ന്യൂസിലൻഡിലെ വെല്ലിങ്ടൻ സ്കൈ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരം മഴമൂലം വൈകുന്നു. ഇതുവരെ മത്സരത്തിൽ ടോസ് ഇടാൻ പോലും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ന് മത്സരം നടക്കാനുള്ള സാധ്യത വിരളമാണ്, മാത്രമല്ല ഉണ്ടെങ്കിൽ അതൊരു ഓവർ ചുരുക്കിയ മത്സരം ആകും.
ഒരാഴ്ച മുൻപ് ഓസ്ട്രേലിയയിൽവെച്ച് നടന്ന ട്വന്റി ട്വന്റി ലോകകപ്പിലെ സെമിഫൈനലിസ്റ്റുകൾ ആയ രണ്ട് ടീമുകളാണ് ഇവിടെ പരസ്പരം കൊമ്പുകോർക്കുന്നത്. ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ആണ് ഇന്ത്യയെ സെമിയിൽ ഏകപക്ഷീയമായി പരാജയപ്പെടുത്തിയതെങ്കിൽ ന്യൂസിലൻഡ് പാകിസ്താനോടാണ് അടിയറവ് പറഞ്ഞത്. ഇതുവരെ ഒരു ലോകകപ്പ് കിരീടം പോലും നേടാൻ കഴിയാത്ത ടീമാണ് ന്യൂസിലൻഡ്. ഇന്ത്യയാകട്ടേ 2007ലെ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പ് ചാമ്പ്യൻമാരാണ്.
ലോകകപ്പിന് ശേഷം സീനിയർ താരങ്ങൾക്ക് ഇന്ത്യ വിശ്രമം നൽകിയപ്പോൾ ഇന്ത്യൻ ട്വന്റി ട്വന്റി ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കാണ്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റൻ ആയും നിയമിച്ചിട്ടുണ്ട്. നായകൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, ആർ അശ്വിൻ, ദിനേശ് കാർത്തിക്, മുഹമ്മദ് ഷമി എന്നിവരൊന്നും ടീമിലില്ല. ന്യൂസിലൻഡ് നിരയിലാകട്ടെ പേസർ ട്രെന്റ് ബോൾട്ട് ഇല്ലാ എന്നതൊഴിച്ചാൽ ലോകകപ്പ് കളിച്ച അതേ ടീം തന്നെയാണ് ഈ പരമ്പരയിൽ കളിക്കുന്നതും.
മഴയും നനഞ്ഞ ഔട്ട്ഫീൽഡും മൂലം ഗ്രൗണ്ടിൽ ഇറങ്ങാൻ കഴിയാതിരുന്ന ഇരു ടീമിലെയും താരങ്ങൾ ചേർന്ന് സ്റ്റേഡിയത്തിനകത്ത് ഇൻഡോറിൽ ഒത്തുചേർന്ന് കളിക്കുന്ന ദൃശ്യങ്ങൾ ബിസിസിഐ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇത് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യൻ ടീമിലെയും ന്യൂസിലൻഡ് ടീമിലെയും താരങ്ങൾ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് നടുവിൽ കസേര കൊണ്ട് നെറ്റ് പോലെ സങ്കൽപ്പിച്ച് ഫുട്ട് വോളി കളിക്കുന്ന ദൃശ്യങ്ങൾ(കാലുകൊണ്ട് വോളിബോൾ കളിക്കുന്നത്). ഇന്ത്യൻ ചേരിയിൽ കളിക്കുന്ന 3 താരങ്ങൾ സ്പിന്നർ ചഹാൽ, ഓൾറൗണ്ടർ ദീപക് ഹൂഡ, വിക്കറ്റ് കീപ്പറും മലയാളി താരവുമായ സഞ്ജു വി സാംസൺ എന്നിവരാണ്.
വീഡിയൊ :