ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടത്തിൽ ഇന്ത്യക്ക് 161 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 19.4 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തിൽ 130/2 എന്ന നിലയിൽ ആയിരുന്ന അവർ 4 വിക്കറ്റ് വീതം വീഴ്ത്തിയ അർഷദീപ് സിംഗിന്റെയും മുഹമ്മദ് സിറാജിന്റെയും പന്തുകൾക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അവർക്ക് പവർപ്ലേയിൽ തന്നെ 3 റൺസ് എടുത്ത ഓപ്പണർ ഫിൻ അലനെയും 12 റൺസെടുത്ത മാർക്ക് ചാപ്മാനെയും നഷ്ടമായി. എങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഓപ്പണർ ഡേവോൺ കോൺവെയും ഗ്ലെൻ ഫിലിപ്സും കൂടി 86 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. ഇരുവരും അർദ്ധസെഞ്ചുറി നേടിയ ശേഷം മടങ്ങിയതോടെ ന്യൂസിലൻഡ് ഇന്നിംഗ്സിന്റെ വേഗം കുറഞ്ഞു. പിന്നീട് തുടരെത്തുടരെ വിക്കറ്റ് വീഴ്ത്തിയ ബോളർമാർ മത്സരം ഇന്ത്യക്ക് അനുകൂലമാക്കിമാറ്റി.
അതിനിടെ മത്സരത്തിൽ ഇന്ത്യ ടീം ഹാട്രിക് നേട്ടം കൈവരിച്ചിരുന്നു. അടുപ്പിച്ച് 3 വിക്കറ്റ് നേടുമ്പോൾ അതിൽ ബോളർക്ക് അവകാശപ്പെടാത്ത വിക്കറ്റ്(റൺ ഔട്ട്) കൂടി ഉൾപ്പെടുത്തുന്നതിനെയാണ് ടീം ഹാട്രിക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അർഷദീപ് സിംഗ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ആയിരുന്നു അത്. ആദ്യ പന്തിൽ ഡാരിൽ മിച്ചലിനെ വിക്കറ്റ് കീപ്പർറുടെ കൈകളിൽ എത്തിച്ച സിംഗ് രണ്ടാം പന്തിൽ ഒരു മികച്ച യോർക്കറിലൂടെ ഇഷ് സോദിയെ ക്ലീൻ ബോൾഡ് ആക്കി ഹാട്രിക് നേട്ടത്തിന് അരികിലെത്തി. പക്ഷേ മൂന്നാം പന്തിൽ ആദം മിൽനെയെ ഒരു തകർപ്പൻ ഡയറക്ട് ത്രോയിലൂടേ സിറാജ് റൺഔട്ട് ആക്കിയതോടെ ഒരു ടീം ഹാട്രിക് ആയി അത് മാറി.
വീഡിയോ :
മത്സരത്തിൽ 4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിറാജ് ഇന്ന് കാഴ്ചവെച്ചത്. കൂടാതെ മികച്ചൊരു റൺഔട്ടും സൃഷ്ടിച്ചു. നേരത്തെ മഴമൂലം അരമണിക്കൂർ വൈകിയാണ് മത്സരത്തിൽ ടോസ് ഇടാൻ സാധിച്ചത്. ടോസ് നേടിയ കിവീസ് സ്റ്റൻഡ്ബൈ നായകൻ ടിം സൗത്തി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച ഒരു മെഡിക്കൽ അപ്പോയിന്റ്മെന്റ് ഉള്ളതുകൊണ്ടാണ് നായകൻ കെയ്ൻ വില്യംസൺ ഇന്ന് കളിക്കാതിരിക്കുന്നത്. പകരം മാർക്ക് ചാപ്പ്‌മാൻ ടീമിൽ ഇടംപിടിച്ചു. ഇന്ത്യൻ നിരയിൽ ആകട്ടെ ഒരു മാറ്റം മാത്രമാണ് വരുത്തിയിട്ടുള്ളത്. സ്പിന്നർ വാഷിങ്ടൺ സുന്ദറിന് പകരം പേസർ ഹർഷൽ പട്ടേൽ ടീമിലെത്തി.