ലങ്കാ പ്രീമിയർ ലീഗിൽ ക്യാച്ച് എടുക്കുന്നതിനിടെ പന്ത് മുഖത്ത് പതിച്ച് ശ്രീലങ്കൻ താരം ചാമിക കരുണരത്‌നയ്ക്ക് നഷ്ട്ടമായത് 4 പല്ലുകൾ. ഇന്നലെ നടന്ന ഗാലെ ഗ്ലാഡിയേറ്റേഴ്സ് – കാൻഡി ഫാൽക്കണ് തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ സംഭവം. കാൻഡി ഫാൽക്കണ് താരമാണ് ചാമിക. മത്സരത്തിൽ 8 പന്തിൽ 13 റൺസ് നേടിയ ഫെർണാണ്ടയുടെ ക്യാച്ച് എടുക്കാൻപിറകോട്ട് ഓടി ശ്രമിക്കുന്നതിനിടെയാണ് ഉയരത്തിൽ വന്ന പന്ത് നേരിട്ട് മുഖത്ത് പതിച്ചത്.
ക്യാച്ച് ഭദ്രമാക്കിയെങ്കിലും പന്ത് വീണ ആഘാതത്തിൽ താരത്തിന് പല്ലുകൾ നഷ്ട്ടമായി. ക്യാച്ച് എടുത്തതിന് പിന്നാലെ വായിൽ നിന്ന് ചോരയൊലിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഉടനെ തന്നെ ചാമിക ഗ്രൗണ്ട് വിട്ടിരുന്നു. മത്സരത്തിന് പിന്നാലെ സർജറി നടത്തിയെന്നും ആശങ്കപ്പെടാൻ ഇല്ലെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.
മത്സരത്തിൽ കാൻഡി ഫാൽകണ് 5 വിക്കറ്റിന് ജയം നേടിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗാലെ ഗ്ലാഡിയേറ്റേഴ്സിനെ 121 ൽ ഒതുക്കി മറുപടി ബാറ്റിങ്ങിൽ 15 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. 34 പന്തിൽ 44 റൺസ് നേടിയ കാമിണ്ടു മെൻഡിസാണ് ടോപ്പ് സ്‌കോറർ. ബൗളിങ്ങിൽ 4 ഓവറിൽ 4 വിക്കറ്റ് വീഴ്ത്തി 14 റൺസ് മാത്രം വഴങ്ങിയ ബ്രാത്വൈറ്റാണ് പ്ലേയർ ഓഫ് ദി മാച്ച്.
വീഡിയോ കാണാം: