Categories
Cricket Latest News

28 ബോളിൽ 50 റൺസ് ,തോൽവിയിലും തല ഉയർത്തി നിൽക്കുന്ന പ്രകടനം ,സുന്ദറിൻ്റെ ഒറ്റയാൾ പോരാട്ടം ;വീഡിയോ കാണാം

ട്വന്റി ട്വന്റി റാങ്കിംഗിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ടീം ഇന്ത്യയെ, ഇന്ത്യയുടെ മണ്ണിൽത്തന്നെ മുട്ടുകുത്തിച്ച് പരമ്പരയിലെ ആദ്യ മത്സരത്തിൽ കിവീസിന്‌ 21 റൺസ് വിജയം. ടോസ് ഒഴിച്ച് ബാക്കി എല്ലാത്തിലും ആധികാരികമായി മുന്നേറിയ അവർക്ക് സീനിയർ താരങ്ങളുടെ അഭാവത്തിൽ നേടിയ ഈ വിജയം അവിസ്മരണീയമായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടിവന്നപ്പോൾ രണ്ടാം ഇന്നിംഗ്സിൽ മഞ്ഞുവീഴ്ചയുടെ സാന്നിധ്യത്തിൽ ബോൾ ചെയ്യേണ്ടത് ഓർത്ത് നിരാശയിലായിരുന്നുവെങ്കിലും, ഇന്ത്യയേക്കാൾ മികച്ച ബോളിങ് പ്രകടനം അവർക്ക് കാഴ്ചവയ്ക്കാൻ കഴിഞ്ഞു.

ഓപ്പണർമാരായ ഡെവൺ കോൺവേ(52), ഫിൻ അലൻ(35), കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഓൾറൗണ്ടർ ഡാരിൽ മിച്ചൽ (59*) എന്നിവരുടെ മികവിൽ അവർ നിശ്ചിത 20 ഓവറിൽ 176/6 എന്ന ഭേദപ്പെട്ട സ്കോർ കണ്ടെത്തി. അർഷദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിൽ 27 റൺസ് പിറന്നിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 15 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായി. എങ്കിലും നായകൻ ഹാർദിക് പാണ്ഡ്യ(21), സൂര്യകുമാർ യാദവ്(47) എന്നിവർ നടത്തിയ രക്ഷാപ്രവർത്തനം 68 റൺസ് ഇന്ത്യൻ സ്കോർബോർഡിലേക്ക് കൂട്ടിച്ചേർത്തു.

ഇരുവരും പുറത്തായതോടെ 12.2 ഓവറിൽ 89/5 എന്ന നിലയിൽ വൻ പരാജയം മുന്നിൽക്കണ്ട ഇന്ത്യയെ നാണക്കേടിന്റെ പരകോടിയിൽ നിന്ന് രക്ഷിച്ചത് തന്റെ കരിയറിലെ കന്നി ട്വന്റി ട്വന്റി അർദ്ധസെഞ്ചുറി നേടിയ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന്റെ ഇന്നിങ്സ് ആയിരുന്നു. ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ സുന്ദർ 5 ഫോറും 3 സിക്‌സുമടക്കം 28 പന്തിൽ 50 റൺസ് എടുത്ത് അവസാന ഓവറിലെ അഞ്ചാം പന്തിൽ ആയിരുന്നു പുറത്തായത്. നേരത്തെ ബോളിംഗിലും 4 ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സുന്ദർ തന്നെയായിരുന്നു ഇന്ത്യൻ താരങ്ങളിൽ മികച്ചുനിന്നത്. അതിലൊന്ന് സ്വന്തം ബോളിങ്ങിൽ ഒരു കിടിലൻ ഡൈവിങ് നടത്തി കൈയിലൊതുക്കിയ റിട്ടേൺ ക്യാച്ചും.

സുന്ദറിൻ്റെ ഒട്ടയാൽ പോരാട്ടം വീഡിയോ കാണാം :

Leave a Reply

Your email address will not be published. Required fields are marked *