2023ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ വിജയത്തുടക്കവുമായി പുതുവർഷം ആഘോഷിച്ച് ടീം ഇന്ത്യ. ശ്രീലങ്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 2 റൺസ് വിജയം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടിയപ്പോൾ ശ്രീലങ്കൻ ഇന്നിങ്സ് 20 ഓവറിൽ 160 റൺസിൽ എല്ലാവരും പുറത്തായി അവസാനിച്ചു.
ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന പേസർ ശിവം മാവി നാലോവറിൽ വെറും 22 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി ഗംഭീരമാക്കി. ഹർഷൽ പട്ടേലും ഉമ്രാൻ മാലിക്കും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 45 റൺസ് എടുത്ത നായകൻ ദസുൻ ശനാകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. നേരത്തെ 94/5 എന്ന നിലയിൽ തകർന്നുവെങ്കിലും ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഹൂഡയും അക്ഷറും കൂടി അവസാന ആറോവറിൽ 68 റൺസ് അടിച്ചുകൂട്ടിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഹൂഡ 41 റൺസോടെയും അക്ഷർ 31 റൺസോടെയും പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഓപ്പണർ കിഷൻ 37 റൺസും നായകൻ പാണ്ഡ്യ 29 റൺസും എടുത്തു പുറത്തായി. ലോക ഒന്നാം നമ്പർ ട്വന്റി ട്വന്റി ബാറ്റർ സൂര്യകുമാർ യാദവും മലയാളി താരം സഞ്ജു സാംസനും അരങ്ങേറ്റ മത്സരം കളിക്കുന്ന ഗില്ലും നിരാശപ്പെടുത്തി.
13 റൺസ് വേണ്ടിയിരിക്കെ നിർണായകമായ അവസാന ഓവർ എറിയാൻ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ പന്ത് ഏൽപ്പിച്ചത് സ്‌പിന്നറായ അക്ഷർ പട്ടേലിനെ ആയിരുന്നു. ആദ്യ പന്തിൽ വൈഡ്. അതോടെ 6 പന്തിൽ 12 റൺസ് ആയി വിജയലക്ഷ്യം. പിന്നെ കസുൻ രജിത സിംഗിൾ എടുത്ത് സ്ട്രക്ക് ചമിക കരുണരത്‌നേക്ക് കൈമാറി. രണ്ടാം പന്ത് ഡോട്ട് ബോൾ ആയെങ്കിലും മൂന്നാം പന്തിൽ അദ്ദേഹം മികച്ചൊരു സിക്സ് നേടിയതോടെ ഇന്ത്യൻ ആരാധകരുടെ ആരവങ്ങൾ നിലച്ചു. നാലാം പന്തിൽ വീണ്ടുമൊരു ഡോട്ട് ബോൾ. തുടർന്ന് അഞ്ചാം പന്തിൽ ഡബിളെടുക്കാൻ ശ്രമിച്ചപ്പോൾ രജിത റൺഔട്ട് ആയി. എങ്കിലും ഒരു പന്തിൽ 4 റൺസ് എന്നിരിക്കെ സ്ട്രൈക്കിൽ കരുണരത്‌നെ തന്നെ വന്നതോടെ ഇന്ത്യ ഭയന്നുവെങ്കിലും അവസാന പന്തിൽ സിംഗിൾ മാത്രമേ അദ്ദേഹത്തിന് നേടാൻ കഴിഞ്ഞുള്ളൂ. ഡബിൾ എടുക്കാൻ ഓടിയ ദിൽഷൻ മധുഷങ്ക റൺഔട്ട് ആകുകയും ചെയ്തു. അതോടെ ഇന്ത്യക്ക് രണ്ട് റൺസിന്റെ ആവേശവിജയം.
ലാസ്റ്റ് ഓവർ ഫുൾ വീഡിയോ: