ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഇഷാൻ കിഷൻ നേടിയ ഇരട്ട സെഞ്ച്വറിയുടെയും (210) വിരാട് കോഹ്ലി നേടിയ സെഞ്ച്വറിയുടെയും (113) കരുത്തിൽ 409/8 എന്ന കൂറ്റൻ സ്കോർ, മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിട്ടൺ ദാസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, 3 മത്സരങ്ങളടങ്ങിയ പരമ്പര 2-0 ന് ബംഗ്ലാദേശ് നേരത്തെ തന്നെ സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സര ഫലത്തിന് വലിയ പ്രസക്തിയില്ല.
രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത് പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ദീപക് ചഹറിനും പകരം ഇഷാൻ കിഷനും കുൽദീപ് യാദവും ഇന്ത്യൻ നിരയിൽ ഇടം നേടി, രോഹിത്തിന്റെ അഭാവത്തിൽ കെ.എൽ രാഹുൽ ആണ് ഇന്ത്യയെ മത്സരത്തിൽ നയിക്കുന്നത്, തുടക്കത്തിൽ തന്നെ ശിഖർ ധവാനെ (3) ഇന്ത്യക്ക് നഷ്ടമായെങ്കിലും ഇഷാൻ കിഷൻ കത്തിക്കയറിയതോടെ ഇന്ത്യൻ സ്കോർബോർഡ് മിന്നൽ വേഗത്തിൽ കുതിച്ചു, വിരാട് കോഹ്ലിക്കൊപ്പം രണ്ടാം വിക്കറ്റിൽ 290 റൺസിന്റെ പടു കൂറ്റൻ കൂട്ട് കെട്ടാണ് ഇഷാൻ കിഷൻ പടുത്തുയർത്തിയത്, ഏകദിനത്തിലെ ഏറ്റവും വലിയ നാലാമത്തെ രണ്ടാം വിക്കറ്റ് കൂട്ട്കെട്ട് എന്ന റെക്കോർഡും ഇതിനിടെ ഇരുവരും സ്വന്തമാക്കി,
തന്റെ കന്നി ഏകദിന സെഞ്ച്വറി സ്വന്തമാക്കിയതിന് പിന്നാലെ കൂടുതൽ ആക്രമിച്ച് കളിച്ച ഇഷാൻ കിഷൻ ബംഗ്ലാദേശ് ബോളർമാരെ തലങ്ങും വിലങ്ങും അടിച്ച് പറത്തി, ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ബൗണ്ടറികൾ പ്രവഹിച്ച് കൊണ്ടേയിരുന്നപ്പോൾ ഇന്ത്യൻ സ്കോർബോർഡ് ശര വേഗത്തിൽ കുതിച്ചു, വെറും 131 ബോളിൽ 24 ഫോറും 10 സിക്സും അടക്കമാണ് ഇഷാൻ കിഷൻ 210 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തിയത്, സച്ചിനും,സേവാഗിനും, രോഹിത്തിനും ശേഷം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത്തെ കളിക്കാരൻ ആകാനും ഇതോടെ ഇഷാൻ കിഷന് സാധിച്ചു, മറുവശത്ത് കോഹ്ലി ഇഷാൻ കിഷന് മികച്ച പിന്തുണ നൽകി, 3 വർഷങ്ങൾക്ക് ശേഷം ഏകദിനത്തിൽ സെഞ്ച്വറി നേടാനും കോഹ്ലിക്ക് സാധിച്ചു.
കൂറ്റൻ വിജയ ലക്ഷ്യം നേടാനായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ അനാമുൾ ഹക്കിനെയും (8) ലിട്ടൺ ദാസിനെയും (29) നഷ്ടമായി, പിടിച്ച് നിൽക്കാൻ ബംഗ്ലാദേശ് ബാറ്റർമാർ ശ്രമിച്ചെങ്കിലും ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് 148/8 എന്ന നിലയിലേക്ക് ഇന്ത്യൻ ബോളർമാർ ബംഗ്ലാദേശിനെ തകർത്തു.
മത്സരത്തിലെ അക്സർ പട്ടേൽ എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ അവസാന ബോളിൽ 3 സ്റ്റമ്പും കാണിച്ച് കൊണ്ട് ലെഗ് സൈഡിലേക്ക് സ്വീപ്പ് ഷോട്ടിന് ശ്രമിച്ച മുഷ്ഫിഖുർ റഹീമിന്റെ കണക്കു കൂട്ടൽ തെറ്റിച്ച് കൊണ്ട് അക്സർ പട്ടേലിന്റെ മികച്ച ഒരു ബോൾ റഹീമിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു, 7 റൺസ് മാത്രമാണ് റഹീമിന് നേടാൻ സാധിച്ചത്.
Written By: അഖിൽ. വി.പി. വള്ളിക്കാട്.
വീഡിയോ :