ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരം മഴ കാരണം പൂർത്തിയാക്കാൻ സാധിക്കാതെ വരികയും ഡക്ക്വർത്ത്- ലൂയിസ് നിയമ പ്രകാരം മത്സരം ടൈ ആവുകയും ചെയ്തതോടെ ഇന്ത്യ 1-0 ന് പരമ്പര സ്വന്തമാക്കി, ആദ്യ മത്സരം മഴ കാരണം നടന്നില്ലെങ്കിലും രണ്ടാമത്തെ മത്സരത്തിൽ 65 റൺസിന്റെ കൂറ്റൻ ജയവുമായി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയിരുന്നു, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ ടിം സൗത്തി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, വില്യംസന്റെ അഭാവത്തിൽ ടിം സൗത്തി ആണ് ഇന്നത്തെ മത്സരത്തിൽ കിവീസിനെ നയിച്ചത്.
തുടക്കത്തിൽ തന്നെ ഫിൻ അലനെ (3) പുറത്താക്കിക്കൊണ്ട് അർഷ്ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, എന്നാൽ അർധ സെഞ്ച്വറിയുമായി ഡെവൺ കോൺവെയും (59) ഗ്ലെൻ ഫിലിപ്പ്സും (54) മുന്നിൽ നിന്ന് നയിച്ചപ്പോൾ കിവീസിന്റെ സ്കോർബോർഡ് മുന്നോട്ടേക്ക് കുതിച്ചു, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്തു, എന്നാൽ ഈ മുൻതൂക്കം മുതലാക്കാൻ പിന്നീട് വന്ന ബാറ്റർമാർക്ക് സാധിച്ചില്ല, അവസാന ഓവറുകളിൽ മുഹമ്മദ് സിറാജും അർഷ്ദീപ് സിംഗും വിക്കറ്റുകൾ കൂട്ടത്തോടെ വീഴ്ത്തിയതോടെ ന്യൂസിലാൻഡ് 2 ബോൾ ശേഷിക്കെ 160 റൺസിന് എല്ലാവരും പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെ ആയിരുന്നു തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെയും (10) റിഷബ്‍ പന്തിനെയും (11) ശ്രേയസ്സ് അയ്യറെയും (0) ഇന്ത്യക്ക് നഷ്ടമായി, 21/3 എന്ന നിലയിൽ തകർച്ചയെ മുന്നിൽ കണ്ട ഇന്ത്യയെ ഹാർദിക്ക് പാണ്ഡ്യ 30* പതിയെ മുന്നോട്ട് നയിച്ചു, പക്ഷെ 9 ഓവറിൽ 75/4 എന്ന നിലയിൽ ഉള്ളപ്പോൾ മഴ വീണ്ടും കളി തടസപ്പെടുത്തി, ഇതോടെ ഡക്ക്വർത്ത്-ലൂയിസ് നിയമപ്രകാരം വിജയികളെ നിർണയിക്കാൻ അമ്പയർമാർ നിർബന്ധിതരായി, എന്നാൽ ഡക്ക്വർത്ത്-ലൂയിസ് നിയമപ്രകാരം മത്സരം ടൈയിൽ ആണ് അവസാനിച്ചത്, മഴ നിയമ പ്രകാരം കളി ടൈ ആകുന്നത് അപൂർവം മത്സരങ്ങളിലെ സംഭവിക്കാറുള്ളു.
മത്സരത്തിൽ ലോക്കി ഫെർഗുസൺ എറിഞ്ഞ ആറാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഹാർദിക്ക് പാണ്ഡ്യയുടെ ബാറ്റിലിരുമ്മിയ പന്ത് വിക്കറ്റ് കീപ്പർ ഡെവൺ കോൺവെയുടെ കൈകളിൽ എത്തി എന്നാൽ ഫെർഗുസൺ ഒഴികെ വേറെ ആരും വിക്കറ്റിനായി അപ്പീൽ പോലും ചെയ്തില്ല, ഒരു പക്ഷെ അത് റിവ്യൂ കൊടുത്തിരുന്നേൽ മത്സര ഫലം മറ്റൊന്നായേനെ, റീപ്ലേയിൽ സ്നിക്കോ മീറ്ററിൽ ബാറ്റിൽ ടച്ച് ഉള്ളതായി വ്യക്തമായി കാണാം.
വീഡിയോ :