ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച സ്‌കോർ. തകർച്ചയോടെ തുടങ്ങിയ ഇംഗ്ലണ്ടിന് മലാന്റെയും (128 പന്തിൽ 134) വില്ലെയുടെയും (40 പന്തിൽ 34) ഇന്നിംഗ്സ് തുണയായി. 9 വിക്കറ്റ് നഷ്ട്ടത്തിൽ 50 ഓവറിൽ 287 റൺസ് നേടി. ടി20 ലോകക്കപ്പ് നേടിയെത്തിയ ഇംഗ്ലണ്ടിന് ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിനത്തിലെ തുടക്കം പരിതാപകരമായിരുന്നു.
നാലാം ഓവറിലെ അവസാന പന്തിൽ സാൾട്ടിനെ (14) പുറത്താക്കി ഓസ്‌ട്രേലിയ വിക്കറ്റ് വേട്ട തുടങ്ങി. പിന്നാലെ 3 പന്തുകൾക്ക് ശേഷം ഓപ്പണിങ്ങിൽ സാൾട്ടിന് ഒപ്പം ഇറങ്ങിയ ജസോണ് റോയിയെയും (6) ഓസ്‌ട്രേലിയ മടക്കി. ശേഷം എത്തിയവരിൽ മലാൻ ഒഴികെ മറ്റുള്ളവരെല്ലാം ക്രീസിൽ നിലയുറപ്പിക്കാൻ ആകാതെ മടങ്ങി. ഒരു ഘട്ടത്തിൽ 30.2 ഓവറിൽ 6ന് 158 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.
വിൻസ് (5), സാം ബില്ലിങ്സ് (17), ബട്ട്ലർ (29), ലിയാം ഡോസൻ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇതിനിടെ നഷ്ട്ടമായത്. വാലറ്റത്തെ കൂട്ടുപിടിച്ച് നിർണായക സ്കോറുകൾ നേടുന്ന മലാനെയാണ് പിന്നീട് കണ്ടത്. ഏഴാം വിക്കറ്റിൽ ജോർദാനോടൊപ്പം 41 റൺസും, എട്ടാം വിക്കറ്റിൽ വില്ലിയോടൊപ്പം 60 റൺസും കൂട്ടിച്ചേർത്തു. അവസാന പത്ത് ഓവറിൽ 80 റൺസാണ് നേടിയത്.
മത്സരത്തിനിടെ തകർപ്പൻ ഫീൽഡിങ്ങിലൂടെ ബൗണ്ടറി സേവ് ചെയ്ത ഓസ്‌ട്രേലിയയുടെ സ്പിന്നർ ആസ്റ്റണ് അഗർ ആരാധകരെ അമ്പരപ്പിച്ചിരുന്നു. 45ആം ഓവറിലെ അവസാന പന്തിൽ കമ്മിൻസിന്റെ ഡെലിവറിയിൽ സിക്സ് ലക്ഷ്യമാക്കി മലാൻ പായിച്ച ഷോട്ടാണ് അഗർ ബൗണ്ടറിക്ക് അരികിൽ നിന്ന് നല്ല ഉയരത്തിൽ ചാടി സേവ് ചെയ്തത്. സിക്സ് ആകേണ്ട സ്ഥാനത്ത് 1 റൺസ് മാത്രമാണ് വിട്ട് നൽകിയത്.
വീഡിയോ കാണാം: