ട്വന്റി ട്വന്റി ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ടൂർണമെന്റിലെ തന്റെ നാലാം അർദ്ധസെഞ്ചുറി നേടിയ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തിയ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുത്തു. കോഹ്‌ലി 40 പന്തിൽ 50 റൺസ് എടുത്ത് പുറത്തായപ്പോൾ പാണ്ഡ്യ 33 പന്തിൽ 63 റൺസ് നേടി അവസാന പന്തിൽ ഹിറ്റ് വിക്കറ്റ് ആയി പുറത്താകുകയായിരുന്നു.
നേരിട്ട ആദ്യ പന്തിൽ ബൗണ്ടറി നേടി തുടങ്ങിയ ഓപ്പണർ രാഹുൽ അടുത്ത ഓവറിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി പുറത്തായി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും രോഹിതും 47 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് 27 റൺസ് എടുത്ത രോഹിത്തിനെ ജോർദാനും 14 റൺസ് എടുത്ത സൂര്യകുമാർ യാദവിനെ ആദിൽ റഷീദും മടക്കി. നാലാം വിക്കറ്റിൽ കോഹ്‌ലിയും പാണ്ഡ്യയും 61 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 6 റൺസ് എടുത്ത പന്ത് റൺഔട്ട് ആയി.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലർ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ പരുക്കേറ്റ ബാറ്റർ ഡേവിഡ് മലാനും പേസർ മാർക്ക് വുഡിനും പകരം ഫിൽ സാൾട്ടും ക്രിസ് ജോർദാനും ടീമിൽ ഇടംപിടിച്ചു. ഇന്ത്യയാകട്ടെ അവസാന മത്സരത്തിൽ സിംബാബ്‌വെയെ നേരിട്ട അതേ ടീമിനെതന്നെയാണ് ഇറക്കിയിരിക്കുന്നത്. അഡ്‌ലൈഡ് ഓവലിൽ ടോസ് നേടുന്ന ക്യാപ്റ്റൻമാർ വാഴില്ല എന്നൊരു ചരിത്രവുമുണ്ട്. ഇതുവരെ അവിടെ നടന്ന 11 രാജ്യാന്തര ട്വന്റി ട്വന്റി മത്സരങ്ങളിലും ടോസ് നേടിയ ടീമാണ് പരാജയം രുചിച്ചത്. ഇന്ന് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്ലർക്ക് ആ ചരിത്രം തിരുത്തിക്കുറിക്കാൻ കഴിയുമോ എന്നത് കണ്ടറിയണം.
മത്സരത്തിന്റെ പതിനാറാം ഓവറിൽ ഇംഗ്ലണ്ട് പേസർ ക്രിസ് ജോർദാൻ എറിഞ്ഞ യോർക്കറിൽനിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ താരം വിരാട് കോഹ്‌ലി ഗ്രൗണ്ടിൽ വീഴുന്ന സാഹചര്യം ഉണ്ടായി. രണ്ടാം പന്തിൽ ബാറ്റ് മിസ് ആയി പന്ത് കാലിൽ കൊണ്ടപ്പോൾ ഇംഗ്ലണ്ട് താരങ്ങൾ അപ്പീൽ ചെയ്തങ്കിലും അമ്പയർ നോട്ട്ഔട്ട് വിളിച്ചു. അവർ റിവ്യൂ നൽകിയെങ്കിലും അത് വിക്കറ്റിന്റെ ഒരു ചെറിയ എഡ്ജിൽ മാത്രം കൊള്ളുന്നതുകൊണ്ട് അമ്പയർസ് കാൾ തന്നെയായി നിലനിൽക്കും എന്ന് തേർഡ് അമ്പയർ അറിയിച്ചു. തുടർന്ന് മൂന്നാം പന്തിൽ ഒരു മികച്ച കവർ ഡ്രൈവ് ബൗണ്ടറി നേടിയ കോഹ്‌ലി, തന്നെ വീഴ്ത്തിയ ജോർദാന് കൃത്യമായ മറുപടി നൽകി.