മൗണ്ട് മൗൺഗനോയിയിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ടീം ഇന്ത്യ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. വെല്ലിങ്ടണിൽ നടക്കേണ്ടിയിരുന്ന ആദ്യ ട്വന്റി ട്വന്റി മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഒരാഴ്ച മുൻപ് അവസാനിച്ച ട്വന്റി ട്വന്റി ലോകകപ്പിലെ സെമിഫൈനലിൽ പരാജയപ്പെട്ട രണ്ട് ടീമുകളാണ് ഇവിടെ കൊമ്പുകോർക്കുന്നത്. ഇന്നത്തെ മത്സരം വിജയിച്ച് പരമ്പരയിൽ മുന്നിൽ എത്താനാണ് ഇരു ടീമുകളും ശ്രമിക്കുന്നത്.
സീനിയർ താരങ്ങളായ നായകൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, കെ എൽ രാഹുൽ, ആർ അശ്വിൻ, ദിനേശ് കാർത്തിക്, മുഹമ്മദ് ഷമി എന്നിവരോന്നും പരമ്പരയിൽ കളിക്കുന്നില്ല. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നായകനും വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് വൈസ് ക്യാപ്റ്റനും ആയുള്ള ടീമിനെയാണ് ഇന്ത്യ അയച്ചിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യൻ സ്ക്വാഡിലെ അംഗമായ മലയാളി താരം സഞ്ജു വി സാംസന് പ്ലയിംഗ് ഇലവനിൽ ഇടം നേടാൻ കഴിഞ്ഞില്ല. ഇടംകയ്യൻമാരായ ഇഷൺ കിശനും ഋഷഭ് പന്തുമാണ് ഓപ്പണർമാരായി ടീമിൽ ഇടംനേടിയത്.
എങ്കിലും സഞ്ജുവിന് പിന്തുണയുമായി ഒരുപാട് ആരാധകർ ഗാലറിയിൽ എത്തിയിട്ടുണ്ട്. മത്സരത്തിനിടെ കമന്റേറ്റർമാരിൽ ഒരാളായ സൈമൺ ദൗൾ ഒരു കൂട്ടം ആരാധകരോട് നിങ്ങളുടെ പ്രിയപ്പെട്ട താരം ആരാണെന്ന ചോദ്യവുമായി ഗാലറിയിൽ എത്തിയിരുന്നു. അവർ സഞ്ജു എന്ന് മറുപടി നൽകുകയും ചെയ്തു. എന്തുകൊണ്ടാണ് സഞ്ജുവിനെ ഇഷ്ടപ്പെടാൻ കാരണം എന്ന് ചോദിക്കുമ്പോൾ സഞ്ജുവിന്റെ ബാറ്റിംഗ് സ്റ്റൈൽ കൊണ്ടാണ് ഞങ്ങൾ ഇഷ്ടപ്പെട്ടത് എന്നും അവർ പറയുന്നു.
മത്സരത്തിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ പത്ത് ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് നേടിയിട്ടുണ്ട്. 13 പന്തിൽ 6 റൺസ് എടുത്ത പന്തിന്റെയും 31 പന്തിൽ 36 റൺസ് എടുത്ത ഇഷാൻ കിഷന്റെയും വിക്കറ്റുകൾ ആണ് ഇന്ത്യക്ക് നഷ്ടമായത്. 6.4 ഓവറിൽ 50/1 എന്ന നിലയിൽ നിൽക്കെ മഴയെത്തി അൽപനേരം മത്സരം തടസ്സപ്പെട്ടു. എങ്കിലും പെട്ടെന്നുതന്നെ പുനരാരംഭിക്കാൻ കഴിഞ്ഞു.