Categories
Cricket Latest News

63 ബോളിൽ 126 റൺസ് ,7 സിക്സ് 12 ഫോർ ! വിരോധികളുടെ അണ്ണാക്കിൽ അടിച്ച ഗില്ലിൻ്റെ വെടിക്കെട്ട് കാണാം

അഹമ്മദാബാദിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരത്തിൽ 168 റൺസിന്റെ കൂറ്റൻ വിജയം നേടിയ ടീം ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ റൺ അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത് എന്ന പ്രത്യേകത കൂടിയുണ്ട്. പരമ്പരയിലെ ആദ്യ മത്സരം തോറ്റ ശേഷം തിരിച്ചടിച്ച് നേടിയ പരമ്പരവിജയം ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. നിർണായക മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മൻ ഗില്ലാണ് ഇന്ത്യയുടെ വിജയശില്ലി.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എടുത്തപ്പോൾ മറുപടിയായി ന്യൂസിലാന്റിന്റെ ഇന്നിങ്സ് 12.1 ഓവറിൽ വെറും 66 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി ഗിൽ 126 റൺസോടെ പുറത്താകാതെ നിന്നു. രാഹുൽ ത്രിപാഠി 44(22), സൂര്യകുമാർ യാദവ് 24(13), നായകൻ ഹാർദിക് പാണ്ഡ്യ 30(17) എന്നിവരും മികച്ച സംഭാവന നൽകി. കിവീസ് നിരയിൽ ഓൾറൗണ്ടർ ദാരിൽ മിച്ചൽ 35(25), നായകൻ മിച്ചൽ സാന്റ്നർ 13(13) എന്നിവർ ഒഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. നായകൻ പാണ്ഡ്യ നാല് വിക്കറ്റുമായി മുന്നിൽ നിന്നും നയിച്ചപ്പോൾ പേസർമാരായ അർഷദീപ് സിംഗ്, ഉമ്രാൻ മാലിക്ക്, ശിവം മാവി എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്ത് മികച്ച പിന്തുണ നൽകി.

ആദ്യ മത്സരത്തിൽ 7, രണ്ടാം മത്സരത്തിൽ 11 എന്നിങ്ങനെ നേടിയതോടെ ടീമിലെ സ്ഥാനം സംശയത്തിലായിരുന്ന ഗിൽ, ഇന്ന് ഫോമിലേക്ക് മടങ്ങിയെത്തി വെടിക്കെട്ട് സെഞ്ചുറി നേടി, താൻ ഒരു ഓൾ ഫോർമാറ്റ് താരമാണെന്ന് തെളിയിക്കുകയാണ്. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ സഹ ഓപ്പണർ കിഷനേ നഷ്ടമായതോടെ ശ്രദ്ധയോടെ ബാറ്റ് വീശിയ അദ്ദേഹം, ഒരറ്റത്ത് വിക്കറ്റ് പോകാതെ കാത്തുകൊണ്ട് അപ്പുറത്ത് കളിക്കുന്നവർക്ക്‌ ആഞ്ഞടിക്കാനുള്ള ലൈസൻസ് നൽകി, പിന്നീട് സെറ്റായ ശേഷം കത്തിക്കയറുകയായിരുന്നു. ആദ്യ 50 റൺസ് എടുക്കാൻ 35 പന്ത് നേരിട്ട അദ്ദേഹത്തിന് അടുത്ത 50 തികയ്ക്കാൻ വേണ്ടിവന്നത് വെറും 19 പന്തുകൾ മാത്രം!

ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചുറി നേടിയിട്ടുള്ള ഈ 23 വയസുകാരൻ ട്വന്റി ട്വന്റി ക്രിക്കറ്റിലും സെഞ്ചുറി നേടിക്കൊണ്ട് ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി. കഴിഞ്ഞ വർഷം ദുബായിൽ അഫ്ഗാനിസ്ഥാനെതിരെ 122* റൺസ് എടുത്ത വിരാട് കോഹ്‌ലിയുടെ പേരിലുണ്ടായിരുന്ന ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന്റെ റെക്കോർഡ്, 126* റൺസെടുത്ത ഗിൽ സ്വന്തം പേരിലാക്കി. മത്സരത്തിൽ 12 ഫോറുകളും 7 സിക്‌സുകളും ഗിൽ പായിച്ചു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെയാണ്.

വീഡിയൊ :

Leave a Reply

Your email address will not be published. Required fields are marked *