ഒരാഴ്ച മുൻപ് നടന്ന ട്വന്റി ട്വന്റി ലോകകപ്പിൽ കിരീടം ചൂടിക്കൊണ്ട് എത്തിയ ഇംഗ്ലണ്ട് ടീമിനെ പരമ്പരയിലെ തുടർച്ചയായ രണ്ടാം ഏകദിന മത്സരത്തിലും തറപറ്റിച്ച് ടീം ഓസ്ട്രേലിയ. അഡ്‌ലൈഡ് ഓവലിൽ നടന്ന ആദ്യ മത്സരത്തിൽ 6 വിക്കറ്റിന് വിജയിച്ച അവർ ഇന്ന് സിഡ്നിയിൽ നടന്ന രണ്ടാം മത്സരത്തിൽ 72 റൺസിന്റെ വിജയം നേടി മൂന്ന് മത്സര ഏകദിന പരമ്പരയിൽ 2-0ന് മുന്നിലെത്തി. 8 ഓവറിൽ ഒരു മെയ്ഡൻ അടക്കം 47 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പേസർ മിച്ചൽ സ്റ്റർക്കാണ് കളിയിലെ താരം.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 280 റൺസ് കണ്ടെത്തി. സെഞ്ചുറിക്ക് ആറ് റൺസ് അകലെ പുറത്തായ സ്റ്റീവൻ സ്മിത്തിന്റെയും അർദ്ധസെഞ്ചുറി നേടിയ മാർനസ് ലബുഷയിനിന്റെയും മിച്ചൽ മാർഷിന്റെയും ഇന്നിങ്സുകളാണ് അവർക്ക് കരുത്തായത്. ടീമിലെ മറ്റാർക്കും കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല. ഇംഗ്ലണ്ടിനായി സ്പിന്നർ ആദിൽ റഷീദ് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രിസ് വോക്‌സും ഡേവിഡ് വില്ലിയും രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.
281 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ടീം 38.5 ഓവറിൽ വെറും 208 റൺസിന് എല്ലാവരും പുറത്തായി. ആദ്യ ഓവറിൽ തന്നെ സ്റ്റാർക്ക് രണ്ട് ഓപ്പണർമാരെയും സമ്പൂജ്യരാക്കി മടക്കി ഓസ്ട്രേലിയക്ക് മികച്ച തുടക്കം നൽകി. 23 റൺസ് എടുത്ത സാൾട്ടിനെ ഹസേൽവുഡും മടക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. എങ്കിലും നാലാം വിക്കറ്റിൽ ഒത്തുചേർന്ന 60 റൺസ് എടുത്ത ജെയിംസ് വിൻസും 71 റൺസ് എടുത്ത സാം ബില്ലിങ്സും ചേർന്ന് സൃഷ്ടിച്ച കൂട്ടുകെട്ടിലൂടെ 27 ഓവറിൽ 156/3 എന്ന ശക്തമായ നിലയിൽ ആയിരുന്ന അവർ പിന്നീട് ഇരുവരും പുറത്തായതോടെ തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ജോഷ് ഹൈസൽവുഡ് രണ്ട് വിക്കറ്റും സ്പിന്നർ ആദം സാംബയും നാല് വിക്കറ്റും വീഴ്ത്തി സ്റ്റാർക്കിന് മികച്ച പിന്തുണ നൽകി.
മത്സരത്തിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഓവറുകളിൽ ഒന്നാണ് സ്റ്റാർക്ക് ആദ്യ ഓവറിൽ എറിഞ്ഞത്. രണ്ടാം പന്തിൽ ജസൻ റോയിയെ വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിൽ എത്തിച്ച അദ്ദേഹം, അഞ്ചാം പന്തിൽ ഒരു അതിഗംഭീര ഇൻസ്വിംഗറിലൂടെ ഡേവിഡ് മലാന്റെ പ്രതിരോധം ഭേദിച്ച് ക്ലീൻ ബോൾഡ് ആക്കുകയായിരുന്നു. ഇടംകൈയ്യൻ ബാറ്ററായ മാലാന്റെ ലെഗ് സ്റ്റമ്പിൽ പിച്ച് ചെയ്ത പന്ത് പൊടുന്നനെ സ്വിങ് ചെയ്ത് ഓഫ് സ്റ്റമ്പിൽ കൊള്ളുകയായിരുന്നു. സാധാരണ ഒരു വൈഡ് പോകേണ്ട പന്തായിരുന്നു അത് എന്നുതന്നെ പറയാം. തന്റെ 33ആം വയസ്സിലും ചുറുചുറുക്കോടെ പന്തെറിഞ്ഞു സ്വിംഗ് കണ്ടെത്തുന്ന സ്റ്റാർക്ക് വളർന്നുവരുന്ന യുവപേസർമാർക്ക് മാതൃകയാണ്. പിന്നീട് തന്റെ രണ്ടാം സ്പെല്ലിൽ വോക്‌സിനെയും വില്ലിയെയും കൂടി ക്ലീൻ ബോൾഡാക്കി സ്റ്റാർക്ക് മത്സരം ഓസ്ട്രേലിയക്ക് എളുപ്പം നേടിക്കൊടുത്തു.
വീഡിയോ :