അഡ്‌ലൈഡ് ഓവലിൽ നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 12ലെ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിൽ വില്ലനായി മഴയെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് 7 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 66 റൺസ് എടുത്തുനിൽക്കെയാണ് മഴ രസംകൊല്ലിയായി എത്തിയത്. ബംഗ്ലാദേശ് ഇന്നിംഗ്സ് 5 ഓവർ പിന്നിട്ടതിനാൽ മത്സരത്തിൽ ഒരു ഫലം ഉണ്ടാകുമെന്ന് ഉറപ്പായി.
ഇന്നത്തെ മത്സരത്തിന്റെ അവസാന മണിക്കൂറുകളിൽ മഴസാധ്യത പ്രവചിക്കപ്പെട്ടിരുന്നു. ഇത് മുൻകൂട്ടികണ്ട് ബംഗ്ലാ ഓപ്പണർ ലിട്ടൻ ദാസ് ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും കടന്നാക്രമിച്ചു വെറും 21 പന്തിൽ തന്റെ അർദ്ധസെഞ്ചുറി പൂർത്തിയാക്കി. 26 പന്തിൽ 7 ഫോറും 3 സിക്സും പറത്തി 59 റൺസോടെ ദാസ് പുറത്താകാതെ നിൽക്കുന്നു. മറ്റൊരു ഓപ്പണറായ ഷന്റോ 16 പന്ത് നേരിട്ട് എടുത്തത് വെറും 9 റൺസാണ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 2 റൺസ് എടുത്ത നായകൻ രോഹിത് ശർമ്മയെ തുടക്കത്തിലേ നഷ്ടപ്പെട്ടുവെങ്കിലും അർദ്ധസെഞ്ചുറി നേടി രാഹുലും കോഹ്‌ലിയും തിളങ്ങി. രാഹുൽ 50 റൺസ് എടുത്ത് പുറത്തായപ്പോൾ കോഹ്‌ലി 64 റൺസുമായി പുറത്താകാതെ നിന്നു. സൂര്യകുമാർ യാദവ് 30 റൺസും നേടി. 6 പന്തിൽ 13 റൺസ് എടുത്ത അശ്വിനും പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഹസൻ മഹമൂദ് 3 വിക്കറ്റും നായകൻ ഷക്കീബ് അൽ ഹസൻ രണ്ട് വിക്കറ്റും വീഴ്ത്തി.
മത്സരത്തിന്റെ പത്തൊമ്പതാം ഓവറിൽ വിരാട് കോഹ്‌ലിയുടെ വക ഒരു ക്ലാസ്സിക് ഷോട്ട് സിക്സ് ഉണ്ടായിരുന്നു. ഹസൻ മഹമൂദ് എറിഞ്ഞ ഓവറിന്റെ അവസാന പന്തിൽ ലോങ് ഓണിലേക്ക് ആയിരുന്നു സിക്സർ. ഹാഫ് വോളിയിൽ എത്തിയ പന്തിനെ മികച്ചൊരു സ്‌ട്രൈറ്റ് ബാറ്റ് ഷോട്ടിലൂടെ ബൗണ്ടറിവര കടത്തിയ കോഹ്‌ലി ഫോട്ടോഗ്രാഫർമാർക്കായി അൽപനേരം അതേ പോസിൽ നിൽക്കുകയും ചെയ്തു. ഇന്ത്യ കളിച്ച നാല് മത്സരങ്ങളിൽ കോഹ്‌ലി നേടുന്ന മൂന്നാമത്തെ ഫിഫ്റ്റിയാണ് ഇന്നത്തേത്. മത്സരത്തിൽ മുൻ ശ്രീലങ്കൻ താരം മഹേള ജയവർദനയെ മറികടന്നു ട്വന്റി ട്വന്റി ലോകകപ്പിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരന്റെ റെക്കോർഡും കോഹ്‌ലി സ്വന്തം പേരിലാക്കി.