പരമ്പരയിലെ രണ്ടാം ഏകദിനമത്സരത്തിലും ഇന്ത്യയെ കീഴടക്കി സ്വന്തം മണ്ണിൽ മറ്റൊരു പരമ്പര സ്വന്തമാക്കി കരുത്തുകാട്ടി ബംഗ്ലാ കടുവകൾ. 2016 ഒക്ടോബറിന് ശേഷം ബംഗ്ലാദേശിൽവച്ച് നടന്ന എല്ലാ ഏകദിനപരമ്പരകളും നേടിയ ബംഗ്ലാദേശ്, അടുത്ത വർഷം ഇന്ത്യയിൽവച്ച് നടക്കുന്ന ഏകദിന ലോകകപ്പ് ടൂർണമെന്റിന് മികച്ച ഒരുക്കങ്ങൾ നടത്തുന്നു എന്ന് പറയാം. ഇന്ന് ധാക്കയിലെ ഷേർ ഇ ബംഗ്ലാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 5 റൺസിനായിരുന്നു അവരുടെ വിജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 266 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത അവർക്ക് തുടക്കം തകർച്ചയോടെയായിരുന്നു. രണ്ട് ഓപ്പണർമാരെയും സിറാജ് പുറത്താക്കി. കുൽദീപ് സെനിന് പകരം ടീമിൽ ഇടംപിടിച്ച ഉമ്രാൻ മാലിക്ക് വേഗമേറിയ പന്തുകൾകൊണ്ട് അവരെ വിറപ്പിച്ചു. സ്പിന്നർ വാഷിങ്ടൺ സുന്ദർ കൂടി തിളങ്ങിയതോടെ ഒരു ഘട്ടത്തിൽ 69/6 എന്ന നിലയിലേക്ക് കൂപ്പുകുത്തി ടീം ബംഗ്ലാദേശ്. എങ്കിലും ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന സീനിയർ താരം മഹമ്മദുള്ളയും കഴിഞ്ഞ മത്സരത്തിലെ ഹീറോ മേഹധി ഹസനും ചേർന്ന് അവരെ കരകയറ്റി. മഹമ്മദുള്ള 77 റൺസ് നേടി പുറത്തായി. ഹസൻ സെഞ്ചുറി തികച്ച് പുറത്താകാതെ നിന്നപ്പോൾ അവർ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് എടുത്തു.
ഫീൽഡിംഗിനിടെ പരുക്കേറ്റ നായകൻ രോഹിത് ശർമ്മക്ക് പകരം കോഹ്‌ലിയും ധവാനും ചേർന്നാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. എങ്കിലും ഇരുവരും ഒറ്റയക്ക സ്കോറിന് പുറത്തായി. പിന്നീട് വന്ന സുന്ദറും രാഹുലും കൂടി ചെറിയ സ്കോറിൽ മടങ്ങിയതോടെ 18 ഓവറിൽ 65/4 എന്ന നിലയിൽ പ്രതിസന്ധിയിൽ ആയിരുന്നു ഇന്ത്യ. എങ്കിലും അഞ്ചാം വിക്കറ്റിന് ശ്രേയസ് അയ്യരും അക്സർ പട്ടേലും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയുടെ വിജയപ്രതീക്ഷകൾ തിരികെകൊണ്ടുവന്നു. 82 റൺസ് എടുത്ത അയ്യരും 56 റൺസ് എടുത്ത പട്ടേലും പുറത്തായതോടെ വീണ്ടും ഇന്ത്യ പ്രതിസന്ധിയിലായി.
ഓൾറൗണ്ടർമാരായ ഷർദൂൾ താകൂറും ദീപക് ചാഹാറും കൂടി പുറത്തായതോടെ രോഹിത് ഇറങ്ങേണ്ടി വന്നു. ഇന്ത്യ ഫീൽഡ് ചെയ്യുകയായിരുന്ന സമയത്ത് സ്ലിപ്പിൽ ഒരു ക്യാച്ച് എടുക്കാനുള്ള ശ്രമത്തിൽ കയ്യിൽ നിന്നും ചോര വാർന്ന് മൈതാനം വിട്ടതായിരുന്നു രോഹിത്. ഒടുവിൽ രണ്ടും കൽപ്പിച്ചു ഇറങ്ങിയ രോഹിത് അവസാന പന്തുവരേ ഇന്ത്യയെ വിജയത്തിൽ എത്തിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. 28 പന്തിൽ നിന്നും 3 ഫോറും 5 സിക്സുമടക്കം 51 റൺസ് നേടി തന്റെ ഫോം ഇപ്പോഴും അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യയെ മത്സരത്തിൽ വിജയിപ്പിക്കാൻ കഴിഞ്ഞില്ല എന്ന സങ്കടം മാത്രം ബാക്കി. മുസ്തഫീസൂർ റഹ്മാൻ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 20 റൺസ് വേണമെന്നിരിക്കെ രണ്ട് ഫോറും ഒരു സിക്‌സുമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത്.
വീഡിയോ :