Categories
Cricket Latest News Video

ബെയ്ൽസ് അല്ലേ ആ പോകുന്നത് ? 150 KPH വന്ന ബോളിൽ ബെയ്ൽസ് ചെന്ന് വീണത് ബൗണ്ടറി ലൈനിൻ്റെ അടുത്ത് : വീഡിയോ കാണാം

അഹമ്മദാബാദിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ അവസാനമത്സരത്തിൽ 168 റൺസിന് കിവീസിനെ തകർത്ത ടീം ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, സെഞ്ചുറി(126*) നേടി പുറത്താകാതെ നിന്ന ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ ഇന്നിംഗ്സിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റിന് 234 റൺസ് കണ്ടെത്തി. അവരുടെ മറുപടി 12.1 ഓവറിൽ വെറും 66 റൺസിൽ ഓൾഔട്ടായി അവസാനിക്കുകയായിരുന്നു. നായകൻ ഹാർദിക് പാണ്ഡ്യ 4 വിക്കറ്റ് വീഴ്ത്തി.

1 റൺ മാത്രം എടുത്ത ഓപ്പണർ ഇഷാൻ കിഷനെ മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് നഷ്ടമായെങ്കിലും, ശുഭ്മൻ ഗിൽ രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ച് സ്കോർ മുന്നോട്ട് നീക്കി. 22 പന്തിൽ നിന്നും 4 ഫോറും 3 സിക്സും ഉൾപ്പെടെ 44 റൺസ് നേടിയാണ് ത്രിപാഠി പുറത്തായത്. അതിനുശേഷം എത്തിയ സൂര്യകുമാർ യാദവ് 13 പന്തിൽ 24 റൺസോടെ മടങ്ങി. പിന്നീട് എത്തിയ നായകൻ ഹാർദ്ദിക് പാണ്ഡ്യയോടൊത്ത് സെഞ്ചുറി കൂട്ടുകെട്ടിലും ഗിൽ പങ്കാളിയായി. 17 പന്തിൽ 30 റൺസെടുത്ത പാണ്ഡ്യ അവസാന ഓവറിലെ ആദ്യ പന്തിലാണ് പുറത്തായത്. ദീപക് ഹൂഡ 2 റൺസോടെ പുറത്താകാതെ നിന്നു. 63 പന്തിൽ 12 ഫോറും 7 സിക്സും അടക്കമാണ്‌ ഗിൽ 126 റൺസ് നേടിയത്. ഇത് ഒരു ഇന്ത്യൻ താരത്തിന്റെ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്‌.

മത്സരത്തിൽ ന്യൂസിലൻഡ് ടീമിലെ വെടിക്കെട്ട് ബാറ്റർ മൈക്കൽ ബ്രൈസ്വെല്ലിനെ ക്ലീൻ ബോൾഡാക്കി പുറത്താക്കിയത് പേസർ ഉമ്രാൻ മാലിക്കായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച സ്പിന്നർ ചഹലിന് പകരം ടീമിൽ എത്തിയതായിരുന്നു ഉമ്രാൻ. ഈ വിക്കറ്റോടെയാണ് അഞ്ചോവറിനുള്ളിൽ അഞ്ച് വിക്കറ്റ് നഷ്ടമായ അവർ വൻ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. അഞ്ചാം ഓവറിന്റെ മൂന്നാം പന്തിൽ ഒരു ക്രോസ് ബാറ്റഡ് ഷോട്ട് കളിക്കാൻ ശ്രമിച്ച ബ്രൈസ്വെല്ലിന് പിഴച്ചപ്പോൾ പന്ത് മിഡിൽ സ്റ്റമ്പിന്റെ മുകൾഭാഗത്ത് പതിച്ചു.

അന്നേരം ബൈൽസ് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ പറന്ന്, മുപ്പതുവാര വൃത്തവും കടന്ന് തെറിച്ചുപോകുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ എറിഞ്ഞ പന്ത് അതിൽ ഏൽപ്പിച്ച ആഘാതം അത്ര വലുതായിരുന്നു. തന്റെ വേഗതകൊണ്ട് ഉമ്രാൻ എതിർ ടീമിലെ ബാറ്റർമാരെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തിൽ 2.1 ഓവറിൽ 9 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം തന്നെയാണ് ന്യൂസിലൻഡ് നിരയിലെ ടോപ് സ്കോറർ ഡാരിൽ മിച്ചലിനെ(35) പുറത്താക്കി ഇന്ത്യക്ക് വിജയം സമ്മാനിച്ചതും.

https://twitter.com/minibus2022/status/1620815590419234816?s=20&t=XOfKnrlXv8Rvu6-R81FNzQ

Leave a Reply

Your email address will not be published. Required fields are marked *