പരിമിത ഓവർ ക്രിക്കറ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റർ എന്ന പദവി ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്ന പ്രകടനം ആണ് രണ്ടാം ട്വന്റി-20 പരമ്പരയിൽ കിവീസിനെതിരെ സെഞ്ച്വറി നേടിക്കൊണ്ട് സൂര്യകുമാർ യാദവ് ഇന്നലെ നടത്തിയത്, ഒറ്റയാൾ പോരാട്ടം തന്നെ ആയിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്സ് മറുവശത്ത് വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോഴും സൂര്യകുമാർ ഒട്ടും പതറാതെ തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലിയിൽ ബാറ്റ് വീശി കൊണ്ടേയിരുന്നു.
വെറും 51 ബോളിൽ നിന്നാണ് 11 ഫോറും 7 സിക്സും അടക്കം ആണ് പുറത്താകാതെ 111* റൺസ് സൂര്യകുമാർ നേടിയത്, ഇതിൽ പല ഷോട്ടുകളും സാക്ഷാൽ എ ബി ഡിവില്ലിയേർസിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു, അനായാസം ഫ്ലിക്ക് ഷോട്ടുകളിലൂടെയും പുൾ ഷോട്ടുകളിലൂടെയും സൂര്യകുമാർ റൺസ് കണ്ടെത്തി, ബൗൺസ് ഉള്ള വിദേശ പിച്ചുകളിൽ ഇന്ത്യൻ ബാറ്റർമാർ പതറുന്ന കാഴ്ച പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളതാണ് എന്നാൽ സൂര്യകുമാർ യാദവ് അത്തരം പന്തുകളെ അനായാസം സിക്സർ പറത്തുന്നത് ഒരു കാഴ്ച തന്നെയാണ്.
മത്സര ശേഷം ന്യൂസിലാൻഡ് ക്യാപ്റ്റൻ വില്യംസൺ സൂര്യകുമാറിനെ വാനോളം പുകഴ്ത്തി, സൂര്യകുമാർ കളിച്ച പല ഷോട്ടുകളും തന്റെ ക്രിക്കറ്റ് കരിയറിൽ ആദ്യം കാണുകയാണെന്നും, ഇത് ഒരു പക്ഷെ അദ്ദേഹത്തിന് മാത്രം കളിക്കാൻ പറ്റുന്ന ഷോട്ടുകൾ ആണെന്നും കിവീസ് നായകൻ അഭിപ്രായപ്പെട്ടു, 39 ട്വന്റി-20 ഇന്നിംഗ്സുകളിൽ നിന്ന് 45 റൺസ് ശരാശരിയിൽ 1395 റൺസ് ഇതിനകം സൂര്യകുമാർ നേടിയിട്ടുണ്ട്, 181 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ ആണ് ഇത്രയും റൺസ് താരം അടിച്ച് കൂട്ടിയത്.
ക്രിക്കറ്റിന്റെ ക്ലാസ്സിക് ശൈലി ഒരു പക്ഷെ അദ്ദേഹത്തിന് അന്യമായിരിക്കാം പക്ഷെ മികച്ച പന്തുകളെ പോലും ബൗണ്ടറി കടത്താൻ കെല്പുള്ള ഒട്ടനവധി ഷോട്ടുകൾ അയാളുടെ കൈവശം ഉണ്ട്, ഏറെ വൈകിയാണ് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ സൂര്യകുമാറിന് മുന്നിൽ തുറന്നത് എങ്കിലും 32 വയസ്സ് എന്നത് അദ്ദേഹത്തിന് വെറും നമ്പർ മാത്രമാണ്, സൂര്യകുമാർ ഇല്ലാത്ത ഒരു ഏകദിന, ട്വന്റി-20 ടീം എന്നത് ഇന്ത്യക്ക് ഇപ്പോൾ സങ്കല്പിക്കാൻ പറ്റുന്ന കാര്യമല്ല.
Written By: അഖിൽ. വി.പി. വള്ളിക്കാട്.
11 ഫോറും,7 സിക്‌സും !51 ബോളിൽ 111 റൺസ് എടുത്ത സൂര്യയുടെ വെടിക്കെട്ട് ഇന്നിങ്സ്,വീഡിയോ :