Categories
Cricket Latest News

നിനക്കിതെങ്ങനെ സാധിക്കുന്നെടാ!സൂര്യയെ കെട്ടിപിടിച്ചു അവിശ്വസനീയം എന്ന് പറഞ്ഞു പന്ത് ; വൈറൽ വീഡിയോ കാണാം

മൗണ്ട് മൗൺഗനോയിയിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടീം ഇന്ത്യക്ക് 65 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് ടീം 18.5 ഓവറിൽ 126 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി(1-0). വെല്ലിങ്ടണിൽ നടക്കേണ്ടിയിരുന്ന ആദ്യ ട്വന്റി ട്വന്റി മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. മൂന്നാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്ച നേപ്പിയറിൽ നടക്കും.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തന്നെ 13 പന്തിൽ 6 റൺസ് എടുത്ത പന്തിനെ നഷ്ടമായി. മറ്റൊരു ഓപ്പണർ ഇഷാൻ കിഷാൻ 31 പന്തിൽ 36 റൺസും നേടി പുറത്തായി. പിന്നീട് സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് ക്ലാസ്സ് ആയിരുന്നു. വെറും 51 പന്തിൽ നിന്നും 11 ഫോറും 7 സിക്സും അടക്കം 111 റൺസ് എടുത്ത അദ്ദേഹം ന്യൂസിലൻഡ് ബോളർമാരെ തലങ്ങും വിലങ്ങുമായി പ്രഹരിച്ച് പുറത്താകാതെ നിന്നു. ഇന്ത്യൻ ഇന്നിംഗ്സിലെ അവസാന ഓവറിലെ 3,4,5 പന്തുകളിൽ പാണ്ഡ്യ, ഹൂഡ, സുന്ദർ എന്നിവരെ പുറത്താക്കി പേസർ ടിം സൗത്തി, മത്സരത്തിൽ ഹാട്രിക്ക് നേട്ടവും കൈവരിച്ചു. മറ്റ് താരങ്ങൾക്ക് സൂര്യക്ക് മികച്ചൊരു പിന്തുണ നൽകാൻ കഴിയാഞ്ഞതിനാൽ ഇന്ത്യൻ സ്കോർ നിശ്ചിത 20 ഓവറിൽ 191/6 എന്ന നിലയിൽ അവസാനിച്ചു.

മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ അപകടകാരിയായ ഫിൻ അലനേ പുറത്താക്കി പേസർ ഭുവനേശ്വർ കുമാർ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. എങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ കയ്‌ൻ വില്യംസനും മറ്റൊരു ഓപ്പണർ ദേവോൺ കോൺവേയും ചേർന്ന് 56 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. കോൺവേ പുറത്തായ ശേഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നപ്പൊഴും ഒരറ്റം കാത്തുസൂക്ഷിച്ച നായകൻ വില്യംസൻ(52 പന്തിൽ 61) ഒടുവിൽ സിറാജിന്റെ പന്തിൽ ക്ലീൻ ബോൾഡായി. 2.5 ഓവറിൽ വെറും 10 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ ദീപക് ഹൂഡ ബോളർമാരിലെ താരമായി.

മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരശേഷം നടന്ന അഭിമുഖത്തിൽ സൂര്യ സംസാരിക്കുന്നതിനിടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് ഇടയിൽ കയറിവന്ന് സൂര്യയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. പന്തിനെ കണ്ടപാടെ അവതാരിക ചോദിക്കുന്നുണ്ട്, നിങ്ങളുടെ സഹതാരങ്ങളും വളരെ ഹാപ്പിയാണല്ലോ എന്ന്. താൻ റൺസ് കണ്ടെത്തുമ്പോളെല്ലാം അദ്ദേഹം വളരെ ഹാപ്പിയാണ് എന്ന് സൂര്യ സാക്ഷ്യപ്പെടുത്തുന്നു. ഇതിനു മറുപടിയായി സൂര്യയുടെ ചെവിയിൽ ‘അവിശ്വസനീയ താരം’ എന്ന് പന്ത് പറയുന്നതും വീഡിയോയിൽ കേൾക്കാം.

Leave a Reply

Your email address will not be published. Required fields are marked *