Categories
Cricket Latest News

ഇവൻ ഒന്ന് തൊട്ടാൽ വരെ സിക്സ് ആണല്ലോ ! സൂര്യയുടെ ഒരു മനോഹരമായ സിക്സ് കാണാം

ഇന്നലെ അവസാനിച്ച ന്യൂസിലാന്റിന് എതിരായ ട്വന്റി ട്വന്റി പരമ്പര ഇന്ത്യ 1-0 ത്തിന് സ്വന്തമാക്കിയിരുന്നു. വെല്ലിങ്ടണിൽ നടന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ മൗണ്ട് മാൻഗൗനയിൽ നടന്ന രണ്ടാം മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ മികവിൽ ഇന്ത്യ 65 റൺസിന് വിജയിച്ചിരുന്നു. ഇന്നലെ നേപ്പിയറിൽ നടന്ന മത്സരം നാടകീയമായി ടൈ ആവുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 9 ഓവറിൽ 75/4 എന്ന നിലയിൽ നിൽക്കെ മഴയെത്തി. പിന്നീട് മത്സരം പുനരാരംഭിക്കാൻ കഴിഞ്ഞില്ല.

ഡാക്ക്വാർത്ത് ലൂയിസ് സ്റ്റേൺ മഴനിയമപ്രകാരം 9 ഓവറിൽ 75 റൺസ് ആയിരുന്നു പാർ സ്കോർ. ഇന്ത്യയും അതേ സ്കോർ മാത്രം എടുത്ത് നിന്നിരുന്നതിനാൽ മത്സരം സമനിലയിൽ കലാശിച്ചു. 76 റൺസ് എടുത്തിരുന്നുവെങ്കിൽ ഇന്ത്യ ഒരു റൺസിന് വിജയം നേടിയേനെ. എങ്കിലും പരമ്പര ഇന്ത്യക്ക് തന്നെ സ്വന്തമായതിൽ ആശ്വസിക്കാം. പുറത്താകാതെ നിന്നു 18 പന്തിൽ 30 റൺസ് എടുത്ത നായകൻ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഒരു ഘട്ടത്തിൽ 3 ഓവറിൽ 21/3 എന്ന നിലയിൽ ആയിരുന്നു ഇന്ത്യ.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്റിന് ഫിൻ അലനെയും മാർക്ക് ചാപ്മാനെയും പവർപ്ലയിൽ തന്നെ നഷ്ടമായിരുന്നു. എങ്കിലും അർദ്ധസെഞ്ചുറികൾ നേടിയ ഓപ്പണർ കോൺവെയും ഗ്ലെൻ ഫിലിപ്സും ചേർന്ന് അവരെ കരകയറ്റി. ഇരുവരും പുറത്തായതോടെ 130/2 എന്ന നിലയിൽ ആയിരുന്ന അവർ ഒടുവിൽ 19.4 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജും അർഷദീപ് സിംഗും ചേർന്നാണ് അവരെ തകർത്തത്. 4 ഓവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റും ഒരു റൺഔട്ടും നേടി ട്വന്റി ട്വന്റി കരിയറിലെ മികച്ച പ്രകടനം നടത്തിയ സിറാജ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ 10 പന്തിൽ 13 റൺസ് മാത്രം എടുത്താണ് സൂര്യകുമാർ യാദവ് പുറത്തായത്. എങ്കിലും കളിയിലെ ഏറ്റവും മികച്ച ഷോട്ട് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിക്സർ അദ്ദേഹം നേടിയിരുന്നു. ന്യൂസിലൻഡ് നിരയിലെ എക്സ്പ്രസ്സ് പേസർ ലോക്കി ഫെർഗൂസൻ എറിഞ്ഞ ആറാം ഓവറിൽ ആയിരുന്നു അത്. മണിക്കൂറിൽ 146.5 കിലോമീറ്റർ വേഗത്തിൽ വന്ന പന്തിനെ ഒരു മികച്ച ഇൻസൈഡ്‌ ഔട്ട് ലോഫ്റ്റ് ഷോട്ട് കളിച്ച് അദ്ദേഹം ഗാലറിയിലെ ആൾക്കൂട്ടത്തിലേക്ക് പറത്തിവിടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ 51 പന്തിൽ 111 റൺസ് നേടി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സൂര്യ തന്നെയാണ് ഇന്നലെ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

Leave a Reply

Your email address will not be published. Required fields are marked *