വെള്ളിയാഴ്ച ഇംഗ്ലണ്ടിനെതിരായ ആറാം ടി20യിലെ തോൽവിക്ക് ശേഷം പാകിസ്ഥാൻ ബൗളിംഗ് കോച്ച് ഷോൺ ടെയ്റ്റ് വാർത്താസമ്മേളനത്തിൽ നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഗദ്ദാഫി സ്റ്റേഡിയത്തിൽ 8 വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻ ടെയ്റ്റിനെയാണ് പാകിസ്ഥാൻ അയച്ചത്. “നമ്മൾ മോശമായി തോൽക്കുമ്പോൾ… വാർത്താസമ്മേളനത്തിന് അവർ എന്നെ അയയ്ക്കുന്നു.” എന്നായിരുന്നു മുൻ ഓസ്‌ട്രേലിയൻ താരം കൂടിയായ ടെയ്റ്റ് എത്തിയ ഉടനെ പറഞ്ഞത്.
ഇക്കാര്യം കേട്ട ഉടനെ അടുത്ത് ഉണ്ടായിരുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മോഡറേറ്റർ മൈക്രോഫോൺ സ്വിച്ച് ഓഫ് ചെയ്ത് ടെയ്‌റ്റിനോട് കാര്യം തിരക്കുകയായിരുന്നു. തന്റെ പ്രസ്താവന പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് അദ്ദേഹം ടെയ്റ്റിനെ അറിയിച്ചതായി തോന്നുന്നു. എന്നിരുന്നാലും, ടെയ്റ്റിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മത്സരത്തിൽ പാകിസ്ഥാൻ 6 വിക്കറ്റ് നഷ്ട്ടത്തിൽ ഉയർത്തിയ 170 വിജയലക്ഷ്യം ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ട്ടത്തിൽ 14.3 ഓവറിൽ മറികടന്നു. 41പന്തിൽ 13 ഫോറും 3 സിക്‌സും ഉൾപ്പെടെ പുറത്താകാതെ 88 റൺസ് നേടിയ ഓപ്പണർ സാൾട്ടിന്റെ വെടികെട്ടാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. 16 പന്തിൽ 26 റൺസ് നേടി ഡക്കറ്റ് പുറത്താകാതെ നിന്നു. ഹെയ്ൽസ് (27) മലാൻ (26) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്‌താൻ 59 പന്തിൽ 87 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമിന്റെ ഇന്നിംഗ്സാണ് ടീം സ്‌കോർ 169ൽ എത്തിച്ചത്. തകർപ്പൻ ഫോമിൽ ഉണ്ടായിരുന്ന റിസ്‌വാൻ ഇല്ലാതെയാണ് പാകിസ്ഥാൻ ഇറങ്ങിയത്. ഇംഗ്ലണ്ടിന്റെ ജയത്തോടെ 3-3ന് പരമ്പര സമനിലയിലാണ്. അവസാന പോരാട്ടം ഇന്ന് നടക്കും.