ഓസ്ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ടീം തങ്ങളുടെ രണ്ടാം 20-20 ലോകകപ്പിൽ മുത്തമിട്ടു. ഇതിനുമുൻപ് 2010ലാണ് അവർ ജേതാക്കളായത്. ഇതോടെ 2019ൽ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട്, വൈറ്റ് ബോൾ ഫോർമാറ്റിലെ രണ്ട് ലോകകപ്പ് കിരീടങ്ങൾ ഒരേസമയം കൈവശം വയ്ക്കുന്ന ആദ്യ ടീമായി മാറി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് ഇംഗ്ലണ്ട് ബോളിങ് നിരയുടെ കൃത്യതയാർന്ന പന്തുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. സാം കറൻ മൂന്ന് വിക്കറ്റും ആദിൽ റഷീദ്, ക്രിസ് ജോർദാൻ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി തിളങ്ങിയപ്പോൾ അവരുടെ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ 137/8 എന്ന നിലയിൽ അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിരയും പാക്കിസ്ഥാൻ പേസർമാർക്ക് മുന്നിൽ അൽപ്പമൊന്ന് വിയർത്തുവെങ്കിലും തന്റെ രാജ്യാന്തര ട്വന്റി ട്വന്റി കരിയറിലെ ഉയർന്ന സ്കോറും(52) അർദ്ധസെഞ്ചുറിയും നേടി പുറത്താകാതെ നിന്ന ബെൻ സ്റ്റോക്സിന്റെ മികവിൽ അവർ 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഓൾറൗണ്ടർ സാം കറനാണ് കളിയിലെ താരമായും ലോകകപ്പിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തിൽ തങ്ങളുടെ ഏറ്റവും മികച്ച പേസർ ഷഹീൻ ഷാ അഫ്രീദിക്ക് പരുക്കേറ്റതും പാക്കിസ്ഥാന് തിരിച്ചടിയായി. അതുമൂലം മത്സരത്തിൽ 2.1 ഓവർ മാത്രമേ അദ്ദേഹത്തിന് എറിയാൻ സാധിച്ചുള്ളൂ. വെറും 13 റൺസ് മാത്രം വിട്ടുകൊടുത്തിരുന്ന അദ്ദേഹം വെടിക്കെട്ട് ഓപ്പണർ അലക്സ് ഹൈൽസിനെ 1 റൺസിൽ ക്ലീൻ ബോൾഡ് ആക്കിയിരുന്നു.
സ്പിന്നർ ശധാബ് ഖാൻ എറിഞ്ഞ പതിമൂന്നാം ഓവറിൽ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ ക്യാച്ച് എടുത്ത് പുറത്താക്കുന്നതിനിടെയാണ് അഫ്രീദിക്ക് പരുക്കേറ്റത്. ബ്രൂക്ക് ലോങ് ഓഫിലെക്ക് ഉയർത്തിയടിച്ചപ്പോൾ ഓടിയെത്തി ക്യാച്ച് എടുക്കാൻ ശ്രമിക്കവെ അദ്ദേഹത്തിന്റെ വലതു കാൽമുട്ട് ഗ്രൗണ്ടിലൂടെ തെന്നിനീങ്ങിയിരുന്നു. തുടർന്ന് ടീം ഫിസിയോമാർ എത്തി അദ്ദേഹത്തെ മൈതാനത്തിന് പുറത്തേക്ക് മാറ്റിയിരുന്നു. പിന്നീട് അദ്ദേഹം പതിനാറാം ഓവർ എറിയാനായി ഗ്രൗണ്ടിൽ തിരിച്ചെത്തിയെങ്കിലും ഒരു പന്ത് മാത്രം എറിഞ്ഞശേഷം കാലിന് വേദന അനുഭവപ്പെടുന്നത് കൊണ്ട് ഡഗ് ഔട്ടിലേക്ക് മടങ്ങി. പിന്നീട് ഇഫ്തിക്കർ അഹമ്മദാണ് ഓവർ പൂർത്തിയാക്കിയത്.
വീഡിയോ :