ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിൽ തുടർച്ചയായ രണ്ടാം വിജയവുമായി ടീം ഇന്ത്യ. ഇന്ന് സിഡ്നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ടീം ദുർബലരായ നെതർലൻഡ്‌സിനെ 56 റൺസിന് പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ നാല് വിക്കറ്റിന് ടീം ഇന്ത്യ തോൽപ്പിച്ചിരുന്നു.
ഇതോടെ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ടീം ഇന്ത്യ, സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ പോയിന്റ് പട്ടികയിൽ നാല് പോയിന്റോടെ ഒന്നാം സ്ഥാനത്തേക്ക് കയറി. ഇന്നത്തെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത ദക്ഷിണാഫ്രിക്കയാണ് പട്ടികയിൽ രണ്ടാമത് ഉള്ളത്. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട നെതർലാൻഡ്സ് അവസാന സ്ഥാനത്താണ്.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുത്തു. രാഹുൽ 12 പന്തിൽ 9 റൺസെടുത്ത് തുടക്കത്തിലേ പുറത്തായെങ്കിലും രോഹിതും കോഹ്‌ലിയും സൂര്യകുമാറും ഇന്ത്യക്കായി അർദ്ധസെഞ്ചുറി നേടി തിളങ്ങി. നിശ്ചിത 20 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുത്തു. 25 പന്തിൽ നിന്നും 51 റൺസ് നേടി പുറത്താകാതെ നിന്ന സൂര്യയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലാൻഡ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഭുവനേശ്വർ കുമാർ, അർഷദീപ് സിംഗ്, അക്സർ പട്ടേൽ, അശ്വിൻ, എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശേഷിച്ച ഒരു വിക്കറ്റ് മുഹമ്മദ് ഷമിയും സ്വന്തമാക്കി.
മത്സരത്തിനിടെ തന്റെ വിക്കറ്റ് നേട്ടം ബൗണ്ടറിലൈനിൽ ഇരുന്ന് ആഘോഷിക്കുന്ന അർഷദീപ് സിംഗിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. പതിനെട്ടാം ഓവറിൽ ആയിരുന്നു സംഭവം. അഞ്ചാം പന്തിൽ വാൻ ബീക്കിനെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ കൈകളിൽ എത്തിച്ച അദ്ദേഹത്തിന് അവസാന പന്തിലും വിക്കറ്റ് ലഭിക്കുകയായിരുന്നു.
ഒരു മികച്ച യോർക്കർ എറിഞ്ഞ് സിംഗ്, ഫ്രെഡ് ക്ലാസ്സനേ വിക്കറ്റിന് മുന്നിൽ കുരുക്കിയെങ്കിലും അമ്പയർ നോട്ട്ഔട്ട് വിളിച്ചു. ഇന്ത്യ റിവ്യൂ കൊടുത്ത് അത് ഔട്ടായി ലഭിക്കുമ്പോൾ ഓവർ പൂർത്തിയാക്കിയ ശേഷം ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാനായി അർഷദീപ് പോയിരുന്നു. അവിടത്തന്നെ അദ്ദേഹം വിക്കറ്റ് നേട്ടം ആഘോഷമാക്കി. ഇരു കൈകളും വായുവിൽ ഉയർത്തി മുട്ടിന്മേൽ ഇരുന്ന അർഷദീപിന്റേ ഈ ആഘോഷം വേറെ ലെവൽ ആയിരിക്കുന്നുവെന്നാണ് ആരാധകരുടെ നിരീക്ഷണം.