അഡ്‌ലൈഡ് ഓവലിൽ നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. 33 പന്തിൽ 63 റൺസ് എടുത്ത് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെയും 40 പന്തിൽ 50 റൺസ് നേടി ഇന്ത്യൻ ഇന്നിങ്സ് കെട്ടിപ്പടുത്ത വിരാട് കോഹ്‌ലിയുടെയും മികവിലാണ് ഇന്ത്യൻ ടീം നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടിയത്.
ഓപ്പണർമാരായ നായകൻ രോഹിത് ശർമയും കെ എൽ രാഹുലും ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ടൂർണമെന്റിലെ ഇന്ത്യയുടെ വിജയങ്ങളിൽ നിർണായകപങ്ക് വഹിച്ച സൂര്യകുമാർ യാദവും ഇന്ന് പെട്ടെന്ന് മടങ്ങിയപ്പോൾ ഇന്ത്യ തെല്ലൊന്ന് ഭയന്നുവെങ്കിലും പാണ്ഡ്യ ആദ്യമായി ഫോം കണ്ടെത്തിയത് ഇന്ത്യക്ക് മുതൽക്കൂട്ടായി. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലർ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ പരുക്കേറ്റ ബാറ്റർ ഡേവിഡ് മലാനും പേസർ മാർക്ക് വുഡിനും പകരം ഫിൽ സാൾട്ടും ക്രിസ് ജോർദാനും ടീമിൽ ഇടംപിടിച്ചു. ഇന്ത്യയാകട്ടെ അവസാന മത്സരത്തിൽ സിംബാബ്‌വെയെ നേരിട്ട അതേ ടീമിനെതന്നെയാണ് ഇറക്കിയിരിക്കുന്നത്.
ഒരു ലോകകപ്പ് നോക്കൗട്ടിൽ 35 വർഷങ്ങൾക്ക് ശേഷമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. 2013ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റുമുട്ടിയതിന് ശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ കണ്ടുമുട്ടുന്ന ആദ്യ നോക്കൗട്ട് മത്സരമാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്. 2013ലെ ചാമ്പ്യൻസ് ട്രോഫി ജേതാക്കൾ ആയതിനുശേഷം പിന്നീട് ഇതുവരെ മറ്റൊരു ഐസിസി ട്രോഫിയും ഇന്ത്യക്ക് നേടാൻ സാധിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുത.
മത്സരത്തിൽ 4 ഫോറും 5 സിക്‌സും അടക്കം വെറും 33 പന്തിൽ നിന്നും 63 റൺസ് അടിച്ചുകൂട്ടിയ പാണ്ഡ്യ ഇന്ത്യൻ ഇന്നിങ്ങ്സിന്റെ അവസാന പന്തിൽ ആയിരുന്നു പുറത്തായത്. ക്രിസ് ജോർദാൻ വിക്കറ്റ് സ്വന്തമാക്കി. ഓവറിന്റെ മൂന്നാം പന്തിൽ ഋഷഭ് പന്ത് റൺഔട്ട് ആയശേഷം നാലാം പന്തിൽ സിക്സും അഞ്ചാം പന്തിൽ ഫോറും നേടിയ പാണ്ഡ്യ അവസാന പന്തിലും ബൗണ്ടറി നേടാനുള്ള ശ്രമത്തിൽ ഹിറ്റ് വിക്കറ്റ് ആയി പുറത്താകുകയായിരുന്നു. ക്രീസിലേക്ക് നന്നായി ഇറങ്ങിനിന്നു ഷോട്ട് കളിച്ച അദ്ദേഹം സ്ക്വയർ ലെഗ് ഏരിയയിലേക്ക് ബൗണ്ടറി കണ്ടെത്തിയെങ്കിലും അതിനുമുമ്പേ വിക്കറ്റിൽ ശരീരംകൊണ്ട് ബൈൽസ് വീണിരുന്നു. ഒരു ബൗണ്ടറിയോടെ ഇന്നിങ്സ് ഫിനിഷ് ചെയ്യാനുള്ള അവസരം നഷ്ടമായി…
വീഡിയൊ കാണാം :