ന്യുസിലാൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 192 വിജയലക്ഷ്യം പിന്തുടർന്ന ന്യുസിലാൻഡിനെ 126ൽ ഒതുക്കി 65 റൺസിന്റെ ജയമാണ് ഇന്ത്യൻ നേടിയത്. 18.5 ഓവറിൽ ഇന്ത്യൻ ബൗളർമാർ ന്യുസിലാൻഡിന്റെ 10 വിക്കറ്റും വീഴ്ത്തി. ഇതോടെ 3 മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പരയിൽ 1-0 ന് ഇന്ത്യ മുന്നിലായി. ആദ്യത്തെ മത്സരം മഴക്കാരണം ഉപേക്ഷിച്ചിരുന്നു.
52 പന്തിൽ 61 റൺസ് നേടിയ ക്യാപ്റ്റൻ വില്യംസനാണ് ടോപ്പ് സ്‌കോറർ. ഇന്ത്യയ്ക് വേണ്ടി ഹൂഡ 4 വിക്കറ്റ് വീഴ്ത്തി. 19ആം ഓവറിൽ 3 വിക്കറ്റ് വീഴ്ത്തി ഹൂഡയാണ് ന്യുസിലാൻഡിന്റെ പതനം വേഗത്തിലാക്കിയത്. സിറാജും ചാഹലും 2 വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്. സെഞ്ചുറി നേടിയ സൂര്യകുമാർ യാദവാണ് ടോപ്പ് സ്‌കോറർ.
192 വിജയലക്ഷ്യം പിൻതുടർന്ന ന്യുസിലാൻഡിന് രണ്ടാം പന്തിൽ തന്നെ ഫിൻ അലനെ നഷ്ട്ടപ്പെട്ടിരുന്നുവെങ്കിലും രണ്ടാം വിക്കറ്റിൽ വില്യംസനും കൊണ്വെയും ചേർന്ന് 56 റൺസ് അടിച്ചു കൂട്ടിയിരുന്നു. എന്നാൽ ആ കൂട്ടുകെട്ട് തകർന്നതിന് പിന്നാൽ ന്യുസിലാൻഡ് തകർന്നടിയുന്ന കാഴ്ച്ചയാണ് കണ്ടത്.
ലോകകപ്പിൽ തകർപ്പൻ ഫോമിൽ ഉണ്ടായിരുന്ന ഗ്ലെൻ ഫിലിപ്പ്സ് 6 പന്തിൽ 12 റൺസ് നേടിയാണ് പുറത്തായത്. ഡാരിൽ മിച്ചൽ 11പന്തിൽ 10 റൺസ് നേടി നിരാശപ്പെടുത്തി. നേരെത്തെ ഇന്ത്യൻ ഇന്നിംഗ്‌സിൽ സൂര്യകുമാർ യാദവും (111) ഇഷൻ കിഷനുമാണ് (36) തിളങ്ങിയത്.
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ റിഷഭ് പന്തും ഇഷാൻ കിഷനുമാണ് എത്തിയത്. ആറാം ഓവറിലെ ആദ്യ പന്തിൽ 13 പന്തിൽ 6 റൺസ് നേടിയ റിഷഭ് പന്ത് പുറത്തായി. ഇഷൻ കിഷൻ 31പന്തിൽ 36 റൺസും ശ്രേയസ് അയ്യർ 13 റൺസും നേടിയാണ് പുറത്തായത്. 12.4 ഓവറിൽ 3ന് 108 എന്ന നിലയിൽ ഉണ്ടായിരുന്ന ഇന്ത്യയെ സൂര്യകുമാർ യാദവാണ് കൂറ്റൻ സ്കോറിൽ എത്തിച്ചത്. ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ 82 റൺസ് അടിച്ചു കൂട്ടി.