ട്വന്റി-20 ലോകകപ്പിലെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 10 വിക്കറ്റിന്റെ ദയനീയ തോൽവി, ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ 168 റൺസ് 4 ഓവർ ശേഷിക്കെ ഇംഗ്ലണ്ട് അനായാസം മറി കടന്നു, ഓപ്പണർമാരായ ജോസ് ബട്ട്‌ലറും 80* അലക്സ് ഹെയിൽസും 86* അർധസെഞ്ച്വറികളുമായി നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ ബോളർമാർക്ക് അതിന് മുന്നിൽ മറുപടി ഉണ്ടായിരുന്നില്ല, തുടക്കം മുതൽ ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ച ഇംഗ്ലണ്ടിന്റെ ഓപ്പണിങ് സഖ്യം പവർപ്ലേ ഓവറുകൾ നന്നായി മുതലാക്കി, ഇന്ത്യക്ക് കഴിയാതെ പോയത് ഇംഗ്ലണ്ട് കളിച്ച് കാണിച്ച് കൊടുത്തു എന്ന് തന്നെ പറയാം.
2016 ലോകകപ്പിലെ വിൻഡീസിനെതിരെയുള്ള സെമിഫൈനൽ ഓർമപ്പെടുത്തുന്നതായിരുന്നു ഇന്നത്തെ മത്സരവും, മികച്ച ടോട്ടൽ നേടിയിട്ടും ബോളർമാർ അവസരത്തിനൊത്ത് ഉയരാതെ പോയതാണ് അന്ന് ഇന്ത്യക്ക് വിന ആയത്, അന്നത്തെ സെമിഫൈനലിൽ 7 വിക്കറ്റിന് ഇന്ത്യ വിൻഡീസിനോട് പരാജയപ്പെടുകയായിരുന്നു, മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, കഴിഞ്ഞ കളിയിലെ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്, പരിക്കേറ്റ മാർക്ക് വുഡിനും, ഡേവിഡ് മലാനും പകരം ക്രിസ് ജോർദാനും ഫിലിപ്പ് സാൾട്ടും ഇംഗ്ലണ്ട് നിരയിൽ ഇടം പിടിച്ചു.
മത്സരത്തിൽ തുടക്കത്തിൽ തന്നെ കെ.എൽ രാഹുലിനെ (5) ക്രിസ് വോക്ക്സ് വീഴ്ത്തിയെങ്കിലും വിരാട് കോഹ്ലി ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, മറുവശത്ത് പവർ പ്ലേ ഓവറുകളിൽ പോലും റൺസ് കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി ഇന്ത്യൻ നായകനും ഓപ്പണറുമായ രോഹിത് ശർമ, ഓപ്പണിങ് വിക്കറ്റിലെ ഈ മെല്ലെപ്പോക്ക് പല മത്സരങ്ങളിലും ഇന്ത്യക്ക് വിനയായി തീരുകയും ചെയ്തു, അർധ സെഞ്ച്വറി നേടിയ കോഹ്ലിയുടെ ഇന്നിംഗ്സും അവസാന ഓവറുകളിൽ തകർത്തടിച്ച ഹാർദിക്ക് പാണ്ഡ്യയുടെയും ഇന്നിംഗ്സ് ആണ് ഇന്ത്യയെ 168/6 എന്ന നിലയിൽ എത്തിച്ചത്.
മത്സരത്തിലെ ക്രിസ് ജോർദാൻ എറിഞ്ഞ ഇരുപതാം ഓവറിലെ മൂന്നാമത്തെ ബോളിൽ ബൗണ്ടറിക്കായി റിഷഭ് പന്ത് ശ്രമിച്ചെങ്കിലും പന്ത് നേരെ പോയത് വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലറുടെ കൈകളിലേക്കാണ് അപ്പോഴേക്കും ഹാർദിക്ക് ഓടി സ്ട്രൈക്കറുടെ എൻഡിലേക്ക് എത്തിയിരുന്നു, ഹാർദിക്കിന് വേണ്ടി തന്റെ വിക്കറ്റ് ബലി കഴിക്കാൻ റിഷഭ് പന്ത് ഒട്ടും മടിച്ച് നിന്നില്ല, തൊട്ടടുത്ത 2 ബോളിൽ ഒരു സിക്സും ഫോറും നേടാൻ ഹാർദിക്കിന് സാധിക്കുകയും ചെയ്തു.