Categories
Cricket Latest News

അവസാന പന്തിൽ പാക്ക് താരങ്ങളുടെ ചതിപ്രയോഗം; പക്ഷേ ഹീറോയായി അവതരിച്ച് റാസ..വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് ഇന്നലെ ഓസ്ട്രേലിയയിലെ പെർത്ത് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റായ പാക്കിസ്ഥാൻ ടീമിനെ ഒരു റൺ മാർജിനിൽ പരാജയപ്പെടുത്തിയ ടീം സിംബാബ്‌വെ, തങ്ങളെ ആരും അധികം വിലകുറച്ച് കാണേണ്ടതില്ല എന്ന് വ്യക്തമാക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒരു ഘട്ടത്തിൽ 13.4 ഓവറിൽ 95/3 എന്ന ഭേദപ്പെട്ട നിലയിൽ ആയിരുന്ന അവർ ശേഷം 14.4 ഓവറിൽ 95/7 എന്ന നിലയിലേക്ക് കൂപ്പൂകുത്തിയിരുന്നു. എങ്കിലും ചെറുത്തുനിൽപ് കാണിച്ച വാലറ്റത്തിന്റെ മികവിൽ അവർ നിശ്ചിത 20 ഓവറിൽ 130/8 എന്ന പൊരുതാവുന്ന സ്കോർ കണ്ടെത്തി. ആസിഫ് അലിക്ക് പകരം പാക്ക് ടീമിൽ ഇടംനേടിയ മുഹമ്മദ് വസീം ജൂനിയർ 4 വിക്കറ്റും സ്പിന്നർ ശദാബ് ഖാൻ 3 വിക്കറ്റും വീഴ്ത്തി.

പാക്കിസ്ഥാൻ മത്സരത്തിൽ അനായാസവിജയം നേടുമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാർ വിലയിരുത്തി. എന്നാൽ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. നാല് ഓവറിൽ വെറും 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ സിക്കന്ദർ റാസ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. പേസർ ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പിന്തുണ നൽകി.

ബ്രാഡ് ഇവാൻസ് എറിഞ്ഞ അവസാന ഓവറിൽ പാക്കിസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ് ആയിരുന്നു. ആദ്യ പന്തിൽ മുഹമ്മദ് നവാസ് ട്രിപ്പിൾ ഓടി. അടുത്ത പന്തിൽ ബോളറുടെ തലക്ക് മുകളിലൂടെ വസീം ജൂനിയർ ബൗണ്ടറി നേടി. അതോടെ നാല് പന്തിൽ നാല് റൺസ് മാത്രം ആവശ്യം. കമന്റേറ്റർമാരും മത്സരം തൽസമയം കണ്ടവരുമെല്ലാം പാക്കിസ്ഥാന്റെ വിജയം ഉറപ്പിച്ച നിമിഷങ്ങൾ… എന്നാൽ മൂന്നാം പന്തിൽ സിംഗിളും നാലാം പന്ത് ഡോട്ട് ബോളും ആയതോടെ മത്സരം വീണ്ടും കൊഴുത്തു. അഞ്ചാം പന്തിൽ നവാസ് ക്യാച്ച് ഔട്ട് കൂടിയായതോടെ പാക്ക് നിര അപകടം മണത്തുതുടങ്ങി.

അവസാന പന്തിൽ വിജയത്തിനായി മൂന്ന് റൺസ് നേടണം. സ്ട്രൈക്കിൽ ഉണ്ടായിരുന്നത് പുതിയ ബാറ്റർ ഷഹീൻ ഷാ അഫ്രീദി. രണ്ട് റൺസ് ഓടിയാൽ മത്സരം ടൈ ആക്കി സൂപ്പർ ഓവറിലെക്ക് നീട്ടിയെടുക്കാം എന്ന് മനസ്സിലാക്കിയ പാക്ക് താരങ്ങൾ ഒരു ചതിപ്രയോഗത്തിലൂടെ അത് നേടാൻ ശ്രമിക്കുകയായിരുന്നു. ഇവാൻസ് പന്തെറിഞ്ഞുതീരുന്നതിനുമുമ്പെ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന മുഹമ്മദ് വസീം മുന്നോട്ടോടി പിച്ചിന്റെ പകുതിയിലധികം ദൂരം പിന്നിട്ടുകഴിഞ്ഞിരുന്നു. ഷഹീൻ ലോങ് ഓണിലേക്ക്‌ പന്ത് തട്ടിയിട്ടു.

ഇത്ര പ്രതിസന്ധി നിമിഷത്തിലും തന്റെ മനസ്സാന്നിധ്യം കൈവിടാതെ ഫീൽഡർ സിക്കന്തർ റാസ സിംബാബ്‌വെക്ക് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു. ഞൊടിയിടയിൽ പന്ത് കൈക്കലാക്കിയ റാസ പന്ത് നേരെ വിക്കറ്റ് കീപ്പറുടെ അടുത്തേക്ക് എറിയുകയായിരുന്നു. ബോളിങ് എൻഡിൽ എറിഞ്ഞിരുന്നുവെങ്കിൽ അത് ഒരിക്കലും ഔട്ട് ആകില്ലായിരുന്നു. കാരണം വസീം ആദ്യമേ ഓട്ടം തുടങ്ങിയതുകൊണ്ട് വേഗം തന്നെ അവിടേക്ക് തിരിച്ചെത്തി. വിക്കറ്റ് കീപ്പർക്ക് ആദ്യ ശ്രമത്തിൽ പന്ത് കൃത്യമായി കൈകളിൽ ഒതുക്കാൻ കഴിഞ്ഞില്ല, എങ്കിലും പെട്ടെന്നുതന്നെ അദ്ദേഹം പന്തെടുത്ത് വിക്കറ്റിൽ കൊള്ളിക്കുകയും സിംബാബ്‌വെ താരങ്ങൾ തങ്ങളുടെ ചരിത്രവിജയം ആഘോഷിക്കാൻ തുടങ്ങുകയും ചെയ്തു.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *