‍വെയുടെ ടോപ് സ്കോറർ. റിയാൻ ബുള്‍ 47 പന്തിൽ 39 റൺസെടുത്തു പുറത്താകാതെ നിന്നു.ഇന്ത്യയ്ക്ക് വേണ്ടി താക്കൂർ 3 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ആദ്യ മത്സരത്തില്‍ സിംബാബ്‌വെ ഉയർത്തിയ 190 വിജയലക്ഷ്യം ഓപ്പണിങ് കൂട്ടുകെട്ട് തകരാതെ ഇന്ത്യ ചെയ്‌സ് ചെയ്തിരുന്നു. 10 വിക്കറ്റിന് ജയിച്ചപ്പോള്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (81), ശുഭ്മാന്‍ ഗില്‍ (82) എന്നിവര്‍ക്ക് മാത്രമാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. പരമ്പരയിൽ ശേഷിക്കുന്ന അവസാന മത്സരം 22നാണ്.