Categories
Latest News

ഇതിനൊക്കെ 5 റൺസ് പിഴയോ?! ബംഗ്ലാദേശിനെതിരെ വിചിത്രമായ പിഴ വിധിച്ച് അമ്പയർ ; വീഡിയോ

ഈ ടി20 ലോകകപ്പ് അപൂർവമായ  പിഴകൾക്ക് വേദിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പന്ത് പിടിക്കുന്നതിനിടെ കൈയിൽ നിന്ന് വീണ ഗ്ലൗവിൽ കൊണ്ടത് കാരണം സൗത്താഫ്രിക്കയ്ക്ക് 5 റൺസ് വഴങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ  സൗത്താഫ്രിക്കയുമായുള്ള  മത്സരത്തിൽ മറ്റൊരു അപൂർവമായ രീതിയിൽ ബംഗ്ലാദേശിന് 5 റൺസ് പിഴ വഴങ്ങേണ്ടി വന്നിരിക്കുകയാണ്.

ശാഖിബുൽ ഹസൻ എറിഞ്ഞ 11ആം ഓവറിലാണ് സംഭവം. സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന റൂസ്സോയ്ക്ക് പന്തെറിയുന്നതിനിടെ വിക്കറ്റ് കീപ്പർ നൂറുൽ ഹസൻ നീങ്ങിയതാണ് പിഴ ലഭിക്കാൻ കാരണം. വിക്കറ്റിന് തൊട്ട് അരികിൽ ഉണ്ടായിരുന്ന ഹസൻ പന്ത് എത്തുന്നതിന് മുമ്പായി പിറകോട്ട് നീങ്ങുകയായിരുന്നു.

അമ്പയർ റോഡ് ടക്കർ ഇക്കാര്യം ശ്രദ്ധിക്കുകയും പിന്നാലെ മറ്റെ അമ്പയറുമായി ചർച്ച ചെയ്ത് 5 റൺസ് പിഴയായി നൽകുകയും ചെയ്തു.
ഐസിസി നിയമപ്രകാരം ബൗളര്‍ പന്തെറിയാന്‍ റണ്ണപ്പ് തുടങ്ങി കഴിഞ്ഞാല്‍ വിക്കറ്റ് കീപ്പര്‍ അനങ്ങാൻ പാടില്ല. ഇത് ലംഘിച്ചതിനാണ് ബംഗ്ലാദേശിന് പണി കിട്ടിയത്. 

മത്സരത്തിൽ സൗത്താഫ്രിക്ക 104 റൺസിന്റെ കൂറ്റൻ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക റൂസ്സോയുടെ സെഞ്ചുറി കരുത്തിൽ 205 റൺസ് നേടിയിരുന്നു. 56 പന്തിൽ 8 സിക്‌സും 7 ഫോറും സഹിതം 109 റൺസാണ് റൂസ്സോ അടിച്ചു കൂട്ടിയത്. 38 പന്തിൽ 63 റൺസ് നേടി ഡികോകും മികച്ച പിന്തുണയാണ് രണ്ടാം വിക്കറ്റിൽ നൽകിയത്.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന് 101 റൺസ് മാത്രമാണ് നേടാനായത്. സൗത്താഫ്രിക്കൻ ബൗളർമാർ 10 വിക്കറ്റും എറിഞ്ഞു വീഴ്ത്തി. നോർജെ 4 വിക്കറ്റും ശംസി 3 വിക്കറ്റും നേടി. 31 പന്തിൽ 34 റൺസ് നേടിയ ലിട്ടന് ദാസാണ് ടോപ്പ് സ്‌കോറർ.

Leave a Reply

Your email address will not be published. Required fields are marked *