ഇന്ത്യ ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരത്തിൽ ഇന്ത്യക്ക് 227 റൺസിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തി. ഇരട്ട സെഞ്ചുറി നേടിയ ഓപ്പണർ ഇഷാൻ കിഷന്‍റെയും സെഞ്ചുറി നേടിയ സീനിയർ താരം വിരാട് കോഹ്‌ലിയൂടെയും മികവിലാണ് ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് എടുത്തത്. ബംഗ്ലാദേശ് ടീം 34 ഓവറിൽ 182 റൺസിന് എല്ലാവരും പുറത്തായി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നേരത്തെതന്നെ നഷ്ടമായിരുന്നു.
ഓപ്പണർ ശിഖർ ധവാൻ 8 പന്തിൽ 3 റൺസ് എടുത്ത് മടങ്ങിയപ്പോൾ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും കിഷനും 290 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. ഒരറ്റത്ത് തകർപ്പനടികളുമായി കിഷൻ നിറഞ്ഞുനിന്നപ്പോൾ വിരാട് കോഹ്‌ലി മികച്ച പിന്തുണ നൽകി കളിക്കുകയാണ് ചെയ്തത്. കിഷാന്റെ ഏകദിനത്തിലെ ഉയർന്ന സ്കോർ 93 റൺസ് ആയിരുന്നു. തന്റെ കന്നി ഏകദിന സെഞ്ചുറി നേട്ടം ഒരു ഇരട്ട സെഞ്ചുറി നേട്ടവുമായി ആഘോഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതും ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയായി. 138 പന്തിൽ ഇരട്ട സെഞ്ചുറി നേടിയ ക്രിസ് ഗെയിലിന്റെ റെക്കോർഡ് തകർത്ത് വെറും 126 പന്തിലാണ് കിഷൻ ചരിത്രം കുറിച്ചത്. മത്സരത്തിൽ 210 റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്.
മത്സരത്തിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി തന്റെ കരിയറിലെ എഴുപത്തിരണ്ടാം സെഞ്ചുറി നേട്ടം പൂർത്തിയാക്കി. മേഹിദീ ഹസൻ മിറാസ് എറിഞ്ഞ ഏഴാം ഓവറിന്റെ മൂന്നാം പന്തിൽ കോഹ്‌ലി നൽകിയ അനായാസ ക്യാച്ച് ബംഗ്ലാദേശ് നായകൻ ലിട്ടൻ ദാസ് നിലത്തിട്ടിരുന്നു. മിഡ് വിക്കറ്റിലൂടെ ഫ്ളിക് ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ നേരെ ദാസിന്റെ കയ്യിലേക്ക് പോകുകയായിരുന്നു. ഒരു റൺ മാത്രം എടുത്തുനിൽക്കെ തനിക്ക് ലഭിച്ച പുതുജീവൻ ശരിക്ക് മുതലാക്കി കോഹ്‌ലി കരുത്തുകാട്ടി. 91 പന്തിൽ 11 ഫോറും 2 സിക്‌സും അടക്കം 113 റൺസ് നേടിയാണ് കോഹ്‌ലി പുറത്തായത്.
വീഡിയോ :
ചത്തോഗ്രാമിലെ സഹൂർ അഹമ്മദ് ചൗദരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, നേരത്തെ ടോസ് നേടിയ ബംഗ്ലാ നായകൻ ലിറ്റൻ ദാസ് ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ വിരലിന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നായകൻ രോഹിത് ശർമ്മയ്ക്ക് പകരം ഇന്ന് കെ എൽ രാഹുലാണ് ഇന്ത്യയെ നയിച്ചത്. രോഹിതിന്റെ അഭാവത്തിൽ ഓപ്പണറായി ഇഷാൻ കിഷനും പരുക്കേറ്റ പേസർ ദീപക് ചഹാറിന് പകരം സ്പിന്നർ കുൽദീപ് യാദവും ഇന്ത്യൻ നിരയിൽ ഇടംപിടിച്ചു.