ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് തകർപ്പൻ ജയം. 288 റൺസ് ലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 4 വിക്കറ്റ് നഷ്ട്ടത്തിൽ 46.5 ഓവറിൽ ജയത്തിലെത്തി. ഓസ്‌ട്രേലിയയുടെ ടോപ്പ് ഓർഡറിൽ മൂന്ന് പേരും തിളങ്ങിയപ്പോൾ അനായാസം ജയത്തിലെത്തുകയായിരുന്നു. 84 പന്തിൽ 86 റൺസ് നേടിയ വാർണറാണ് ടോപ്പ് സ്‌കോറർ.
57 പന്തിൽ 69 റൺസ് നേടി ഹെഡും, 78 പന്തിൽ 80 റൺസ് നേടി സ്റ്റീവ് സ്മിത്തും ഓസ്‌ട്രേലിയൻ ജയത്തിൽ നിർണായകമായി. ഇംഗ്ലണ്ടിന് വേണ്ടി വില്ലി 2 വിക്കറ്റും ജോർദാൻ, ഡോസൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഏകദിന സീരീസിലെ രണ്ടാം മത്സരം മറ്റന്നാൾ സിഡ്‌നിയിൽ വെച്ച് നടക്കും.
മത്സരത്തിനിടെ ഡ്രസിങ് റൂമിൽ വെച്ച് കുട്ടി ആരാധകനുമായി വാർണർ രസകരമായ ബാന്ററിൽ ഏർപ്പെട്ടിരുന്നു. മത്സരം കാണാൻ എത്തിയ കുട്ടി ആരാധകൻ പേപ്പറിൽ എഴുതി വാർണറുടെ ഷർട്ട് തരുമോയെന്ന് ചോദിച്ചതാണ് സംഭവത്തിന്റെ തുടക്കം. ഇക്കാര്യം ഡ്രസിങ് റൂമിൽ സഹതാരങ്ങൾക്കൊപ്പം ഇരിക്കുകയായിരുന്ന വാർണറിന്റെ ശ്രദ്ധയിൽപെട്ടു. ഉടനെ രസകരമായ മറുപടിയുമാണ് വാർണർ എത്തി.
സഹതാരം ലെബുഷെയ്ന്റെ ഷർട്ടിന് കൂടി ചോദിക്കാൻ എന്നായിരുന്നു മറുപടി. പിന്നാലെ മറ്റൊരു പേപ്പറിൽ ഇക്കാര്യം എഴുതി ആരാധകൻ എത്തി. ഇതോടെ ചിരിച്ച് കൊണ്ട് കുട്ടി ആരാധകന്റെ ആഗ്രഹത്തിന് സമ്മതം മൂളുകയായിരുന്നു. തൊട്ടടുത്ത് ഇരിക്കുകയായിരുന്ന ലെബുഷെയ്നും രസകരമായ നിമിഷത്തിൽ ചിരിച്ചു കൊണ്ട് പ്രതികരിച്ചു.
നേരെത്തെ തകർച്ചയോടെ തുടങ്ങിയ ഇംഗ്ലണ്ടിന് മലാന്റെയും (128 പന്തിൽ 134) വില്ലെയുടെയും (40 പന്തിൽ 34) ഇന്നിംഗ്സ് തുണയായത്. 9 വിക്കറ്റ് നഷ്ട്ടത്തിൽ 50 ഓവറിൽ 287 റൺസ് നേടിയിരുന്നു. ടി20 ലോകക്കപ്പ് നേടിയെത്തിയ ഇംഗ്ലണ്ടിന് ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിനത്തിലെ തുടക്കം പരിതാപകരമായിരുന്നു.
നാലാം ഓവറിലെ അവസാന പന്തിൽ സാൾട്ടിനെ (14) പുറത്താക്കി ഓസ്‌ട്രേലിയ വിക്കറ്റ് വേട്ട തുടങ്ങി. പിന്നാലെ 3 പന്തുകൾക്ക് ശേഷം ഓപ്പണിങ്ങിൽ സാൾട്ടിന് ഒപ്പം ഇറങ്ങിയ ജസോണ് റോയിയെയും (6) ഓസ്‌ട്രേലിയ മടക്കി.
ശേഷം എത്തിയവരിൽ മലാൻ ഒഴികെ മറ്റുള്ളവരെല്ലാം ക്രീസിൽ നിലയുറപ്പിക്കാൻ ആകാതെ മടങ്ങി. ഒരു ഘട്ടത്തിൽ 30.2 ഓവറിൽ 6ന് 158 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.
വിൻസ് (5), സാം ബില്ലിങ്സ് (17), ബട്ട്ലർ (29), ലിയാം ഡോസൻ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇതിനിടെ നഷ്ട്ടമായത്. വാലറ്റത്തെ കൂട്ടുപിടിച്ച് നിർണായക സ്കോറുകൾ നേടുന്ന മലാനെയാണ് പിന്നീട് കണ്ടത്. ഏഴാം വിക്കറ്റിൽ ജോർദാനോടൊപ്പം 41 റൺസും, എട്ടാം വിക്കറ്റിൽ വില്ലിയോടൊപ്പം 60 റൺസും കൂട്ടിച്ചേർത്തു. അവസാന പത്ത് ഓവറിൽ 80 റൺസാണ് നേടിയത്.