ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഏകദിനത്തിൽ ഇന്ത്യ ഒരു വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയിരുന്നു. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 42 ഓവറിൽ തന്നെ 186 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ട് ആവുകയായിരുന്നു. ഇന്ത്യക്കായി കെ എൽ രാഹുൽ 70 പന്തിൽ 73 റൺസ് നേടി. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ മറ്റാർക്കും അർദ്ധ സെഞ്ച്വറി കണ്ടെത്താൻ കഴിഞ്ഞില്ല. രോഹിത് ശർമ 27 റൺസ് നേടിയപ്പോൾ ശ്രേയസ് അയ്യർ 24 റൺസ് നേടി. ഫോമിലുള്ള വിരാട് കോലിക്ക് വെറും 9 നേടാനെ കഴിഞ്ഞുള്ളൂ. വാഷിംഗ്ടൺ സുന്ദർ 11 റണ്ണെടുത്തു. ഇന്ത്യയുടെ തോൽവി ബംഗ്ലാദേശിനെതിരെ ആയതിനാൽ കടുത്ത വിമർശനമാണ് നാലു കോണിൽ നിന്നും ഉയരുന്നത്. പരിക്കേറ്റ് സ്ക്വാഡിൽ നിന്നും പുറത്തുപോയ റിഷബ് പന്തിന് പകരക്കാരനെ പ്രഖ്യാപിക്കാത്തതും വിവാദങ്ങൾക്ക് വഴി വച്ചിട്ടുണ്ട്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഇന്ത്യയെ പോലെ തന്നെ ബാറ്റിംഗ് തകർച്ച നേരിട്ടുവെങ്കിലും മെഹന്തി ഹസൻ മിറാജിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യ ഉയർത്തിയ ലക്ഷ്യത്തെ മറികടന്നു. പതിനൊന്നാമതായി ബാറ്റിംഗിന് ഇറങ്ങിയ മുസ്തഫിസുർ റഹ്മാനെ കൂട്ടുപിടിച്ചായിരുന്നു മെഹന്തി ഹസന്റെ ചെറുത്തുനിൽപ്പ്. ബംഗ്ലാദേശ് ഒരു വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓൾറൗണ്ടർ മാറായിരുന്നു ഇന്ത്യക്കായി ബാറ്റിങ്ങിന് ഇറങ്ങിയത് എങ്കിലും നാലുപേരും കാര്യമായ റൺസ് നേടിയില്ല. മധ്യനിരയിൽ ബാറ്റ്സ്മാൻമാരുടെ മോശം പ്രകടനം ഇന്ത്യയുടെ കൂട്ട തകർച്ചയ്ക്ക് കാരണമായി.
ഷക്കീബ് അൽ ഹസന്റെ ബൗളിംഗ് ആയിരുന്നു ഇന്ത്യൻ ബാറ്റിംഗ് തകർത്തത്. ഷാക്കിബ് അഞ്ചു വിക്കറ്റും ഇബാദത്ത് നാലു വിക്കറ്റും നേടി. ഇന്ത്യക്കായി വിക്കറ്റ് കീപ്പ് ചെയ്തത് കെ എൽ രാഹുൽ ആയിരുന്നു. നിർണായകനിമിഷത്തിൽ രാഹുൽ വിട്ടുകളഞ്ഞ ഒരു ക്യാച്ച് കളിയുടെ ഗതി മാറ്റുന്നതായിരുന്നു. രാഹുലിന് ഗ്ലൗസ് നൽകിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനത്തെ ഇപ്പോൾ സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്. ഇടംകയ്യൻ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ ടീമിൽ സ്ക്വാഡിൽ ഉള്ളപ്പോഴാണ് കെഎൽ രാഹുലിന് കീപ്പിങ്ങിന് അവസരം ലഭിച്ചത് എന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ഏതായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത് മറ്റൊരു വീഡിയോ ആണ്. മറുപടി ബാറ്റിങ്ങിനായി ബംഗ്ലാദേശ് ഇറങ്ങിയ സമയത്ത് ക്യാപ്റ്റൻ ലിറ്റൺ ദാസ് കുൽദീവ് സെൻ എറിഞ്ഞ ഷോർട്ട് ബോൾ പുറത്തേക്ക് അടിച്ച് 6 റൺ നേടിയിരുന്നു. ദാസിന്റെ സിക്സ് കണ്ട് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ബംഗ്ലാദേശി ആരാധകർ ഒന്നിച്ച് ആരവം മുഴക്കി. ഈ സമയം ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തത് മറ്റൊരു വ്യക്തിയെ ആയിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ജേഴ്സി അണിഞ്ഞ് കയ്യിൽ ബംഗ്ലാദേശി പതാകയും ഉയർത്തി നിൽക്കുന്ന വ്യക്തി. ഇയാൾ ദാസിന്റെ സിക്സ് കണ്ടു തുള്ളിച്ചാടി. ഈ സമയം കയ്യിൽ ഉയർത്തിപ്പിടിച്ചിരുന്ന പതാക അയാളുടെ തലയിൽ തന്നെ വീണു. ഇത് ഗ്രൗണ്ടിൽ ഒന്നടങ്കം ചിരി പടർത്തി. ഒരേസമയം ആർ സി ബി യുടെയും ബംഗ്ലാദേശിന്റെയും ആരാധകനായ ആ യുവാവിന്റെ സെലിബ്രേഷൻ വീഡിയോ കാണാം…