പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്തുകൊണ്ട് ടീം ഇംഗ്ലണ്ട് ഓസ്ട്രേലിയയിൽവെച്ച് നടന്ന ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പ് ജേതാക്കളായി. മെൽബൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ ഒരോവർ ബാക്കിനിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് വിജയത്തിലെത്തി. അർദ്ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന ബെൻ സ്റ്റോക്സിന്റെ ഇന്നിങ്സ് ആണ് അവർക്ക് കരുത്തായത്. നായകനും ഓപ്പണറുമായ ജോസ് ബട്ട്‌ലെർ 26 റൺസ് എടുത്തു.
ഇത് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ട്വന്റി ട്വന്റി ലോകകപ്പ് കിരീടമാണ്. നേരത്തെ 2010 എഡിഷനിൽ ആണ് അവർ ജേതാക്കളായിരുന്നത്. 2016 ഫൈനലിൽ വെസ്റ്റിൻഡീസ് ടീമിനോട് പരാജയപ്പെടാൻ ആയിരുന്നു അവരുടെ വിധി. അന്ന് അവസാന ഓവർ എറിഞ്ഞ ബെൻ സ്റ്റോക്സ്, കാർലോസ് ബ്രാത്ത്വയ്റ്റിന്റെ കയ്യിൽനിന്നും തുടരെ 4 സിക്സ് ഏറ്റുവാങ്ങിയത് ഇന്നും ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത ഓർമയാണ്. അവിടെ ദുരന്തനായകനായ ശേഷം പിന്നീട് അദ്ദേഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിച്ചത്. 2019ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിന് നേടിക്കൊടുത്തതിൽ മുഖ്യപങ്ക് വഹിച്ച സ്റ്റോക്സ്, വിഖ്യാതമായ ഹെഡിങ്ലി ടെസ്റ്റ് ഒറ്റയാൾ പോരാട്ടത്തിലൂടെ ഇംഗ്ലണ്ടിന് നേടിക്കൊടുത്തു. ഇപ്പോഴിതാ അവർ ട്വന്റി ട്വന്റി ലോകകപ്പിൽ മുത്തമിടുമ്പോഴും ക്രീസിലെ നിറസാന്നിധ്യമായി.
നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്ക് നിരയ്‌ക്ക് ഇംഗ്ലണ്ട് ബോളർമാരുടെ കൃത്യതയാർന്ന പന്തുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 38 റൺസ് എടുത്ത ഷാൻ മസൂദ്, 32 റൺസ് എടുത്ത നായകൻ ബാബർ അസം എന്നിവരാണ് ടോപ് സ്കോറർമാർ. മറ്റാർക്കും 20 റൺസിന് മുകളിൽ സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഓൾറൗണ്ടർ സാം കറൻ നാലോവറിൽ വെറും 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദിൽ റഷീദും ക്രിസ് ജോർദാനും രണ്ട് വിക്കറ്റ് നേടിയപ്പോൾ ഒരു വിക്കറ്റ് ബെൻ സ്റ്റോക്സും നേടി. സാം കറനാണ് കളിയിലെ താരമായും ലോകകപ്പിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തിനിടെ പാക്ക് നിരയിലെ ഒന്നാം നമ്പർ പേസർ ഷഹീൻ ഷാ അഫ്രീദി കാലിന് പരുക്കേറ്റ് ഓവർ പൂർത്തിയാക്കാൻ കഴിയാതെ മൈതാനംവിട്ട് മടങ്ങിയിരുന്നു. ഇംഗ്ലണ്ട് 15 ഓവറിൽ 97/4 എന്ന നിലയിൽ ആയിരുന്നു, രണ്ടോവർ കൂടി ഷഹീൻ എറിയാൻ ബാക്കിയുണ്ടായിരുന്നു. പതിനാറാം ഓവറിന്റെ ആദ്യ പന്ത് എറിഞ്ഞ ശേഷം അദ്ദേഹം മുടന്തി മുടന്തി മൈതാനം വിടുകയായിരുന്നു. പിന്നീട് ഇഫ്ത്തിക്കർ അഹമ്മദാണ് ഓവർ പൂർത്തിയാക്കിയത്. നേരത്തെ ഹാരി ബ്രുക്കിനെ പുറത്താക്കാൻ അദ്ദേഹം ക്യാച്ച് എടുത്തപ്പോൾ വലതുകാൽ മുട്ടുകുത്തി വീണിരുന്നു. മത്സരത്തിൽ അപകടകാരിയായ ഓപ്പണർ അലക്സ് ഹൈൽസിനെ ക്ലീൻ ബോൾഡ് ആക്കി പാക്കിസ്ഥാന് മികച്ച തുടക്കം നൽകാൻ അഫ്രീദിക്ക് കഴിഞ്ഞിരുന്നു.
വീഡിയോ :