ഓസ്ട്രേലിയൻ ടീമിന് എതിരെ ഇന്ന് നടന്ന ട്വന്റി ട്വന്റി ലോകകപ്പിന് മുമ്പുള്ള സന്നാഹമത്സരത്തിൽ ഇന്ത്യൻ ടീം 6 റൺസിന് വിജയം കൈവരിച്ചിരുന്നു. ബ്രിസ്ബൈനിലെ ഗാബയിൽ വച്ച് നടന്ന പോരാട്ടത്തിൽ ഇന്ത്യയുടെ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവർ നിശ്ചിത ഇരുപത് ഓവറിൽ 180 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർ കെ എൽ രാഹുൽ, മധ്യനിര താരം സൂര്യകുമാർ യാദവ് എന്നിവർ അർദ്ധസെഞ്ചുറി നേടി തിളങ്ങിയപ്പോൾ ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തി. നായകൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, ദിനേശ് കാർത്തിക് എന്നിവർ യഥാക്രമം 15,19,20 എന്നിങ്ങനെ നന്നായി തുടങ്ങിയെങ്കിലും അത് മികച്ചൊരു സ്‌കോറിലേക്ക് കൺവേർട്ട് ചെയ്യാൻ കഴിഞ്ഞില്ല. കൈൻ റിച്ചാർഡ്സൺ നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ ഇന്ത്യൻ ടോട്ടൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു.
വെറും 5.4 ഓവറിൽ 64 റൺസ് നേടി നന്നായി തുടങ്ങിയ ഓസ്ട്രേലിയൻ ടീമിന് അവസാനം വരെ ആ മികവ് തുടരാൻ സാധിച്ചില്ല. 76 റൺസ് എടുത്ത നായകൻ ആരോൺ ഫിഞ്ച്, 35 റൺസ് നേടിയ ഓപ്പണർ മാർഷ്, 23 റൺസ് എടുത്ത മാക്സ് വെൽ എന്നിവരാണ് ടോപ് സ്കോറർമാർ. ഇന്ത്യക്കായി ഷമി മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും വീഴ്ത്തി ബോളിംഗിൽ തിളങ്ങി.
അവസാന 6 പന്തിൽ നാല് വിക്കറ്റ് ശേഷിക്കെ ഓസ്ട്രേലിയക്ക് വെറും 11 റൺസ് മാത്രമേ ജയിക്കാൻ വേണ്ടിയിരുന്നുള്ളു. എല്ലാവരെയും അമ്പരപ്പിച്ച ഷമി വെറും നാല് റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും ഒരു റൺഔട്ടും ഉൾപ്പെടെ നേടി തന്റെ മത്സരത്തിലെ ഒരേയൊരു ഓവറിലൂടെ ടീമിനെ വിജയത്തിൽ എത്തിച്ചു. ലോകകപ്പിന് മുമ്പ് പരുക്കേറ്റ ജസ്പ്രീത് ബൂംറക്ക് പകരമായാണ് ഷമി ടീമിൽ ഉൾപ്പെട്ടത്.
മത്സരത്തിൽ ഇന്ത്യക്കായി തിളങ്ങിയ സൂര്യകുമാർ യാദവ് പുറത്താകുന്നതിന് തൊട്ടുമുമ്പ് പറഞ്ഞ വാചകം സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്തതോടെ വൈറൽ ആയി മാറിയിരിക്കുകയാണ്. ഇന്ത്യൻ ഇന്നിംഗ്സിൽ അവസാന ഓവറിൽ ആയിരുന്നു സംഭവം. മൂന്നാം പന്ത് നേരിട്ട ശേഷം അടുത്ത പന്തിനായി തയ്യാറെടുക്കുമ്പോൾ ആണ് സൂര്യ തന്നോട് തന്നെ ഇത് പറയുന്നത്.
“ഷോട് കളിക്കാൻ ഒരു മൂഡ് വരുന്നില്ല..” എന്നായിരുന്നു ആ വാക്കുകൾ. തൊട്ടടുത്ത പന്തിൽ ബോളർ കൈൻ റിച്ചാർഡ്സണ് നേരിട്ടുള്ള ക്യാച്ച് നൽകി മടങ്ങി. മത്സരത്തിൽ ഇന്ത്യൻ ടീമിനായി അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച സൂര്യ വളരെ ക്ഷീണിതനായി കാണപ്പെട്ടു. 33 പന്തിൽ 6 ഫോറും ഒരു സിക്സും അടക്കം 50 റൺസ് നേടി അദ്ദേഹം. ലോകകപ്പിൽ ഇന്ത്യൻ മധ്യനിരയുടെ നെടുംതൂൺ ആകേണ്ട താരമാണ് സൂര്യകുമാർ യാദവ്.