നീണ്ട 3 വർഷങ്ങൾക്ക് ശേഷം ഏകദിനത്തിൽ സെഞ്ചുറിയുമായി കോഹ്ലി. ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തിൽ 85 പന്തിൽ നിന്നാണ് ഏകദിനത്തിലെ 44ആം സെഞ്ചുറിയും അന്താരാഷ്ട്ര കരിയറിലെ 72ആം സെഞ്ചുറിയും നേടിയത്. 11 ഫോറും 1 സിക്‌സും ഉൾപ്പെടെയാണ് സെഞ്ചുറി. 2019 നവംബറിലാണ് അവസാനമായി കോഹ്ലി ഏകദിന സെഞ്ചുറി നേടിയത്, അതും ബംഗ്ലാദേശിന് എതിരെ തന്നെയായിരുന്നു.
അതിന് ശേഷമുള്ള 3 വർഷം സെഞ്ചുറിയില്ലാതെയാണ് കോഹ്ലിയുടെ കരിയർ കടന്ന് പോയത്. ഈ വർഷം സെപ്റ്റംബറിൽ നടന്ന ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ടി20യിൽ സെഞ്ചുറി നേടി കോഹ്ലി സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ചിരുന്നു. ഇന്നത്തെ സെഞ്ചുറിയോടെ ഏകദിനത്തിലും അതിന് അറുതിയായി.
40 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 3ന് 339 എന്ന നിലയിലാണ്. ഡബിൾ സെഞ്ചുറി നേടിയ ഇഷാന്റെയും 3 റൺസ് നേടിയ അയ്യറിന്റെയും വിക്കറ്റാണ് ഒടുവിൽ നഷ്ട്ടമായത്. 126 പന്തിൽ നിന്ന് ഡബിൾ സെഞ്ചുറി നേടിയ ഇഷാൻ 210 റൺസ് നേടിയാണ് മടങ്ങിയത്. 24 ഫോറും 10 സിക്‌സും പറത്തിയിരുന്നു.
ഡബിൾ സെഞ്ചുറി നേടുന്ന നാലാം ഇന്ത്യൻ താരമെന്ന റെക്കോർഡും ഇഷാൻ സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏഴാമത്തെ താരമാണ്. ആദ്യ 2 മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റർമാർക്ക് മേൽ ആധിപത്യം നേടിയ ബംഗ്ലാദേശ് ബൗളർമാരെ അനായാസമാണ് ഇഷാൻ നേരിട്ടത്.
24ആം ഓവറിൽ നേരിട്ട 85ആം പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ ഇഷാൻ കിഷൻ ഡബിൾ സെഞ്ചുറി ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. 41 പന്താണ് ഡബിൾ സെഞ്ചുറിയിലേക്ക് എത്താൻ ഇഷാൻ വേണ്ടി വന്നത്. 23 ഫോറും 9 സിക്‌സും സഹിതമാണ് ഇഷാന്റെ ഇന്നിംഗ്സ്.