Categories
Cricket Latest News

പോയിട്ട് എന്തോ അത്യാവശ്യം ഉണ്ടെന്ന് തോന്നുന്നു !കളി തീരുന്നതിനു മുന്നേ താരങ്ങൾക്ക് കൈ കൊടുത്തു ഹർധിക് പാണ്ഡ്യ ; വീഡിയോ കാണാം

ഇന്നലെ ഛത്തീസ്ഗഡ് റായ്‌പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് ഒരു മത്സരം ബാക്കിനിൽക്കെ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. നേരത്തെ ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ 12 റൺസിന്റെ വിജയം നേടിയിരുന്നു. ആദ്യ മത്സരം കളിച്ച അതേ ടീമിനെ ഇന്ത്യ ഇന്നലെയും നിലനിർത്തി. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച ഇൻഡോറിൽ നടക്കും.

ഇന്നലെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് ടീമിന് വെറും 15 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. പൊരുതിനിന്ന വാലറ്റം സ്കോർ 100 കടത്തുകയായിരുന്നു. ഗ്ലെൻ ഫിലിപ്സ് (36), മിച്ചൽ സന്റ്നേർ (27), മൈക്കൽ ബ്രൈസ്‌വെൽ (22) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. 34.3 ഓവറിൽ 108 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞ എല്ലാ താരങ്ങളും വിക്കറ്റ് നേടി. മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിങ്ടൺ സുന്ദറും ഹർദിക്‌ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഷമിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അതിവേഗം ബാറ്റ് വീശി. നായകൻ രോഹിത് ശർമ 7 ഫോറും 2 സിക്സും ഉൾപ്പെടെ 50 പന്തിൽ 51 റൺസ് എടുത്തു. അദ്ദേഹം ഹെൻറി ഷിപ്ലിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു. പിന്നീട് വന്ന വിരാട് കോഹ്‌ലി രണ്ട് ബൗണ്ടറി നേടി നന്നായി തുടങ്ങിയെങ്കിലും അനാവശ്യ തിടുക്കം കാട്ടി സ്പിന്നർ മിച്ചൽ സന്റ്‌നെറെ സ്റ്റെപ് ഔട്ട് ചെയ്ത് കളിക്കാൻ ശ്രമിച്ചപ്പോൾ കീപ്പർ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. കഴിഞ്ഞ മത്സരത്തിൽ ഇരട്ടസെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മൻ ഗിൽ 40 റൺസോടെയും ഇഷാൻ കിഷൻ 8 റൺസോടെയും പുറത്താകാതെ നിന്നു. വെറും 20.1 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.

ഇന്നലെ ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുന്നതിന് മുന്നേതന്നെ വൈസ് ക്യാപ്റ്റൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, എഴുന്നേറ്റ് ടീമംഗങ്ങൾക്ക് കൈകൊടുക്കുന്ന വീഡിയോ ശ്രദ്ധേയമായിരുന്നു. മൈക്കൽ ബ്രൈസ്വെൽ എറിഞ്ഞ ഇരുപതാം ഓവറിന് ശേഷം ഇന്ത്യയുടെ സ്കോർ 2 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് ആയിരുന്നു. അപ്പോഴാണ് ഡഗ് ഔട്ടിൽ സഹതാരങ്ങൾക്കും പരിശീലകർക്കും കൈകൊടുത്തുകൊണ്ട് നടക്കുന്ന പാണ്ഡ്യയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്. ശേഷിക്കുന്ന 30 ഓവറിൽ വെറും 2 റൺസ് മാത്രം മതിയായിരുന്നു ഇന്ത്യക്ക് വിജയിക്കാൻ. മിച്ചൽ സന്റ്‌നർ എറിഞ്ഞ തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി ശുഭ്മൻ ഗിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *