ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. അവസാന ഇന്നിംഗ്‌സിൽ പാകിസ്ഥാനെ 344 റൺസ് ചെയ്‌സ് ചെയ്യാൻ അയച്ച ഇംഗ്ലണ്ട്, അഞ്ചാം ദിനം അവസാന സെക്ഷനിൽ ഓൾ ഔട്ടാക്കുകയായിരുന്നു. 75 റൺസിന്റെ ജയമാണ് സ്റ്റോക്സും കൂട്ടരും നേടിയത്.
നാലാം ദിനം ടീം ബ്രേക്കിന് പിന്നാലെ രണ്ടാം ഇന്നിംഗ്‌സിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 264 റൺസ് നേടിയ ഇംഗ്ലണ്ട് ഡിക്ലയർ ചെയ്യുകയായിരുന്നു. ബാറ്റിങിന് അനുകൂലമായ പിച്ചിൽ ഒരു ദിവസം കൊണ്ട് എത്തി പിടിക്കാവുന്ന സ്കോറിൽ ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തത് ഏവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ അപകടകരമായ നീക്കമെന്നും കമെന്റർമാർ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ പാകിസ്ഥാനെ 75 റൺസ് അകലെ ഓൾ ഔട്ടാക്കി തങ്ങളുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. അഞ്ചാം ദിനം 2ന് 80 എന്ന നിലയിലാണ് പാകിസ്ഥാൻ ഇറങ്ങിയത്. അഞ്ചാം ദിനം ആരംഭിച്ച് 5 ഓവർ പിന്നിട്ടപ്പോഴേക്കും മൂന്നാം വിക്കറ്റ് വീണിരുന്നുവെങ്കിലും നാലാം വിക്കറ്റിൽ റിസ്വാനും ഷകീലും ചേർന്ന് വിക്കറ്റ് നഷ്ട്ടപ്പെടാതെ സ്‌കോർ ഉയർത്തി. ഇരുവരും 87 റൺസാണ് കൂട്ടിച്ചേർത്തത്.
അവസാന സെക്ഷനിൽ 5 വിക്കറ്റ് കയ്യിലിരിക്കെ 86 റൺസായിരുന്നു പാകിസ്ഥാൻ വേണ്ടിയിരുന്നത്. ഇംഗ്ലണ്ട് പരാജയപ്പെടുമെന്ന് കരുതിയ ഇടത്താണ് ഇംഗ്ലണ്ട് ബൗളർമാർ വൻ തിരിച്ചു വരവ് നടത്തിയത്. 6ആം വിക്കറ്റിൽ പാകിസ്ഥാൻ 61 റൺസ് കൂട്ടുകെട്ട് സമ്മാനിച്ച സാൽമാനെയും അസർ അലിയെയും തൊട്ടടുത്ത ഓവറുകളിലായി പുറത്താക്കിയാണ് ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്തിയത്. ഇരുവരെയും റോബിൻസനാണ് പുറത്താക്കിയത്. പിന്നാലെ പാകിസ്ഥാൻ കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടത്. അവസാന വിക്കറ്റിൽ നസീം ഷായും അലിയും ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും ഒടുവിൽ ലീച്ച് നസീം ഷായെ പുറത്താക്കി ജയം സമ്മാനിച്ചു.
79 റൺസ് നേടിയ ഷകീലാണ് പാകിസ്ഥാന്റെ ടോപ്പ് സ്‌കോറർ. ഇംഗ്ലണ്ടിനായി റോബിൻസനും ആൻഡേഴ്‌സനും 4 വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 658 റൺസും, പാകിസ്ഥാൻ 579 റൺസും നേടിയിരുന്നു. സമനിലയിൽ കലാശിക്കുമെന്ന് കരുതിയ മത്സരത്തിലാണ് ഇങ്ങനെയൊരു ആവേശകരമായ അന്ത്യം.