ഇക്കഴിഞ്ഞ ഞായറാഴ്ച ഓസ്ട്രേലിയയിലെ മെൽബണിൽ നടന്ന ട്വന്റി ട്വന്റി ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ പാക്കിസ്ഥാന് തങ്ങളുടെ രണ്ടാം ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടാനുള്ള അവസരം നഷ്ടമായിരുന്നു. ബോളർമാർ ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയിട്ടും ടോപ്പ് ഓർഡർ ബാറ്റർമാർ പരാജയപ്പെട്ടതാണ് അവർക്ക് വിനയായത്. ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്‌വാനും, മറക്കാൻ ആഗ്രഹിക്കുന്ന ഒരു ലോകകപ്പാണ് കടന്നുപോയത്.
4, 14, 49, 4, 32, 57, 15 എന്നിങ്ങനെയാണ് കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പിലെ റിസ്‌വാന്റെ സ്കോറുകൾ. പാക്കിസ്ഥാൻ ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതാണ് വസ്തുത. ട്വന്റി ട്വന്റി ലോകകപ്പ് ആരംഭിക്കുന്ന സമയത്ത് ട്വന്റി ട്വന്റി ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമതായിരുന്നു റിസ്‌വാൻ. എന്നാൽ ലോകകപ്പിനിടയിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് തുടർച്ചയായി മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച് ഒന്നാം റാങ്ക് സ്വന്തം പേരിലാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ 2021ലെ മികച്ച ട്വന്റി ട്വന്റി ബാറ്ററായി തിരഞ്ഞെടുത്തത് റിസ്‌വാനെ ആയിരുന്നു.
ലോകകപ്പിന് ശേഷം മടങ്ങിയ പാക്ക് താരങ്ങൾ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. അതിനിടെ ഒരു വനിതാ ആരാധികയുടെ കൂടെ സെൽഫി എടുക്കാൻ വിസമ്മതിച്ച റിസ്‌വാന്റെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. പൊതുവേ തന്റെ സൗമ്യമായ പെരുമാറ്റംകൊണ്ടും ഹൃദ്യമായ വാക്കുകൾകൊണ്ടും പാക്കിസ്ഥാനിൽ മാത്രമല്ല, ലോകമെമ്പാടും വളരെ ചുരുങ്ങിയ കാലംകൊണ്ട് ഒരുപാട് ആരാധകരെ സൃഷ്ടിച്ചിട്ടുള്ള ഒരു താരമാണ് അദ്ദേഹം.
എന്നാലിപ്പോൾ പുറത്തുവന്ന വീഡിയോയിൽ അദ്ദേഹം പുരുഷ ആരാധകരുടെ കൂടെ ഒരു എതിർപ്പുംകൂടാതെ ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ വനിതാ ആരാധികയോട് ഫോട്ടോ എടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. റിസ്‌വാൻ പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിന് ശേഷമുള്ളതാണ് ദൃശ്യങ്ങൾ. ഇതിനുമുൻപും വനിതകളുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യാൻ താത്പര്യപ്പെടുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്. സ്ത്രീകളോട് ഇടപെടുമ്പോൾ പ്രത്യേകിച്ച് വനിതാ സ്പോർട്സ് ജേർണലിസ്റ്റ്, അവതാരകർ എന്നിവരോടൊക്കെ സംസാരിക്കുമ്പോൾ നേരെ മുഖത്ത് നോക്കിനിൽക്കാതെ കണ്ണ് താഴേ നോക്കിയാണ് സംസാരിക്കാറുള്ളത്.