ഇന്ന് മെൽബണിൽ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇംഗ്ലണ്ടിനെ തകർത്തുവിട്ട് ഓസ്ട്രേലിയ 3-0ത്തിന് വിജയം കൈവരിച്ചു. 221 റൺസിന് പരാജയപ്പെട്ട ഇംഗ്ലണ്ട് ടീമിന്റെ ഏകദിനചരിത്രത്തിലെ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ തോൽവിയാണിത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കങ്കാരുപ്പട, സെഞ്ചുറി നേടിയ ഓപ്പണർമാരായ ട്രവിസ് ഹെഡിന്റെയും ഡേവിഡ് വാർണറിന്റെയും മികവിൽ 48 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 355 റൺസ് നേടി. മഴനിയമപ്രകാരം ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 48 ഓവറിൽ 364 റൺസായി പുനർനിർണ്ണയിച്ചെങ്കിലും അവർ 31.4 ഓവറിൽ വെറും 142 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഇവിടെവച്ച് നടന്ന ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് കിരീടം നേടിയ ഇംഗ്ലണ്ടിന്, ഏകദിനമത്സരങ്ങളിൽ അതേ മികവ് തുടരാൻ കഴിഞ്ഞില്ല. ഇന്ന് നായകൻ ജോസ് ബട്ട്‌ലർ വെറും ഒരു റൺ എടുത്ത് പുറത്തായി. 33 റൺസ് എടുത്ത ഓപ്പണർ ജയ്‌സൺ റോയിയാണ് ടീമിന്റെ ടോപ് സ്കോറർ. സ്പിന്നർ ആദം സാംബ നാല് വിക്കറ്റ് വീഴ്ത്തി മികച്ച ബോളിങ് പ്രകടനം കാഴ്ചവെച്ചപ്പോൾ 2 വിക്കറ്റ് വീതം വീഴ്ത്തി പേസർമാരായ പാറ്റ് കമിൻസും ഷോൺ ആബട്ടും മികച്ച പിന്തുണ നൽകി. ജോഷ് ഹൈസൽവുഡും മിച്ചെൽ മാർഷും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ വാർണറും ഹെഡും ചേർന്ന് ഒന്നാം വിക്കറ്റിൽ 38.1 ഓവറിൽ 269 റൺസാണ് കൂട്ടിച്ചേർത്തത്. 152 റൺസ് നേടിയ ട്രവിസ് ഹെഡാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 106 റൺസ് നേടിയ ഡേവിഡ് വാർണർ പരമ്പരയുടെ താരമായി. ആരോൺ ഫിഞ്ച് ഏകദിനത്തിൽ നിന്നും വിരമിച്ച ശേഷം ടീമിന്റെ നായകചുമതലകൾ ഏറ്റെടുത്ത പേസർ പാറ്റ് കമിൻസിന് ആദ്യ പരമ്പരയിൽ തന്നെ സമ്പൂർണവിജയത്തോടെ ശുഭാരംഭം കുറിക്കാൻ സാധിച്ചു.
മത്സരത്തിൽ രസകരമായ ഒരു നിമിഷവും അരങ്ങേറിയിരുന്നു. ഇംഗ്ലണ്ട് നിരയിൽ 4 വിക്കറ്റ് വീഴ്ത്തിയ, പേസർ ഒല്ലി സ്റ്റോൺ എറിഞ്ഞ നാൽപ്പത്തിയാറാം ഓവറിലെ മൂന്നാം പന്തിൽ ആയിരുന്നു 16 പന്തിൽ 21 റൺസ് എടുത്ത സ്റ്റീവൻ സ്മിത്ത് പുറത്തായത്. ഷോർട്ട് പിച്ച് പന്തിൽ സ്കൂപ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ച സ്മിത്തിന്റെ ഗ്ലോവിൽ തട്ടി പന്ത് ബട്ട്‌ലറുടെ കൈകളിൽ എത്തി. ഒന്നും അറിയാത്ത ഭാവത്തിൽ സ്മിത്ത് നിന്നപ്പോൾ അമ്പയർ ആദ്യം ഔട്ട് വിളിച്ചില്ല. പെട്ടെന്നുതന്നെ നായകൻ ബട്ട്‌ലർ റിവ്യൂ സിഗ്നൽ നൽകുകയായിരുന്നു. അപ്പോൾ തേർഡ് അമ്പയറുടെ തീരുമാനത്തിനു വിടുമെന്ന് എല്ലാവരും കരുതിയെങ്കിലും ഫീൽഡ് അമ്പയർ തന്റെ തീരുമാനം മാറ്റി വിക്കറ്റ് അംഗീകരിച്ച് വിരലുയർത്തുകയായിരുന്നു. അതോടെ താൻ ഔട്ട് ആണെന്ന് ബോധ്യമുണ്ടായിരുന്ന സ്മിത്ത് പിന്നീട് റിവ്യൂ ഒന്നും നൽകാതെ പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.