ഓസ്ട്രേലിയയിൽവെച്ച് നടക്കുന്ന ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പിലെ ഫൈനലിൽ ഇടംപിടിക്കുന്ന ആദ്യ ടീമായി പാക്കിസ്ഥാൻ. ഇന്ന് സിഡ്നിയിൽ നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ അവർ 7 വിക്കറ്റിന് ന്യൂസിലാന്റിനെ കീഴടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടിയപ്പോൾ പാക്കിസ്ഥാൻ വെറും 3 വിക്കറ്റ് നഷ്ടത്തിൽ അഞ്ച് പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തുകയായിരുന്നു. അർദ്ധസെഞ്ചുറി നേടിയ ഓപ്പണർമാരായ നായകൻ ബാബർ അസമിന്റെയും വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്റെയും മികച്ച പ്രകടനമാണ് അവർക്ക് അനായാസവിജയം ഒരുക്കിയത്. റിസ്‌വാൻ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
53 റൺസ് എടുത്ത അസമിനെയും 57 റൺസ് എടുത്ത റിസ്വാനെയും ട്രെന്റ് ബോൾട്ട് പുറത്താക്കി. എങ്കിലും പിന്നീട് വന്ന മുഹമ്മദ് ഹാരിസ് 26 പന്തിൽ നിന്നും 30 റൺസ് നേടി അവരെ കൂടുതൽ അപകടങ്ങളില്ലാതെ ലക്ഷ്യത്തിലെത്തിച്ചു. ബാബർ അസം മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ, തന്നെ പുറത്താക്കാനുള്ള ഒരു സുവർണാവസരം നൽകിയെങ്കിലും ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ കോൺവേക്ക് അത് കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല. ഇതുകൂടാതെ മറ്റ് രണ്ട് ക്യാച്ച് അവസരങ്ങളും രണ്ട് റൺഔട്ട് അവസരങ്ങളും ന്യൂസിലൻഡ് ടീം കളഞ്ഞുകുളിച്ചതും അവർക്ക് വിനയായി.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസൺ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും അതിനൊത്ത പ്രകടനം കാഴ്ചവെക്കാൻ അവരുടെ ടോപ് ഓർഡർ ബാറ്റർമാർക്ക് കഴിഞ്ഞില്ല. ഫിൻ അലൻ 4 റൺസും ഗ്ലെൻ ഫിലിപ്സ് 6 റൺസും കോൺവെ 21 റൺസും എടുത്തു പുറത്തായി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ വില്യംസണും ഓൾറൗണ്ടർ ഡാരിൽ മിച്ചലും ചേർന്ന നടത്തിയ രക്ഷാപ്രവർത്തനമാണ് അവരെ 150 കടത്താൻ സഹായിച്ചത്. അർദ്ധസെഞ്ചുറിക്ക് നാല് റൺസ് അകലെ വില്യംസൺ പുറത്തായി. മിച്ചൽ 35 പന്തിൽ 53 റൺസോടെയും പിന്നീടുവന്ന ജെയിംസ് നീഷം 12 പന്തിൽ 16 റൺസൊടെയും പുറത്താകാതെ നിന്നു.
സൂപ്പർ 12 ഘട്ടത്തിലെ ഗ്രൂപ്പ് രണ്ടിൽ ആദ്യ മത്സരത്തിൽ ഇന്ത്യയോടും രണ്ടാം മത്സരത്തിൽ സിംബാബ്‌വെയോടും പരാജയപ്പെട്ട പാക്കിസ്ഥാൻ സെമിഫൈനൽ കാണാതെ പുറത്താകും എന്ന് കരുതിയ എല്ലാവരെയും ഞെട്ടിച്ചു അടുത്ത മൂന്ന് മത്സരങ്ങളിലും മികച്ച വിജയങ്ങൾ നേടിയെടുത്ത് അവർ സെമിയിൽ കടന്നു. മറ്റൊരു നിർണായകമത്സരത്തിൽ സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ചിരുന്ന ദക്ഷിണാഫ്രിക്കയെ ഒരു അട്ടിമറിവിജയത്തോടെ കുഞ്ഞൻമാരായ നെതർലാൻഡ്സ് മടക്കടിക്കറ്റ് നൽകിയതും പാകിസ്ഥാന്റെ സെമിപ്രവേശനം എളുപ്പമാക്കി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നാളെ അഡ്‌ലെയ്ഡിൽ ഏറ്റുമുട്ടി വിജയം നേടുന്നവർ ഫൈനലിൽ പാകിസ്ഥാന്റെ എതിരാളികളാകും.
ഇന്ന് സെമിഫൈനൽ മത്സരശേഷം പാക്കിസ്ഥാൻ താരങ്ങളുടെ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് പാക്കിസ്ഥാന്റെ ഒന്നാം നമ്പർ പേസർ ഷഹീൻ ഷാ അഫ്രീദി അവരുടെ വിജയശിൽപികളായ നായകൻ ബാബർ അസമിനേയും വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനെയും ഒരുമിച്ച് എടുത്തുയർത്തുന്നത്. അവർ രണ്ടുപേരും പരസ്പരം ആശ്ലേഷിച്ച് നിൽക്കുകയായിരുന്നു. ഉടനെ അവിടെയെത്തിയ അഫ്രീദി ഇരുവരെയും നിന്നനില്പിൽ ഒരേസമയം എടുത്തുയർത്തുകയായിരുന്നു. മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തി പാക്ക് ബോളിങ്ങിനെ മുന്നിൽ നിന്ന് നയിച്ചത് അഫ്രീദിയായിരുന്നു.