അരങ്ങേറ്റത്തിൽ തന്നെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് 24ക്കാനായ പാക് സ്പിന്നർ അബ്‌റാർ അഹമ്മദ്. മുൾത്താനിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാൻ പ്ലെയിങ് ഇലവനിൽ ഇടം പിടിച്ച അബ്‌റാർ 7 വികറ്റാണ് വീഴ്ത്തിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ 281 റൺസിന് പുറത്തായി. സന്ദർശകർക്കായി ബെൻ ഡക്കറ്റ് (63), ഒല്ലി പോപ്പ് (60) എന്നിവർ അർധസെഞ്ചുറി നേടി. തന്റെ അഞ്ചാം പന്തിൽ ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രാളി ക്ലീൻ ബൗൾഡാക്കിയാണ് തുടങ്ങിയത്. പിന്നീട് എത്തിയ 6 പേരെയും അബ്‌റാർ തന്നെ പുറത്താക്കിയത്.
സ്റ്റോക്‌സിനെ പുറത്താക്കാൻ അബ്‌റാർ പുറത്തെടുത്ത ഡെലിവറി സോഷ്യൽ മീഡിയയിൽ വൈറലാണ്. ലെഗ് സ്റ്റമ്പിന് അടുത്തായി വീണ പന്ത് സ്റ്റോക്‌സിന്റെ ബാറ്റ് ഭേദിച്ച് സ്റ്റംപ് ഇളക്കുകയായിരുന്നു. ആ ഡെലിവറിയുടെ മഹത്വം സ്റ്റോക്‌സിന്റെ മുഖത്തെല്ലാം പ്രകടമായിരുന്നു. പന്ത് തന്റെ ബാറ്റിൽ നിന്ന് ഒഴിഞ്ഞുമാറാൻ എടുത്ത ടേൺ ഇംഗ്ലണ്ട് ക്യാപ്റ്റന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.
സാക് ക്രോളി (19), ഡകറ്റ് (63), ഒല്ലി പോപ്പ് (60), ജോ റൂട്ട് (8), ഹാരി ബ്രൂക്ക് (9), സ്റ്റോക്‌സ് (30) എന്നിവരുടെ വിക്കറ്റാണ് അബ്‌റാർ നേടിയത്. തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ, ഈ നേട്ടം കൈവരിക്കുന്ന 13-ാമത്തെ പാകിസ്ഥാൻ ബൗളറായി അബ്റാർ മാറി. മറുപടി ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാൻ 15 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ 53 റൺസ് നേടിയിട്ടുണ്ട്. 41 പന്തിൽ 37 റൺസുമായി ബാബറും 2 റൺസുമായി ഷകീലുമാണ് ക്രീസിൽ. ഷഫീഖ് (14), ഇമാമുൾ ഹഖ് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്.
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ് (w), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (c), വിൽ ജാക്സ്, ഒല്ലി റോബിൻസൺ, ജാക്ക് ലീച്ച്, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്സൺ
പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): അബ്ദുല്ല ഷഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം (C), മുഹമ്മദ് റിസ്വാൻ (W), സൽമാൻ, സൗദ് ഷക്കീൽ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സാഹിദ് മഹ്മൂദ്, മുഹമ്മദ് അലി, അബ്രാർ അഹമ്മദ്