Categories
Uncategorized

ഇത് പഴയ രോഹിത് അല്ലേ? ലാബുഷാഗ്നെയുടെ വിക്കറ്റ് കിട്ടിയപ്പോൾ രോഹിത് ചെയ്തത് കണ്ടോ ? വീഡിയോ കാണാം

ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയെ 6 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഡൽഹിയിലെ അരുൺ ജയിറ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ആദ്യ ഇന്നിംഗ്സിൽ 263 റൺസ് നേടിയിരുന്നു. ഇന്ത്യയുടെ മറുപടി ആകട്ടെ 262 റൺസിൽ ഒതുങ്ങി. എന്നാൽ മൂന്നാം ദിനമായ ഇന്ന് രണ്ടാം ഇന്നിംഗ്സിൽ ഓസീസ് താരങ്ങൾ അശ്വിനും ജഡേജയ്ക്കും മുന്നിൽ ബാറ്റിംഗ് മറന്നപ്പോൾ 61/1 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ചശേഷം വെറും 113 റൺസിന് ഓൾഔട്ടായി. അശ്വിൻ മൂന്നും ജഡേജ ഏഴ് വിക്കറ്റും വീഴ്ത്തി.

115 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് പതിവുപോലെ ഓപ്പണർ രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. എങ്കിലും പൂജാര ഒരറ്റത്ത് ഉറച്ചുനിന്നപ്പോൾ നായകൻ രോഹിത് ശർമ ട്വന്റി ട്വന്റി ശൈലിയിൽ ബാറ്റ് വീശിയതോടെ ഇന്ത്യ നിമിഷനേരംകൊണ്ട് വിജയലക്ഷ്യം മറികടക്കും എന്ന് എല്ലാവരും കരുതി. 20 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 31 റൺസെടുത്ത രോഹിത് ഡബിളെടുക്കാനുള്ള ശ്രമത്തിൽ റൺഔട്ട് ആകുകയായിരുന്നു. തന്റെ ടെസ്റ്റ് കരിയറിൽ ആദ്യമായാണ് രോഹിത് റൺഔട്ടായി പുറത്താകുന്നത്. അതിനുശേഷം വന്ന വിരാട് കോഹ്‌ലി നന്നായി തുടങ്ങിയെങ്കിലും 31 പന്തിൽ 20 റൺസെടുത്ത് പുറത്തായി. തന്റെ ടെസ്റ്റ് കരിയറിൽ ആദ്യമായാണ് കോഹ്‌ലി വിക്കറ്റ് കീപ്പർ സ്റ്റമ്പ് ചെയ്ത് പുറത്താകുന്നത്.

അതിനുശേഷം എത്തിയ ശ്രേയസ് അയ്യർ 12 റൺസ് എടുത്ത് മടങ്ങി. എങ്കിലും പൂജാരയും വിക്കറ്റ് കീപ്പർ കെ എസ് ഭരത്തും ചേർന്ന് ചായക്ക് പിരിയുന്നതിനു മുന്നേതന്നേ ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. പൂജാര 74 പന്ത് നേരിട്ട് നാല് ബൗണ്ടറി അടക്കം 31 റൺസോടെയും ഭരത്ത് 22 പന്തിൽ 3 ഫോറും ഒരു സിക്‌സും അടക്കം 23 റൺസോടെയും പുറത്താകാതെ നിന്നു. ആദ്യ ഇന്നിംഗ്സിൽ മൂന്നും രണ്ടാം ഇന്നിംഗ്സിൽ ഏഴും അടക്കം 10 വിക്കറ്റും ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 66/4 എന്ന നിലയിൽ നിൽക്കെ കോഹ്‌ലിയുമൊത്ത് മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിച്ച് ടീമിനെ കരകയറ്റുകയും ചെയ്ത ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ടെസ്റ്റിലും അദ്ദേഹം തന്നെയായിരുന്നു മാൻ ഓഫ് ദ് മാച്ച്.

ഇന്ന് ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന്‌ ഇടയിൽ ഏറെക്കാലത്തിനു ശേഷം നായകൻ രോഹിത് ശർമയുടെ ഒരു വീറും വാശിയും നിറഞ്ഞ നിമിഷം അരങ്ങേറിയിരുന്നു. ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരവും ലോക ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ബാറ്ററുമായ മാർണസ് ലബുഷേയ്‌നിന്റെ വിക്കറ്റ് ജഡേജ നേടിയപ്പോൾ ആയിരുന്നു അത്. ഓസ്ട്രേലിയ 95/3 എന്ന നിലയിൽ നിൽക്കെയാണ് ജഡേജ അദ്ദേഹത്തെ ക്ലീൻ ബോൾഡ് ആക്കിയത്.

മുൻ നായകൻ വിരാട് കോഹ്‌ലിയുടെപോലെ ഗ്രൗണ്ടിൽ വളരെയധികം വൈകാരിക ആവേശപ്രകടനങ്ങൾ നടത്തുന്ന ഒരു താരമല്ല രോഹിത്. വളരെ കൂളായാണ് അദ്ദേഹത്തെ എപ്പോഴും കാണാൻ കഴിയുന്നത്. ഇന്ന് ആ സമയത്ത് വളരെ ആഹ്ലാദത്തോടെ വായുവിൽ മുഷ്ടി ചുരുട്ടിയാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഈ വിക്കറ്റ് ഓസീസ് ഇന്നിംഗ്സിൽ വഴിത്തിരിവായി. ഇവിടെനിന്നും 95/7 എന്ന നിലയിലേക്ക് കൂപ്പൂകുത്തിയ അവർക്ക് പിന്നീട് കരകയറാൻ കഴിഞ്ഞില്ല.

വീഡിയോ :.

Leave a Reply

Your email address will not be published. Required fields are marked *